Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൊഴിലാളി പ്രശ്‌നത്തിൽ ഏഴുമാസം മുമ്പു പൂട്ടിപ്പോയ തൊടുപുഴ ഭീമ വീണ്ടും തുറക്കുന്നു; അന്നു വഴിയാധാരമായ ജീവനക്കാർക്ക് ഇപ്പോഴും നീതിയില്ല; ശമ്പളവർധനയ്ക്കു സമരം ചെയ്ത തൊഴിലാളികൾ പെരുവഴിയിൽത്തന്നെ

തൊഴിലാളി പ്രശ്‌നത്തിൽ ഏഴുമാസം മുമ്പു പൂട്ടിപ്പോയ തൊടുപുഴ ഭീമ വീണ്ടും തുറക്കുന്നു; അന്നു വഴിയാധാരമായ ജീവനക്കാർക്ക് ഇപ്പോഴും നീതിയില്ല; ശമ്പളവർധനയ്ക്കു സമരം ചെയ്ത തൊഴിലാളികൾ പെരുവഴിയിൽത്തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊഴിലാളികളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ തൊടുപുഴ ഭീമ ജൂവലറി വീണ്ടും തുറക്കുന്നു. കേരളത്തിലെ സ്വർണവ്യാപാരത്തിൽ മുൻപന്തിയിലുള്ള ഭീമ ജൂവലറിയുടെ തൊടുപുഴയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശാഖ കഴിഞ്ഞ ഡിസംബർ മാസത്തിലാണു തൊഴിലാളി പ്രശ്‌നത്തെ തുടർന്നു പൂട്ടിയത്. ഇതുമായി ബന്ധപ്പെട്ടു മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജൂവലറി ഉടമ ബിന്ദു മാധവും തൊടുപുഴ ഭീമയിൽ ജീവനക്കാരുമായുള്ള വേതനവർധനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്ഥാപനം ഏഴുമാസം മുൻപ് പൂട്ടിപ്പോയത്.

ലാഭം ഇല്ലാത്തതുകൊണ്ട് സ്ഥാപനം പൂട്ടിപ്പോകുകയാണെന്ന് കാണിച്ചു തൊടുപുഴയിലെ ജില്ലാ ലേബർ ഓഫീസർക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടു ഭീമ ഗ്രൂപ്പ് മേധാവി അന്ന് കത്തു നൽകിയിരുന്നു. അന്ന് ഭീമ പ്രവർത്തിച്ചിരുന്ന അതെ ബിൽഡിങ്ങിൽ തന്നെ 29നു വീണ്ടും തുറന്നു പ്രവർത്തിക്കും. തൊടുപുഴയിലെ ഭീമയിൽ അന്ന് ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് എറണാകുളം ശാഖയിലും മറ്റുമുള്ള ജീവനക്കാർക്കു കൊടുക്കുന്ന ശമ്പളം കിട്ടുന്നില്ല എന്നാരോപിച്ചാണ് ബിഎംഎസ് യൂണിയനുമായി ചേർന്നു ജീവനക്കാർ അന്ന് സമരം നടത്തിയത്.

ഭീമയുടെ മറ്റു ഷോറുമുകളിൽ 25,000 മുതൽ 30,000 വരെ പ്രതിമാസ വേതനം ലഭിക്കുമ്പോൾ തൊടുപുഴയിൽ ഇത് 10,000 മുതൽ 12,000 വരെയാണ് എന്നാണ് ജീവനക്കാരുടെ അന്നത്തെ ആരോപണം. എന്നാൽ 1200 മുതൽ 2700 വരെ കൂടി വേതനവർധന നൽകാമെന്ന് മാനേജുമെന്റ് അറിയിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. അവസാനം തൊഴിലാളി പ്രശ്‌നം മൂലം ഉടമ ബിന്ദു മാധവ് സ്ഥാപനം പൂട്ടി.

യൂണിയൻ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളപ്രശ്നത്തിൽ ഇടപെട്ടത് അന്ന് മാനേജ്മെന്റിന്റെ ചൊടിപ്പിച്ചത് എന്ന ആരോപണം സ്ഥാപനം പൂട്ടിയ സമയത്തു ശക്തമായിരുന്നു. അന്ന് സ്ഥാപനത്തിനെതിരെ ബിഎംഎസുമായി ചേർന്ന് സമരവുമായി ഇറങ്ങിയ അറുപതോളം ജീവനക്കാരിൽ ആറു പേർ ഒഴിച്ച് ബാക്കി ഉള്ളവർ സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോകുകയും യൂണിയൻ വിട്ടു മറ്റു ജോലികൾ തേടിപ്പോകുകയും ചെയ്തു. എന്നാൽ യൂണിയനിൽ നിന്ന 6 പേർ പിരിഞ്ഞു പോകാൻ തയാറായില്ല എന്നാണ് ബിഎംഎസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇവരെ ബിഎംഎസ് തന്നെ ഇടപെട്ടു തൊടുപുഴ ശാഖാ അല്ലാത്ത വേറെ ഭീമ ജൂവലറി ശാഖകളിൽ ജോലി കൊടുക്കാം എന്ന് മാനേജ്മെന്റ് സമ്മതിച്ചു എന്നാണ് അറിവ്. ലാഭകരമല്ലാത്തതിനാൽ സ്ഥാപനം പൂട്ടുന്നു എന്നും എന്നാൽ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യവും ഇവടെ തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് കൊടുക്കാൻ സ്ഥാപനം തയ്യാറാണെന്നും സ്ഥാപനം പൂട്ടുന്ന സമയത്ത് ഉടമ പറഞ്ഞിരുന്നു. ഈ തുക അന്ന് ജോലി ചെയ്തിരുന്ന ജീവനക്കാർക്കു കിട്ടി എന്നാണറിവ്. അന്ന് പ്രശങ്ങൾ ഉണ്ടാക്കിയ എല്ല വാതിലുകളും അടച്ചാണ് ഭീമ വീണ്ടും തൊടുപുഴയിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ പോകുന്നത്.

ബിന്ദു മാധവ് മാനേജിങ് ഡയറക്ടറായ കേരളത്തിലെ ആറു ഭീമ ജൂവലറികളിലെ ഒന്നായിരുന്നു തൊടുപുഴയിലേത്. കൂടാതെ കേരളത്തിന് പുറത്തും ഭീമക്കു രണ്ട് സ്ഥാപനങ്ങൾ കൂടിയുണ്ട്. ഭീമയുടെ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വേതനത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നതാണ് നാല് വർഷം മുമ്പ് ആരംഭിച്ച തൊടുപുഴ ശാഖയിലെ ജീവനക്കാരുടെ അന്നത്തെ ആവശ്യം. അങ്ങനെയാണ് കഴിഞ്ഞ വർഷം അവസാനത്തോടെ ഇവർ സമരവുമായി മുന്നോട്ടു പോയപ്പോഴാണ് ഉടമ ബിന്ദു മാധവ് സ്ഥാപനം പൂട്ടാൻ തിരുമാനിച്ചത്. തൊടുപുഴയിലെ ഭീമ ജൂവലറി അടച്ചതോടെ ഇവിടെ ഗോൾഡ് ട്രീ പദ്ധതിയിൽ പണം നിക്ഷേപിച്ചിട്ടുള്ളവരും ആശങ്കയിലായിരുന്നു അതുകൊണ്ടു തന്നെയാണ് പ്രശനങ്ങൾ പരിഹരിച്ചു മലയോര നഗരമായ തൊടുപുഴയിൽ വീണ്ടും ഭീമ എത്തുന്നത് എന്നറിയുന്നു.

ശമ്പള വർദ്ധനയുമായി ബന്ധപ്പെട്ട് 2015 ഡിസംബർ രണ്ടിനാണ് തൊടുപുഴ ശാഖയിലെ ജീവനക്കാർ പ്രത്യക്ഷ സമരം ആരംഭിച്ചത്. അന്നു ജോലിക്കായി സ്ഥാപനത്തിലെത്തിയ ജീവനക്കാർ ആഭരണങ്ങൾ സ്റ്റോർ റൂമിൽ നിന്നെടുത്തു പ്രദർശിപ്പിക്കാൻ തയ്യാറായില്ല. തുടർന്ന് സ്ഥാപനം ഷട്ടറിട്ട് സ്റ്റോക്ക് എടുപ്പായതിനാൽ കടമുടക്കം എന്ന ബോർഡ് വച്ചു. രാത്രി ഏഴു മണിയായിട്ടും ജീവനക്കാർ പുറത്തിറങ്ങിയില്ല. ഇതേത്തുടർന്ന് സ്ഥാപന അധികൃതർ പൊലീസ് സഹായം തേടി. എട്ടര മണിക്ക് മുമ്പ് പുറത്തിറങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. ഇവരുടെ സമരത്തിൽ പിന്നീട് തുടർന്നു തൊടുപുഴ ബിഎംഎസ് ഇടപെട്ടു. ചർച്ച നടത്താമെന്നു മാനേജുമെന്റ് ഉറപ്പു നൽകിയതോടെയാണ് ജീവനക്കാർ സൂചനാസമരം അവസാനിപ്പിച്ചത്. ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വർഗീസ് ചൊവ്വാഴ്ച എറണാകുളത്ത് വച്ച് മാനേജുമെന്റുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഒരു രാത്രി അടച്ച സ്ഥാപനം പിന്നീട് തുറന്നില്ല. ആദ്യം സമരം നടത്തി സ്ഥാപനത്തിൽ നിന്നും കൂടുതൽ ശമ്പളം കിട്ടുമെന്ന് ആഗ്രഹിച്ചു സമരം ചെയ്ത് അവസാനം വേറെ ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്ന പഴയ ജീവനക്കാരാണ് ഇപ്പോൾ വഴിയാധാരമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP