Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വയനാട്ടിൽ കാട്ടാനയെ വെടിവച്ചു കൊന്ന കേസിൽ റിസോർട്ടുടമ അറസ്റ്റിൽ; അനധികൃത റിസോർട്ടിനെതിരെ നടപടി എടുത്തതിന് വനം വകുപ്പിനെ പാഠം പഠിപ്പിക്കാനാണ് ആനയെ കൊന്നതെന്നു പ്രതി

വയനാട്ടിൽ കാട്ടാനയെ വെടിവച്ചു കൊന്ന കേസിൽ റിസോർട്ടുടമ അറസ്റ്റിൽ; അനധികൃത റിസോർട്ടിനെതിരെ നടപടി എടുത്തതിന് വനം വകുപ്പിനെ പാഠം പഠിപ്പിക്കാനാണ് ആനയെ കൊന്നതെന്നു പ്രതി

കൽപറ്റ: വയനാട്ടിൽ കാട്ടാനയെ വെടിവച്ചു കൊന്ന കേസിൽ റിസോർട്ടുടമ അറസ്റ്റിൽ. റിസോർട്ടുടമയായ കുളത്തിങ്കൽ ഷാജിയാണ് അറസ്റ്റിലായത്. അനധികൃത റിസോർട്ടിനെതിരെ നടപടി എടുത്തതിന് വനം വകുപ്പിനെ പാഠം പഠിപ്പിക്കാനാണ് ആനയെ കൊന്നതെന്നാണു പ്രതി പറയുന്നത്.

നായാട്ടു സംഘത്തിന്റെ കൂട്ടുപിടിച്ചാണ് ഇയാൾ വനത്തിനുള്ളിൽ ആനയെ വെടിവച്ചുകൊന്നത്. അഞ്ചുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണു ഷാജിയെ പിടികൂടിയത്. വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ ഓഹരിയുള്ളയാളാണ് ഷാജി. നിരവധി കേസുകളിലെ പ്രതിയുമാണ്. ജില്ലയിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ വനം വകുപ്പ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. തുടർന്നാണ് ആനയെ വേട്ടയാടി വനംവകുപ്പിന് താക്കീത് നൽകാൻ ഷാജിയും സംഘും തീരുമാനിച്ചത്.

കഴിഞ്ഞ മെയ് 30ന് പുലർച്ചെയാണ് ബത്തേരി-പുൽപ്പള്ളി റൂട്ടിൽ നാലാംമൈലിൽ 10 വയസ്സ് വരുന്ന പിടിയാന വെടിയേറ്റ് ചരിഞ്ഞത്. മുത്തങ്ങ, പുൽപ്പള്ളി പ്രദേശങ്ങളിൽ റിസോർട്ട് നടത്തുന്ന ഷാജിയാണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിൽത്തന്നെ വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ നൂൽപ്പുഴയിലെ ജംഗിൾ ഡെയ്സ് റിസോർട്ടിൽ നിന്ന് തോക്കും തിരകളുമായി എട്ടംഗ സംഘം പിടിയിലായിരുന്നു. ഈ സംഘം നൽകിയ മൊഴിയിൽ നിന്നാണ് ഷാജിയിലേക്ക് അന്വേഷണം ചെന്നെത്തിയത്. തുടർന്നിയാളെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മെയ് 29ന് രാത്രിയിൽ റിസോർട്ടുടമയായ കുളത്തിങ്കൽ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ആനയെ വേട്ടയാടിയത്.

വൈൽഡ് ലൈഫ് വാർഡൻ പി ധനേഷിനോടുള്ള വൈരാഗ്യം തീർക്കാനാണ് ആനയെ വെടിവച്ചുകൊന്നത്. വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരേ ധനേഷ്‌കുമാർ നടപടിയെടുത്തിരുന്നു. വന്യജീവിസങ്കേതത്തിനകത്ത് കയറിത്തന്നെ കാട്ടാനയെ വേട്ടയാടി വനംവകുപ്പിന് താക്കീത് നൽകുന്നതിനൊപ്പം വൈൽഡ് ലൈഫ് വാർഡനെ പ്രതിരോധത്തിലാക്കുകയായിരുന്നു മാഫിയയുടെ ലക്ഷ്യം.

വന്യജീവി സങ്കേത്തോട് ചേർന്ന കിടക്കുന്ന റിസോർട്ടിൽ ഡിജെ പാർട്ടി നടത്തുകയും വെടിയിറച്ചി എത്തിക്കുകയും ചെയ്ത സംഘത്തിലെ പ്രമുഖനാണ് കുളത്തിങ്കൽ ഷാജിയെന്ന് വനപാലകർ പറഞ്ഞു. വനമേഖലയിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറ തകർക്കുന്നതും ഇവിടെ നിത്യസംഭവമാണ്. ഇതിന് പിന്നിലും മാഫിയയാണെന്ന് വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പേർ അറസ്റ്റിലായിരുന്നു. വന്യമൃഗവേട്ടയ്ക്കിടെ കഴിഞ്ഞ ജൂലൈയിൽ വനംവകുപ്പ് അറസ്റ്റു ചെയ്ത സംഘത്തിലെ ഷംജാദ് ഈ കേസിലും പ്രതിയാണ്. കൂടാതെ, വെടി വെയ്ക്കാനുള്ള തോക്ക് നൽകുകയും കൊലയ്ക്ക് കൂട്ടു നിൽക്കുകയും ചെയ്ത ചുണ്ടാട്ട് ബേബി, കൃത്യത്തിനു ശേഷം തോക്ക് സൂക്ഷിച്ച വടക്കനാട് സ്വദേശി ഷാജി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് വനംവകുപ്പ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP