Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓടുന്ന കാറിൽ പീഡനശ്രമം; കാറിൽ നിന്ന് സ്ത്രീയുടെ കരച്ചിലും അലർച്ചയും; ഒടുവിൽ സഹികെട്ട നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ അറിയാതെ പറഞ്ഞുപോയി തോമസ്‌കുട്ടി വിട്ടോടാ..തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ നിന്ന് ഇൻഹരിഹർ നഗറിനെ വെല്ലുന്ന സംഭവകഥ

ഓടുന്ന കാറിൽ പീഡനശ്രമം; കാറിൽ നിന്ന് സ്ത്രീയുടെ കരച്ചിലും അലർച്ചയും; ഒടുവിൽ സഹികെട്ട നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ അറിയാതെ പറഞ്ഞുപോയി തോമസ്‌കുട്ടി വിട്ടോടാ..തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ നിന്ന് ഇൻഹരിഹർ നഗറിനെ വെല്ലുന്ന സംഭവകഥ

മറുനാടൻ ബ്യൂറോ

സിനിമ കണ്ട് പടിയിറങ്ങുമ്പോൾ ഒന്നും സമ്മതിച്ചുകൊടുക്കാത്ത മലയാളി സ്ഥിരം പറയുന്ന ഡയലോഗാണ്: അതൊക്കെ സിനിമയിലല്ലേ സംഭവിക്കുകയുള്ളു.സത്യം കെട്ടുകഥയേക്കാൾ വിചിത്രമാണെന്ന യാഥാർഥ്യം ചിലപ്പോൾ ചിലരെ പൊള്ളിക്കാറുണ്ട്. തൊഴിലില്ലാതെ, വായ്‌നോക്കി നടക്കുന്ന ചെറുപ്പക്കാരുടെ മനസ്സറിഞ്ഞ് സിദ്ദിഖ്-ലാൽ സിനിമയായ ഇൻ ഹരിഹർ നഗറിൽ മുകേഷ് അവതരിപ്പിക്കുന്ന മഹാദേവൻ എന്ന കഥാപാത്രം അടിച്ചുവിടുന്ന ഡയലോഗാണ് തോമസ് കുട്ടി വിട്ടോടായെന്ന്. പ്രശ്‌നങ്ങൾ വരുമ്പോൾ അതിൽ നിന്ന്ുള്ള എളുപ്പവഴിയായി മഹാദേവൻ കൂട്ടുകാരെ ഉദ്‌ബോധിപ്പിക്കുന്ന ഡയലോഗ്. ഒരു കാലത്ത് തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ചെറുപ്പക്കാർ ഏറ്റുവാങ്ങിയ ഡയലോഗ്.

ഇൻ ഹരിഹർ നഗറിലെ പ്രസിദ്ധമായ ഒരു രംഗമുണ്ട്.പണിയില്ലാത്ത മഹാദേവനും, തോമസ്‌കുട്ടിയും, അപ്പുക്കുട്ടനും, ഗോവിന്ദൻ കുട്ടിയും പണിയൊന്നുമില്ലാതെ അലഞ്ഞുനടക്കുമ്പോൾ തങ്ങളെ കടന്നുപോകുന്ന ഒരു കാർ കാണുന്നു. കാറിൽ നിന്ന് ഒരുസ്ത്രീ അലമുറയിടുന്ന ശബ്ദം ദയനീയമായി കേൾക്കാം. സംഗതി പീഡനമാണെന്ന് വിധിയെഴുതിയ നാൽവർസംഘം കാറിന് പിന്നാലെ കുതിച്ച് തടഞ്ഞ് നിർത്തുമ്പോഴാണ് പണി പാളിയെന്ന് മനസ്സിലാകുന്നത്. ഉടൻ മഹാദേവൻ വിളിച്ചുകൂവി ..തോമസ്‌കുട്ടി വിട്ടോടാ. കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ഗർഭിണിയായിരുന്നു. ഇതു പോലെ വാദി പ്രതിയായ സംഭവം കഴിഞ്ഞ ദിവസം തൊടുപുഴയിലുണ്ടായി.

സംഭവമിങ്ങനെയായിരുന്നു. ഉച്ചയ്ക്ക് തൊടുപുഴ അശോക ജംഗ്്ഷനിലാണ് സംഭവമുണ്ടായത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിലും അലർച്ചയും കേട്ട് നാട്ടുകാർ വാഹനം തടഞ്ഞു. ഇതിനിടെ ഓടുന്ന വാഹനത്തിൽനിന്ന് ചാടാനും യുവതി ശ്രമിച്ചു. യുവതിയെ തട്ടിക്കൊണ്ട് പോവുകയാണെന്ന് ആരോപിച്ച് നാട്ടുകാർ ഡ്രൈവർക്കും വാഹനത്തിലിരുന്ന യുവാവിനും നേരെ തട്ടിക്കയറി. സംഭവം കണ്ട് നിരവധിപേർ ഇവിടെ തടിച്ചുകൂടുകയും ചെയ്തു.

നാട്ടുകാരിലാരോ ഇതിനിടയിൽ ഫോൺ വിളിച്ച് പൊലീസിനെയും വരുത്തി. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും നേരം കാറിലിരുന്ന് അലറിവിളിച്ച യുവതി നാട്ടുകാർക്കു നേരെ തിരിഞ്ഞു. തങ്ങളുടെ വാഹനം നാട്ടുകാർ അന്യായമായി തടഞ്ഞ് ബന്ധനസ്ഥരാക്കിയിരിക്കുകയാണെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഇതോടെ വാഹനം തടഞ്ഞവർ പ്രതിസ്ഥാനത്തായി. സംഭവം തിരിച്ചടിക്കുമെന്ന് മനസിലാക്കി നാട്ടുകാരിൽ പലരും ഇതിനോടകം സ്ഥലം കാലിയാക്കുകയും ചെയ്തു. എന്നാൽ, കാറിന്റെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയ പൊലീസ് മൂവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് ഇവർക്കെതിേര കേസെടുത്ത ശേഷം വിട്ടയച്ചു. കൊല്ലം സ്വദേശികളായ ദമ്പതിമാരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. യാത്രയ്ക്കിടയിലുണ്ടായ വഴക്കിനെ തുടർന്നാണ് യുവതി അലറി വിളിച്ചതെന്നും തൊടുപുഴ പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP