Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നട്ടെല്ലുള്ള ഐപിഎസുകാരുടെ നടുവൊടിക്കാൻ സർക്കാർ സൂത്രപ്പണി കണ്ടെത്തി; വിജിലൻസ് തസ്തികയുടെ ഡിജിപി കേഡർ മാറ്റുന്നു; ഇനി കുഴപ്പക്കാർക്ക് പ്രെമോഷൻ നൽകിയാലും പ്രശ്‌നമില്ല; ചെന്നിത്തലയുടെ പൊലീസ് ഭരണം ഇങ്ങനെ

നട്ടെല്ലുള്ള ഐപിഎസുകാരുടെ നടുവൊടിക്കാൻ സർക്കാർ സൂത്രപ്പണി കണ്ടെത്തി; വിജിലൻസ് തസ്തികയുടെ ഡിജിപി കേഡർ മാറ്റുന്നു; ഇനി കുഴപ്പക്കാർക്ക് പ്രെമോഷൻ നൽകിയാലും പ്രശ്‌നമില്ല; ചെന്നിത്തലയുടെ പൊലീസ് ഭരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കൊണ്ട് ഒരു സർക്കാരിനും തലവേദനയുണ്ടാകാറില്ല. എന്നാൽ വിജിലൻസ് ഡയറക്ടറുടെ പദവി അങ്ങനെ അല്ല. ഇടത് സർക്കാരിന്റെ കാലത്ത് ഉപേന്ദ്രവർമ്മയെന്ന ഐപിഎസ് ഉദ്യോഗസ്ഥൻ തുടങ്ങി വച്ച പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുന്നു. നട്ടെല്ലുള്ള ഐപിഎസുകാർക്ക് പ്രമോഷൻ കിട്ടിയാൽ വിജിലൻസോ ഫയർഫോഴ്‌സോ നൽകണം. ഫയർ ഫോഴ്‌സിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ജേക്കബ് തോമസ് എത്തിയതോടെ ആ പദവിയുടെ പകിട്ടും കൂടി.

നിലവിൽ നാല് ഡിജിപിമാർ. അതിൽ മൂന്ന് പേരും സർക്കാരിന് അനഭിമതർ. കാരണം അവർ ആരും പറയുന്നത് കേൾക്കില്ല. അതുകൊണ്ട് വിജിലൻസ് നൽകാൻ കഴിയില്ല. എന്നാൽ വിജിലൻസിന് ഡിജിപി പദവിയുള്ളതിനാൽ കേസുമായി പോയാൽ നൽകേണ്ടിയും വരും. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർക്ക് പകരം വിജിലൻസ് തസ്തികയെ തരം താഴ്‌ത്തി. വിജിലൻസ് ഡയറക്ടറുടെ ഡിജിപി കേഡർ തസ്തിക അഗ്‌നിശമന സേനാ മേധാവിയുടേതാക്കി മാറ്റി ഡിജിപി നിയമനത്തിലെ തർക്കം ഒഴിവാക്കാൻ ആലോചന.

നിലവിൽ സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്ര സർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഇതിലേതെങ്കിലും ഒന്ന് ഒഴിച്ചിട്ടശേഷം ഡിജിപിമാരെ മറ്റു സ്ഥലങ്ങളിൽ നിയമിക്കാൻ പാടില്ലെന്നാണു കേന്ദ്ര ഉത്തരവ്. എന്നാൽ സംസ്ഥാന പൊലീസ് മേധാവിക്കു പുറമെ മൂന്നു ഡിജിപിമാർ പുറത്തുള്ളപ്പോൾ എഡിജിപി: എൻ. ശങ്കർ റെഡ്ഡിയെയാണു സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. പുതിയ നീക്കത്തിലൂടെ വിജലൻസിനെ കേഡർ തസ്തിക അല്ലാതാക്കും. ഇതോടെ പ്രശ്‌നങ്ങളും തീരും. ബാർ കോഴയുള്ളപ്പെടെയുള്ള വിഷയങ്ങൾ വിജിലൻസിന്റെ പരിഗണനയിലുള്ളതിനാലാണ് ഇത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്.

ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങ്ങും ഇന്നലെയും പുതിയ ചുമതല ഏൽക്കാൻ തയാറാകാത്ത സാഹചര്യത്തിൽ നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണു സർക്കാർ ആലോചിക്കുന്നത്. ഡിജിപിമാരുടെ കേഡർ വിഷയവും പുതിയ നിയമനവും ചർച്ച ചെയ്യാൻ ഐപിഎസ് അസോസിയേഷൻ യോഗവും നാളെ പൊലീസ് ആസ്ഥാനത്തു ചേരുന്നുണ്ട്. വിജിലൻസ് ഡയറക്ടർ സ്ഥാനം കിട്ടില്ലെഹ്കിൽ എക്‌സ് കേഡർ തസ്തികയിലുള്ള തങ്ങളുടെ ശമ്പളം അക്കൗണ്ടന്റ് ജനറൽ തടയുമെന്നും തങ്ങൾ എഡിജിപി റാങ്കിലേക്കു തരം താഴ്‌ത്തപ്പെടുമെന്നും ബെഹ്‌റയും ഋഷിരാജ് സിങ്ങും ചീഫ് സെക്രട്ടറിയെ അറിയിച്ചു.

ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ ഋഷിരാജ് സിങ്ങിനെ ജയിൽ മേധാവിയും ബെഹ്‌റയെ അഗ്‌നിശമനസേനാ മേധാവിയുമായിട്ടാണു സർക്കാർ നിയമിച്ചിട്ടുള്ളത്. അതിനാൽ ഈ ഉത്തരവു പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. മറുപടി നൽകാതെ വന്നതോടെ ഇരുവരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബെഹ്‌റ അഞ്ചു ദിവസത്തേക്കും സിങ് 15 ദിവസത്തേക്കുമാണ് അവധിയെടുത്തത്. വകുപ്പു മേധാവി എന്ന നിലയിൽ സ്വന്തം നിലയിൽ അവധിയെടുത്ത ബെഹ്‌റ അക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. സിങ് ചീഫ് സെക്രട്ടറിക്കു നേരിട്ടാണ് അവധി അപേക്ഷ നൽകിയത്.

ഇപ്പോഴത്തെ തർക്കം പരിഹരിക്കാൻ വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തികയിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ വീണ്ടും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് കേഡർ തസ്തിക മാറ്റി പ്രശ്‌നം പരിഹരിക്കാമെന്ന നിർദ്ദേശം ഉയർന്നത്. സംസ്ഥാന പൊലീസ് മേധാവിക്കു പുറമെ ബെഹ്‌റയെ നിയമിച്ച അഗ്‌നിശമനസേനാ മേധാവിയുടെ തസ്തിക കൂടി ഡിജിപി കേഡർ തസ്തികയായി മാറ്റും. പകരം വിജിലൻസ് ഡയറക്ടറുടെ തസ്തിക എഡിജിപി റാങ്കിലേക്കു തരം താഴ്‌ത്തും. ഇതോടെ ശങ്കർ റെഡ്ഡിയുടെ നിയമനത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴയില്ല.

ഇത്തരത്തിൽ കർണാടക സർക്കാർ കേഡർ മാറ്റിയിട്ടുണ്ട്. അതിനു കേന്ദ്രം അനുമതി നൽകുമോയെന്നതാണു വേറെ കാര്യം. എന്നാൽ കർണാടക സർക്കാരിന്റെ നടപടി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP