Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും നിയമനങ്ങളിലും സംവരണം ഏർപ്പെടുത്താൻ ആലോചിച്ച് സർക്കാർ; കൈയടിക്കാൻ വരട്ടേ; പുതിയ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ല

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും നിയമനങ്ങളിലും സംവരണം ഏർപ്പെടുത്താൻ ആലോചിച്ച് സർക്കാർ; കൈയടിക്കാൻ വരട്ടേ; പുതിയ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷേതര എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക,അനധ്യാപക നിയമനത്തിനു സംവരണം ഏർപ്പെടുത്താൻ സർക്കാർ നീക്കം സജീവമാക്കി.

ഇത്തരം ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ 50 ശതമാനം മെറിറ്റ് ക്വാട്ടയിൽ പട്ടികജാതിക്ക് എട്ടും പട്ടികവർഗത്തിനു രണ്ടും ശതമാനം സംവരണം ഏർപ്പെടുത്തുന്നകാര്യമാണു പരിഗണിക്കുന്നത്. എന്നാൽ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ സംവരണം കൊണ്ടുവരികയുമില്ല. ഇതുസംബന്ധിച്ച കുറിപ്പു കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളുടെയും അജൻഡയിൽ വന്നെങ്കിലും തീരുമാനം എടുത്തില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്കു ഭരണഘടനാപരമായി പ്രത്യേക പദവിയുള്ളതിനാൽ സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്നതാണ് സർക്കാർ നിലപാട്. സർക്കാർ ഖജനാവിൽ നിന്നു ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സംവരണ വ്യവസ്ഥ പാലിച്ചുവേണം നിയമനമെന്ന നയത്തിന്റെ ഭാഗമായാണു സർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.

1972ൽ എയ്ഡഡ് മാനേജ്‌മെന്റുകളുമായി സർക്കാർ ഒപ്പുെവച്ച ഡയറക്ട് പേയ്‌മെന്റ് കരാർ പ്രകാരം നിയമനാധികാരം മാനേജ്‌മെൻുകൾക്കാണ്. ശമ്പളം സർക്കാർ നൽകും. നിയമനങ്ങളിൽ പകുതി പൊതുമെറിറ്റിൽ നിന്നാണ്. പകുതി കോളേജ് നടത്തുന്ന സാമുദായിക വിഭാഗത്തിനായി സംവരണം ചെയ്തിരിക്കയാണ്. ഡയറക്ട് പേയ്‌മെന്റ് കരാറിൽ മാറ്റം വരുത്തിയും സർവകലാശാലാ ചട്ടം ഭേദഗതി ചെയ്തും സംവരണം ബാധകമാക്കാവുന്നതാണെന്നു മന്ത്രിസഭാ രേഖയിൽ പറയുന്നു. ഇടതുമുന്നണിയിൽ ധാരണയുണ്ടാക്കി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് നീക്കം.

150 എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളാണുള്ളത്. ഏറെയും നടത്തുന്നതു ന്യൂനപക്ഷ മാനേജ്‌മെന്റുകളാണ്. ഭൂരിപക്ഷവിഭാഗത്തിൽ നിന്നു എൻ.എസ്.എസ്., എസ്.എൻ.ഡി.പി. തുടങ്ങിയ സാമുദായികസംഘടനകളാണ് എയ്ഡഡ് കോളേജുകൾ കൂടുതലായും നടത്തുന്നതും. ന്യൂനപക്ഷ കോളേജുകളെ ഒഴിവാക്കി സംവരണമേർപ്പെടുത്തുന്നതു ഭൂരിപക്ഷ വിഭാഗങ്ങളുടെ എതിർപ്പിന് ഇടയാക്കും. അതുകൊണ്ടാണ് തീരുമാനം നീളുന്നത്. മൂന്ന് ഹർജികളിലായി വന്ന ഹൈക്കോടതി വിധികളിൽ ന്യൂനപക്ഷേതര എയ്ഡഡ് കോളേജുകളിലെ നിയമനത്തിനു സംവരണം ബാധകമാക്കാവുന്നതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുജിസി.യുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാറും ഇക്കാര്യം നിഷ്‌കർഷിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുെവച്ച ഫയൽ ധനകാര്യ, നിയമ വകുപ്പുകൾ പരിശോധിച്ചു സംവരണം ഏർപ്പെടുത്തുന്നതിന് അനുകൂല റിപ്പോർട്ടാണ് നൽകിയത്. തുടർന്നു മുഖ്യമന്ത്രി നിർദേശിച്ചപ്രകാരമാണ് ഫയൽ മന്ത്രിസഭയുടെ അജണ്ടയിൽ വന്നത്. എയ്ഡഡ് കോളേജുകളിൽ സംവരണമില്ലാത്തതിനാൽ പിന്നാക്ക വിഭാഗക്കാർക്ക് ഈ മേഖലയിൽ നാമമാത്രമായേ നിയമനം ലഭിക്കുന്നുള്ളൂവെന്നതിനാൽ സംവരണം ആവശ്യമാണെന്നാണു സർക്കാർ നയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP