Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് ഫെസ്റ്റ് വിവാദത്തിൽ ദീപ നിശാന്തിനെ ക്രൂശിക്കരുതെന്നു ദേവസ്വം ബോർഡിനോടു രമേശ് ചെന്നിത്തല; വിവാദത്തിനു പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി

ബീഫ് ഫെസ്റ്റ് വിവാദത്തിൽ ദീപ നിശാന്തിനെ ക്രൂശിക്കരുതെന്നു ദേവസ്വം ബോർഡിനോടു രമേശ് ചെന്നിത്തല; വിവാദത്തിനു പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ബീഫ് ഫെസ്റ്റ് വിവാദവുമായി ബന്ധപ്പെട്ടു തൃശൂർ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ നടപടി എടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ധ്യാപികയ്‌ക്കെതിരെ നടപടി എടുക്കരുതെന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വിവാദങ്ങൾക്ക് പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യമാണ്. ക്രമസമാധനത്തിന് പ്രശ്‌നമുണ്ടായാൽ പൊലീസ് ഇടപെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടുവെന്ന കാരണത്താൽ അദ്ധ്യാപികയെ ക്രൂശിക്കുന്നത് ശരിയല്ല. അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോൾ പ്രിൻസിപ്പലിനോട് റിപ്പോർട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എംപി ഭാസ്‌കരൻ നായർ തന്നെ അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

യു.പിയിലെ ദാദ്രിയിൽ ഗോമാസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഗൃഹനാഥനെ തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് തൃശൂർ കേരളവർമ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ ബീഫ് ഫെസ്റ്റിവൽ നടത്തിയിരുന്നു. ഇതിനെ അനുകൂലിച്ചാണ് ദീപ നിശാന്ത് ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. തുടർന്നാണ് ദേവസ്വം ബോർഡ് അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങിയത്. വിവിധ കോണിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണു ടീച്ചർക്കെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്.

സമൂഹ മാദ്ധ്യമങ്ങളിൽ നടത്തുന്ന പ്രതികരണങ്ങൾ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ദീപ നിശാന്ത് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ് കോളജിനെതിരെ ആയിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് വിമർശിച്ചത്. തന്റെ നിലപാട് ചിലർ വളച്ചൊടിച്ചതിൽ ഖേദമുണ്ടെന്നും ദീപ നിശാന്ത് വ്യക്തമാക്കിയിരുന്നു.

തൃശ്ശൂർ കേരള വർമ്മ കോളേജിലെ ബീഫ് വിവാദം വിഷയത്തിൽ ദീപ ടീച്ചർക്കെതിരെ നടപടി എടുക്കരുതെന്ന് ഞാൻ കൊച്ചിൻ ദേവസ...

Posted by Ramesh Chennithala on Thursday, 8 October 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP