Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെട്ടിടം ഉടമകളെ നോക്കുകുത്തിയാക്കിക്കൊണ്ട് കൊച്ചിയിൽ വാടക മാഫിയ; ഉടമ അറിയാതെ വാടകക്കാർ തമ്മിൽ കോടതികളിൽ വാടകത്തർക്കത്തിന്റെ പേരിൽ കേസുകൾ; കടമുറി തിരിച്ചുപിടിക്കാൻ പെൺഗുണ്ടകൾ രംഗത്ത്

കെട്ടിടം ഉടമകളെ നോക്കുകുത്തിയാക്കിക്കൊണ്ട് കൊച്ചിയിൽ വാടക മാഫിയ; ഉടമ അറിയാതെ വാടകക്കാർ തമ്മിൽ കോടതികളിൽ വാടകത്തർക്കത്തിന്റെ പേരിൽ കേസുകൾ; കടമുറി തിരിച്ചുപിടിക്കാൻ പെൺഗുണ്ടകൾ രംഗത്ത്

വാടകത്തർക്കത്തിന്റെ പേരിൽ വിചിത്രമായ ആക്രമണമാണ് കൊച്ചി നഗരത്തിൽ നടക്കുന്നത്. വാടക മാഫിയക്കാർ തമ്മിൽ തല്ല്, എന്ത് ചെയ്യണമെന്ന് അറിയാതെ നോക്കുകുത്തികളായി യാഥാർത്ഥ ഉടമകൾ. ഉടമ അറിയാതെ വാടകക്കാർ തമ്മിൽ കോടതികളിൽ കേസ്. കടമുറികൾ തിരിച്ച് പിടിക്കാൻ വാടക മാഫിയ രംഗത്തിറക്കിയിരിക്കുന്നത് പെൺ ഗുണ്ടകളെ.

പെൺഗുൺകളെ വരെ രംഗത്തിറക്കി മാഫിയക്കാർ തമ്മിൽതല്ല്. വാടകക്ക് വീട് കിട്ടാൻ കഷ്ടപ്പെടുന്ന കൊച്ചി നഗരത്തിലാണ് വാടക കെട്ടിടത്തിന്റെ പേരിൽ ഗുണ്ടകളെ ഇറക്കി തല്ല് നടക്കുന്നത്. ഇതോടെ യഥാർഥ ഉടമകൾ വീട് പൂട്ടിയിട്ടാലും വാടകയ്ക്ക് കൊടുക്കാൻ കഴിയാത്ത സ്ഥിതി. വാടക മാഫിയക്കാർ തമ്മിലുള്ള കേസും വഴക്കും നോക്കിനിൽക്കാൻ മാത്രമെ യാഥാർഥ ഉടമകൾക്ക് കഴിയുന്നുള്ളു. കെട്ടിടം ഉടമകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് കൊച്ചിയിൽ വാടക മാഫിയ അരങ്ങുതകർക്കുന്നത്. വിശാല കൊച്ചി വികസന അഥോറിറ്റിയെയും കൊച്ചി കോർപ്പറേഷനെയുമെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടാണ്, വാടക മാഫിയ വിലസുന്നത്.

ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള കലൂർ സ്റ്റേഡിയം മുറികൾ വാടകയ്ക്കെടുത്ത് 'കെട്ടിടം ഉടമ' ചമയുന്ന സ്ത്രീയും അവരിൽ നിന്ന് വാടകയ്ക്ക് എടുത്തയാളും തമ്മിലുള്ള തർക്കം സ്റ്റേഡിയത്തിൽ ഒരു ക്രമസമാധാന പ്രശ്നം തന്നെയായിട്ടും വികസന അഥോറിറ്റിക്ക് ഒന്നും ചെയ്യാനാവുന്നില്ല. ജി.സി.ഡി.എ.യിൽ നിന്ന് സ്വന്തം പേരിലും പല പേരുകളിലുമായി കുറഞ്ഞ വാടകയ്ക്ക് മുറിയെടുത്ത ശേഷം വൻ തുകയ്ക്ക് ദിവസ വാടകയ്ക്ക് നൽകുകയാണ്. യഥാർത്ഥ ഉടമ ഒന്നുമറിയാതിരിക്കുമ്പോൾ, വാടകക്കാർ തമ്മിൽ കോടതികളിൽ വാടകത്തർക്കത്തിന്റെ പേരിൽ കേസുകൾ നടക്കുന്നു.

വാടകത്തർക്കത്തിന്റെ പേരിൽ കുറച്ചുദിവസം മുമ്പ് വിചിത്രമായ ഒരു ആക്രമണത്തിനും കൊച്ചി നഗരം സാക്ഷ്യം വഹിച്ചു. ജി.സി.ഡി.എ.യിൽ നിന്ന് മുറികൾ വാടകയ്ക്ക് എടുത്ത ഒരു സ്ത്രീ മറിച്ചുകൊടുത്ത കടമുറി, തിരിച്ചുപിടിക്കാൻ പെൺഗുണ്ടകളെ രംഗത്തിറക്കി. സ്റ്റേഡിയത്തിൽ ദിവസ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ഹോട്ടൽ കുറെ സ്ത്രീകൾ വണ്ടിയിൽ വന്നിറങ്ങി പട്ടാപ്പകൽ തല്ലിത്തകർക്കുകയായിരുന്നു. സ്ത്രീകൾ വന്ന് കയേറ്റം നടത്തിയതു കണ്ട് കേസെടുക്കാൻ പൊലീസും ആദ്യം മടിച്ചു. പിന്നെ ജി.സി.ഡി.എ.യിൽ നിന്നുള്ള കടുത്ത സമ്മർദത്തെ തടുർന്നാണ് പൊലീസ് അനങ്ങിയത്.

കെട്ടിട ഉടമയായ വികസന അഥോറിറ്റി ഒന്നും ചെയ്യാനാവാതെ നിൽക്കുമ്പോൾ, വാടകക്കാർ തമ്മിൽ ൈകയേറ്റം നടത്തുന്നത് ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കുകയാണ്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കടമുറികൾ ഒരാൾ തന്നെ പല പേരിൽ കൈക്കലാക്കുകയും വൻ തുക ഈടാക്കി ദിവസ വാടകയ്ക്ക് നൽകുകയും ചെയ്തിരിക്കുകയാണ്. യഥാർത്ഥ ഉടമകളായ വികസന അഥോറിറ്റിക്ക് പലപ്പോഴും കരാറിലുള്ള കുറഞ്ഞ വാടക പോലും നൽകാൻ തയ്യാറാകുന്നുമില്ല. കലൂർ സ്റ്റേഡിയത്തിൽ ഇപ്പോൾ കടമുറികൾക്ക് മോഹവിലയാണുള്ളത്. മുമ്പ് ഭരണക്കാരേയും മറ്റും സ്വാധീനിച്ച് കുറഞ്ഞ വാടകയിൽ മുറികൾ ഒപ്പിച്ചെടുത്തവർ, അതുപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കുകയാണ്.

പൊതു ഖജനാവിലേക്ക് എത്തേണ്ട പണം ചിലർ ചേർന്ന് കൊള്ളയടിക്കുന്നത് കണ്ടിട്ടും കാലങ്ങളായി അനങ്ങാനാവാതിരിക്കുകയാണ് അധികൃതർ. കൃത്യമായ പരിശോധന നടത്തി, ഓരോ കടയിലെയും യഥാർത്ഥ വാടകക്കാരും ജി.സി.ഡി.എ.യുമായി കരാറുണ്ടാക്കിയിരിക്കുന്നവരും ഒരാൾ തന്നെയെന്ന് കണ്ടെത്തേണ്ടതുണ്ട്. എറണാകുളം കിൻകോ ബോട്ട് ജെട്ടിക്കടുത്തുള്ള ജി.സി.ഡി.എ.യുടെ ബങ്കുകൾ പല കൈകൾ മറിഞ്ഞ് ദിവസ വാടകക്കാരുടെ താവളമായി മാറിയിരിക്കുകയാണ്. ഇവർ തമ്മിലുള്ള തർക്കങ്ങൾ വരെ പ്രാദേശിക പാർട്ടി നേതൃത്വം ഇടനില നിന്നാണ് പരിഹരിക്കുന്നത്. കൊച്ചി നഗരസഭയുടെ കീഴിലുള്ള ഷോപ്പിങ് കോംപ്ലക്സുകളിലും കടകൾ മറിച്ചുനൽകി ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP