Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയെ കാണുമ്പോൾ പിണറായി വിജയൻ എല്ലാം മറക്കും! മുഖ്യമന്ത്രിക്ക് തിണ്ണമിടുക്ക് മാത്രമെയുള്ളു; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല; മോദിയോട് ഒന്നും ചോദിച്ച് വാങ്ങാൻ പിണറായിക്ക് തന്റേടവുമില്ല; നാലര വർഷം ആയിട്ടും കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും ചെന്നിത്തല

മോദിയെ കാണുമ്പോൾ പിണറായി വിജയൻ എല്ലാം മറക്കും! മുഖ്യമന്ത്രിക്ക് തിണ്ണമിടുക്ക് മാത്രമെയുള്ളു; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല; മോദിയോട് ഒന്നും ചോദിച്ച് വാങ്ങാൻ പിണറായിക്ക് തന്റേടവുമില്ല; നാലര വർഷം ആയിട്ടും കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തോട് തന്റേടത്തോടെ ചോദിച്ച് വാങ്ങാൻ കഴിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് തിണ്ണമിടുക്ക് മാത്രമേയുള്ളൂ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. കേന്ദ്രം തരുന്നുമില്ല, കേരളം ചോദിക്കുന്നുമില്ല - കേന്ദ്ര അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു.

നാലര വർഷത്തിനിടയിൽ കേന്ദ്രം അനുവദിച്ചുതന്ന ഏതെങ്കിലും പദ്ധതിയുടെ പേര് പറയാൻ ബിജെപിക്കോ സംസ്ഥാനസർക്കാരിനോ സാധിക്കില്ല. സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നത് പോലെയാണ് പ്രധാനമന്ത്രി മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് ഭരണകാലത്ത് രണ്ടാം യു.പി.എ അനുവദിച്ച് തന്ന പദ്ധതികളേ ഇപ്പോഴുള്ളൂ. റബ്ബറിനെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. യു.ഡി.എഫ് നടപ്പാക്കിയ വിലസ്ഥിരതാ പാക്കേജനുസരിച്ചുള്ള തുക ഇടതുസർക്കാർ കുടിശ്ശികയാക്കി.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തറക്കല്ലിട്ട കഞ്ചിക്കോട്ടെ റെയിൽ കോച്ച് ഫാക്ടറി ബിജെപി തരുന്നില്ല. റേഷൻസംവിധാനം തകരാറിലായിട്ടും ചോദിച്ചുവാങ്ങാൻ മന്ത്രിയോ മുഖ്യമന്ത്രിയോ ഇവിടെയില്ല. കാത്തിരിപ്പിനൊടുവിൽ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ സർവകക്ഷി സംഘത്തിന് അനുമതി ലഭിച്ചുവെങ്കിലും വലിയ പ്രതീക്ഷയില്ല. പറയാനുള്ളത് പറഞ്ഞിട്ട് വരാമെന്ന് മാത്രമേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

മുൻകാലങ്ങളിൽ ഭരണത്തിലെത്തുേമ്പാൾ കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരം നടത്തിയിരുന്ന ഇടതു മുന്നണി ഇത്തവണ ഇതുവരെ അങ്ങനെയൊരു പ്രക്ഷോഭം നടത്താത്തത് എന്തുകൊണ്ടാണെന്ന് അദ്ധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ചോദിച്ചു. കേന്ദ്ര വിരുദ്ധ സമരത്തിന് പകരം മോദി സ്തുതി പാടുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ചേട്ടൻ ബാവയും അനിയൻ ബാവയുമാണ് ഡൽഹിയിലും കേരളത്തിലും അധികാരത്തിലെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. മദയാനയെ പോലെ തലയുയർത്തി നടക്കുന്ന മോദിയുടെ ഭരണം പൂജ്യമാണെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ കെ.എം.മാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP