Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേനൽമഴ ചതിച്ചില്ല, കാലവർഷമോ? ഇടവപ്പാതി ജൂൺ ഒന്നിന് തന്നെ എത്തും; എൽ നിനോ പ്രതിഭാസം മഴയെ സ്വാധീനിച്ചാൽ കർഷകർ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്

വേനൽമഴ ചതിച്ചില്ല, കാലവർഷമോ? ഇടവപ്പാതി ജൂൺ ഒന്നിന് തന്നെ എത്തും; എൽ നിനോ പ്രതിഭാസം മഴയെ സ്വാധീനിച്ചാൽ കർഷകർ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. നാളെ രാവിലെവരെ ഏഴ് സെന്റിമീറ്ററിലേറെയുള്ള ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിച്ചു. കന്യാകുമാരി തീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് വേനൽ മഴ ശക്തിപ്പെടുത്തിയത്. അന്തരീക്ഷച്ചുഴി ശക്തമായ കാറ്റിനും കാരണമാകാറുണ്ട്. സംസ്ഥാനത്ത് ഇതുവരെ 62 ശതമാനം വേനൽമഴ കൂടുതൽ കിട്ടി. കാസർകോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നല്ല മഴയാണ് പെയ്തത് . കേരളത്തിൽ ഇത്തവണ കാലവർഷം (ഇടവപ്പാതി ) ജൂൺ ഒന്നിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ. കഴിഞ്ഞകൊല്ലം, ജൂൺ രണ്ടാം ആഴ്ചയിലാണ് മഴ എത്തിയത്.

2014ൽ നാല് ശതമാനം അധികം മഴ കിട്ടിയ കേരളത്തിൽ വേനൽമഴയും ഇതുവരെ 53 ശതമാനം അധികം പെയ്തു കഴിഞ്ഞു. ശ്രീലങ്കൻ തീരത്തെ അന്തരീക്ഷച്ചുഴി കാരണം വരുന്ന ദിവസങ്ങളിൽ മഴ ശക്തിപ്പെടും. 2014ൽ ഇന്ത്യയാകെ 12 ശതമാനം മഴകുറഞ്ഞപ്പോഴാണ് കേരളത്തിൽ നാല് ശതമാനം അധികം കിട്ടിയത്. 2013ലും കേരളത്തിൽ 12 ശതമാനം അധികം മഴപെയ്തു. 2012ൽ 25 ശതമാനത്തിന്റെ കുറവിന് ശേഷം തുടർച്ചയായി രണ്ടുവർഷം അധികം മഴകിട്ടിയത് സംസ്ഥാനത്തെ കാർഷിക, വൈദ്യുതിരംഗത്തിന് ആശ്വാസമായിട്ടുണ്ട്. ഈവർഷം കാലവർഷത്തിൽ 93 ശതമാനം പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ജൂണിൽത്തുടങ്ങുന്ന എടവപ്പാതിയിൽ 204 സെന്റിമീറ്റർ മഴകിട്ടേണ്ട സ്ഥാനത്ത് 216 സെന്റിമീറ്ററാണ് കഴിഞ്ഞവർഷം കേരളത്തിൽ പെയ്തത്. ആറ് ശതമാനം അധികമായിരുന്നു ഇത്. ഒക്ടോബറിൽ തുടങ്ങുന്ന തുലാവർഷത്തിൽ നാല് ശതമാനവും അധികം കിട്ടി. മാർച്ച് മുതൽ മെയ് 11 വരെ കേരളത്തിൽ കിട്ടേണ്ടത് 20 സെന്റിമീറ്ററാണ്. എന്നാൽ 30 സെന്റിമീറ്ററിലധികം ഇക്കാലത്ത് കിട്ടി. ശ്രീലങ്കൻ തീരത്തെ അന്തരീക്ഷച്ചുഴിയുടെ സ്വാധീനംകൊണ്ട് കേരളത്തിൽ രണ്ടുദിവസം സാമാന്യം ശക്തമായ മഴ ലഭിക്കും. ഈ അന്തരീക്ഷച്ചുഴി ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്നതിനാൽ രണ്ടുദിവസം കഴിയുമ്പോൾ ശക്തി കുറയും. മെയ് 15ന് ശേഷം വീണ്ടും മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കേരളത്തിൽ വേനൽമഴ 14 വരെ തുടരും. ഇന്നലെ മിക്ക ജില്ലകളിലും ശരാശരി മൂന്നു സെന്റീമീറ്റർ മഴലഭിച്ചു. അടുത്തദിവസങ്ങളിൽ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. എന്നാൽ രാജ്യത്ത് ജൂൺ ഒന്നിനുതന്നെ കാലവർഷം എത്തുമെങ്കിലും എൽ നിനോ പ്രതിഭാസം മൂലം മഴ ഏഴുശതമാനംവരെ കുറവായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്നിനുതന്നെ കാലവർഷം എത്തുമെന്നാണു പ്രവചനമെങ്കിലും രണ്ടുമൂന്നു ദിവസത്തെ വ്യതിയാനത്തിനും സാധ്യതയുണ്ട്. ഉഷ്ണജലപ്രവാഹം മൂലം പസഫിക് സമുദ്രത്തിലെ താപനില അസാമാന്യമായി ഉയരുന്നതാണ് എൽ നിനോ പ്രതിഭാസം. ഇതുവന്നാൽ ഇന്ത്യയിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറയാൻ സാധ്യതയേറെയാണ്.

രാജ്യത്ത് സാധാരണ ലഭിക്കുന്ന മഴയുടെ 93 ശതമാനം മാത്രമാകും ഇത്തവണ ലഭിക്കുക. 88 മുതൽ 98 സെന്റി മീറ്റർ വരെ മഴയെ ഇത്തവണ ലഭിക്കൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയാവും മഴക്കുറവ് ഏറ്റവും അധികം ബാധിക്കുക. മഴക്കുറവ് കൃഷിക്കാരെ പ്രതിസന്ധിയിലാക്കാതിരിക്കാൻ രാജ്യത്തെ 580 ജില്ലകളിൽ വിള ഇൻഷുറൻസ് പദ്ധതി ഊർജിതമാക്കുകയാണു കേന്ദ്രസർക്കാർ. ഇന്ത്യയിൽ കഴിഞ്ഞവർഷം 12 ശതമാനം കുറവു മഴയാണു ലഭിച്ചത്. ഇതുമൂലം ധാന്യ, പരുത്തി, എണ്ണക്കുരു ഉൽപാദനത്തിൽ കുറവുണ്ടായി. ഈ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കാലംതെറ്റിയുള്ള മഴയും കർഷകരെ വലച്ചു. വൻ കൃഷിനാശത്തിനും കർഷക ആത്മഹത്യകൾക്കും ഇതു കാരണമായി.

എൽനിനോ പ്രതിഭാസമാണു കാരണം കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ലഭ്യത കുറയും. കാലവർഷമെത്താൻ ഒന്നോ രണ്ടോ ദിവസം വൈകിയാൽ മഴ ലഭ്യതയിൽ 20 ശതമാനത്തിലധികം കുറവുണ്ടാകും. കാലവർഷത്തെ ആശ്രയിക്കുന്ന നെല്ല്, ഖാരിഫ് വിളകൾ എന്നിവയെ മഴയുടെ കുറവ് കാര്യമായി ബാധിക്കും. 2014ൽ സമാന സാഹചര്യമുണ്ടായിരുന്നു. അന്നു കാലവർഷത്തിന്റെ തുടക്കത്തിൽ കാര്യമായ കുറവാണുണ്ടായത്. ജൂണിൽ തുടങ്ങിയ കാലവർഷം ഒന്നര മാസം പിന്നിട്ടപ്പോൾ ലഭ്യതയിൽ 31% കുറവുണ്ടായി.

കാർഷിക മേഖലയ്ക്കു കുടിവെള്ള വിതരണ മേഖലയിലും വൈദ്യുതി ഉത്പാദന മേഖലയിലും കടുത്ത പ്രതിസന്ധിയുണ്ടാകും. വേനൽ ശക്തമായതിനെത്തുടർന്നു പ്രതിസന്ധിയിലായിരുന്നു ഈ മേഖലകൾ. വൈദ്യുതി ഉത്പാദനത്തിനു കരുതൽ ജല ശേഖരമുണ്ടെങ്കിലും മെയ്‌ അവസാനത്തോടെ ഇതും ഉപയോഗിക്കേണ്ടി വരും. പിന്നീടുള്ള ദിവസങ്ങളിൽ കാലവർഷത്തെയാണ് ആശ്രയിക്കുക. മഴയുടെ ലഭ്യതയിൽ കുറവുണ്ടായാൽ വൈദ്യുതി ഉത്പാദനം കുറയ്‌ക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP