Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊമ്പ് മാറ്റാതെ ശ്രീവാസ്തവ; മോദിയും പിണറായിയും ഉപേക്ഷിച്ച ബീക്കൺ ലൈറ്റിനോട് ഭ്രമം തീരാതെ മുൻ ഡിജിപി; മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നീല ലൈറ്റുള്ള കാറിലെ ചുറ്റിക്കറക്കം വിവാദത്തിൽ; കെഎൽ 01 എയു 5566 ഇന്നോവ കാറിലെ നിയമ ലംഘനം ആരു തടയും?

കൊമ്പ് മാറ്റാതെ ശ്രീവാസ്തവ; മോദിയും പിണറായിയും ഉപേക്ഷിച്ച ബീക്കൺ ലൈറ്റിനോട് ഭ്രമം തീരാതെ മുൻ ഡിജിപി; മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നീല ലൈറ്റുള്ള കാറിലെ ചുറ്റിക്കറക്കം വിവാദത്തിൽ; കെഎൽ 01 എയു 5566 ഇന്നോവ കാറിലെ നിയമ ലംഘനം ആരു തടയും?

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമെല്ലാം കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ തുടർന്ന് ബീക്കൺ ലൈറ്റ് വേണ്ടെന്നു വെച്ചു. എന്നാൽ പൊലീസ് ഉപദേഷ്ടാവ് ഇപ്പോഴും ചീറിപ്പായുന്നത് നീല ബീക്കൺ ലൈറ്റിട്ടു തന്നെ. കെഎൽ 01 എയു 5566 ഇന്നോവ കാറിലാണ് ബീക്കൺ പതിപ്പിച്ച് രമൺ ശ്രീവാസ്തവ കറങ്ങുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ്, ഫയർഫോഴ്സ്, ക്രമസമാധാന ചുമതലയുള്ള പൊലീസ് മാത്രമാണ് നിലവിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനം ഓടിക്കാൻ അനുവാദം ഉള്ളു. ഇതിനിടെയാണ് ഉപദേഷ്ടാവിന്റെ കറക്കം. നേരത്തെ പൊലീസുമായി ശ്രീവസ്തവയ്ക്ക് ബന്ധമില്ലെന്ന് ഡിജിപി സെൻകുമാർ വ്യക്തമാക്കിയിരുന്നു. ശ്രീവസ്താവ പൊലീസിന്റെ ഉപദേഷ്ടാവ് അല്ല. മറിച്ച് മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു സെൻകുമാറിന്റെ വിശദീകരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വെറുമൊരു വിശ്വസ്തന് ബീക്കൺ ലൈറ്റ് വയ്ക്കാനുമാകില്ല. നിലവിലെ സാഹചര്യത്തിൽ ബീക്കൺ ലൈറ്റ് അഴിച്ചു വച്ച് മാത്രമേ ശ്രീവാസ്തവയ്ക്ക് സഞ്ചരിക്കാനാവൂ.

ബീക്കൺ ലൈറ്റ് ഒഴിവാക്കണമെന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നത് ഒരുമാസം മുമ്പാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ശ്രീവാസ്തവ യാത്രചെയ്യുമ്പോൾ ബീക്കൺ ലൈറ്റ് കാറിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത് ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പിന് നേരിട്ട് നടപടി സ്വീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെടുമ്പോൾ ഔദ്യോഗികമായി ഓഫീസും വാഹനവും വേണ്ടെന്നായിരുന്നു ശ്രീവാസ്തവ സർക്കാരിനെ അറിയിച്ചത്. സ്വന്തം വാഹനം ഉപയോഗിച്ചുകൊള്ളാമെന്നും അതിന് ഒരു ഡ്രൈവറെ മാത്രം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിൽ ക്രമസമാധാന ചുമതലയുള്ള പൊലീസിനും ആംബുലൻസിനും മാത്രമേ ട്രൈ കളർ (ത്രിവർണ-ചുവപ്പും നീലയും വെള്ളയും) ബീക്കൺ ലൈറ്റ് ഉപയോഗിക്കാവൂ. അതും ട്രാൻസ്പോർട്ട് കമ്മീഷണറുടെ അനുമതിയോടെ മാത്രം. മുമ്പ് ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ തീരുമാന പരിധിയിലായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനത്തിലൂടെ അതിന് മാറ്റം വരുത്തി. ഇപ്പോഴത്തെ നിയമമനുസരിച്ച് ട്രൈ കളർ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളിൽ സർക്കാർ മുദ്രയുള്ള പ്രത്യേക സ്റ്റിക്കർ പതിക്കണം. കേരള സർക്കാരിന്റെ വാഹനങ്ങളിൽ പതിക്കാനുള്ള സ്റ്റിക്കറിന്റെ മാതൃക സി-ഡിറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് അനുമതി നല്കണമോ എന്ന കാര്യം ഗതാഗതവകുപ്പ് പരിഗണിച്ചുവരികയാണ്.

പൊലീസ് ഇടപെടലുകൾ തുടർച്ചയായി സർക്കാരിന് തലവേദനയാകുന്ന സാഹചര്യത്തിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി നിയമിച്ചത്. ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം. 1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രമൺ ശ്രീവാസ്തവ സിഎസ്എഫ് ഡയറക്ടർ ജനറലായും കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം സ്പെഷ്യൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ സി.പി.എം വേട്ടയാടിയ രമൺ ശ്രീവാസ്തവയെ ഉമ്മൻ ചാണ്ടി സർക്കാർ ഡിജിപിയാക്കി. 2006ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ രമൺ ശ്രീവാസ്തവയെ തുടരാൻ അനുവദിച്ചിരുന്നു. പിണറായി സർക്കാർ പൊലീസ് ഉപദേഷ്ടാവുമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP