Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാവരെയും ഒന്നുപോലെ കാണേണ്ട പൊലീസ് സേനയിലും ജാതി പറഞ്ഞാലേ നിലനിൽപ്പുള്ളോ? പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്കു പുതിയ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയപ്പോൾ ജാതി-മത കോളം പൂരിപ്പിക്കണമെന്നു നിർബന്ധം; മതനിരപേക്ഷമുഖം തകർക്കുന്ന നടപടിക്കെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം

എല്ലാവരെയും ഒന്നുപോലെ കാണേണ്ട പൊലീസ് സേനയിലും ജാതി പറഞ്ഞാലേ നിലനിൽപ്പുള്ളോ? പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്കു പുതിയ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയപ്പോൾ ജാതി-മത കോളം പൂരിപ്പിക്കണമെന്നു നിർബന്ധം; മതനിരപേക്ഷമുഖം തകർക്കുന്ന നടപടിക്കെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം

തിരുവനന്തപുരം: എല്ലാവരെയും ഒന്നുപോലെ കാണേണ്ട പൊലീസ് സേനയിലും ജാതി പറഞ്ഞാലേ നിലനിൽപ്പുള്ളു എന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത്. പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്കു പുതിയ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയപ്പോൾ ജാതി-മത കോളം പൂരിപ്പിക്കണമെന്നു നിർബന്ധം പിടിക്കുന്നതാണു പുതിയ വിവാദങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്.

മതനിരപേക്ഷമുഖം തകർക്കുന്ന നടപടിയാണിതെന്നും കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമായാണ് ഇത്തരം നടപടികളെന്നുമാണു പൊലീസ് സേനയിൽ ഉയരുന്ന വികാരം. പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് സേനാംഗങ്ങളുടെ ജാതിയും മതവും ചോദിക്കുന്നത്.

ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ജീവനക്കാർക്കിടയിൽ വേർതിരിവുണ്ടാക്കുന്ന നടപടി പിൻവലിക്കണമെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയിൽ ജീവനക്കാർക്കും നിലവിൽ തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമെയാണ് പൊലീസ് ആസ്ഥാനത്തെ ജീവനക്കാർക്ക് അധികമായി ഒരു കാർഡ് കൂടി നൽകുന്നത്.

കാർഡിനായി പൂരിപ്പിച്ചുനൽകേണ്ട പെർഫോമയിലെ ഒരുകോളത്തിൽ ജാതിയും മതവും വ്യക്തമാക്കണമെന്നാണ് നിഷ്‌കർഷിക്കുന്നത്. ചിലർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പൂരിപ്പിച്ചേതീരൂ എന്ന നിലപാടിലാണ് അധികൃതർ എന്നാണു വിവരം. ജാതിയും മതവും കോളം താൽപര്യമുള്ളവർ മാത്രം പൂരിപ്പിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോഴും വിട്ടുവീഴ്ചക്ക് തയാറായില്ല. സാധാരണ ഗതിയിൽ, സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്. ഇതിനുള്ള പെർഫോമയിൽ പേര്, മേൽവിലാസം, രക്തഗ്രൂപ്പ് തുടങ്ങി ചുരുക്കം ചില വിവരങ്ങളെ ആവശ്യപ്പെടുന്നുള്ളൂ. എന്നാൽ പൊലീസ് ആസ്ഥാനത്ത് ഐ.ഡി കാർഡ് ലഭിക്കണമെങ്കിൽ ജാതി, മതം, കുടുംബപശ്ചാത്തലം തുടങ്ങിയവയെല്ലാം പൂരിപ്പിക്കണമെന്നതാണു പുതിയ നിർദ്ദേശം.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത്, ശബരിമല ഡ്യൂട്ടിക്ക് പോകണമെങ്കിൽ പൊലീസുകാർ മതം വെളിപ്പെടുത്തണമെന്ന് നിർദേശിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഓഫിസർമാർ, സേനാംഗങ്ങൾ, ഡ്രൈവർമാർ എന്നിവരോടാണ് നിർദിഷ്ട ഫോമിൽ മതം ഏതാണെന്ന് പൂരിപ്പിച്ചുനൽകാൻ ആവശ്യപ്പെട്ടത്. ജാതിമതഭേദമെന്യേ എല്ലാവരും ജോലിനോക്കിയിരുന്ന ശബരിമലയിൽ ജാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വിടാനുള്ള തീരുമാനത്തിനെതിരെ അന്ന് ജീവനക്കാർ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഇതേ സാഹചര്യമാണ് പൊലീസ് ആസ്ഥാനത്ത് വീണ്ടും ഉരുത്തിരിയുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമാണ് പുതിയ പരിഷ്‌കാരമെന്നാണു റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP