Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശല്യക്കാരനിട്ട് ആദ്യം രണ്ട് പൊട്ടിക്കണം, എന്നിട്ടാവാം പരാതി; 14 സെക്കൻഡ് തുറിച്ചുനോട്ട വിവാദത്തിന് പിന്നാലെ പെൺകുട്ടികൾക്ക്പുതിയ ഉപദേശവുമായി സിങ്കം; അപമാനിതയായെന്ന് തോന്നിയ ഒറ്റസെക്കൻഡ് നോട്ടത്തിനെതിരെയും പരാതി നൽകാമെന്നും എക്‌സൈസ് കമ്മിഷണർ

ശല്യക്കാരനിട്ട് ആദ്യം രണ്ട് പൊട്ടിക്കണം, എന്നിട്ടാവാം പരാതി; 14 സെക്കൻഡ് തുറിച്ചുനോട്ട വിവാദത്തിന് പിന്നാലെ പെൺകുട്ടികൾക്ക്പുതിയ ഉപദേശവുമായി സിങ്കം; അപമാനിതയായെന്ന് തോന്നിയ ഒറ്റസെക്കൻഡ് നോട്ടത്തിനെതിരെയും പരാതി നൽകാമെന്നും എക്‌സൈസ് കമ്മിഷണർ

കാഞ്ഞങ്ങാട്: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്ന എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായത് അടുത്തിടെയാണ്. ദേശീയതലത്തിലുൾപ്പെടെ ചർച്ചയായ ആ വിവാദത്തിന്റെ അലയൊലി അടങ്ങും മുമ്പ് അടുത്ത പ്രസ്താവനയുമായി സിങ്കം രംഗത്തെത്തി. ശല്യംചെയ്യുന്നവർക്ക് രണ്ടു കൊടുത്ത ശേഷം പൊലീസിനുമുന്നിൽ പരാതിയുമായി വരാനാണ് ഋഷിരാജ് സിംഗിന്റെ പുതിയ ആഹ്വാനം. കാസർകോട് ഉദിനൂർ ഗവ. സ്‌കൂളിൽ കുട്ടികളുമായി സംവദിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ശല്യം ചെയ്യാൻ വരുന്നവർക്കിട്ട് ആദ്യം രണ്ടു പെടപെടയ്ക്കുകയാണ് വേണ്ടതെന്ന് സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോഴത്തെ നിയമങ്ങൾ പര്യാപ്തമാണോ എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയവെ സിങ് വ്യക്തമാക്കുകയായിരുന്നു. ശല്യംചെയ്യാൻ വരുന്നവർക്കിട്ട് ആദ്യം രണ്ടു പൊട്ടിക്കണം. എന്നിട്ടു മതി പരാതിയുമായി പോകുന്നത്. - അക്രമം നേരിടുമ്പോൾ ഉടൻ പെൺകുട്ടികൾ പ്രതികരിക്കണമെന്ന സന്ദേശവുമായി സിങ് പറഞ്ഞു.

14 സെക്കൻഡ് തുറിച്ചുനോട്ടത്തെപ്പറ്റി വീണ്ടും പരാമർശിച്ചുകൊണ്ട് 'സമയമൊന്നും നോക്കേണ്ടെന്നും ഒറ്റസെക്കന്റ് തുറിച്ചുനോട്ടം മതിയെന്നും അങ്ങനെയൊരു ശല്യമുണ്ടായാൽ ഒന്നുംനോക്കേണ്ടെന്നും സിങ് ഉദിനൂരിലെ പ്രസംഗത്തിലും ആവർത്തിച്ചു. സാധാരണയായി പരാതിയുള്ളത് സർക്കാർ നിയമങ്ങൾ ഉണ്ടാക്കുന്നില്ല എന്നാണ്. പക്ഷേ, ഇപ്പോൾ നിയമങ്ങളുണ്ടാക്കി. ആരുടെയെങ്കിലും നോട്ടത്തിൽ അപമാനിക്കപ്പെട്ടുവെന്നു തോന്നിയാൽ ഉടൻ പ്രതികരിക്കണം. അങ്ങനെ തന്നെ നോക്കിയോ എന്ന് സ്ത്രീയാണ് തീരുമാനിക്കേണ്ടത്. പ്രതികരിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തണം - സിങ് പ്രസംഗത്തിൽ പറഞ്ഞു.

കൊച്ചിയിൽ വച്ച് കഴിഞ്ഞയാഴ്ച സമാനമായൊരു സന്ദർഭത്തിലാണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് 14 സെക്കൻഡ് സ്ത്രീയെ തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്ന് സിങ് പ്രസ്താവിച്ചത്. നിയമത്തിൽ അത് വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞതോടെ അങ്ങനെയൊരു നിയമമില്ലെന്ന വാദമുയർത്തി വിഷയം സോഷ്യൽ മീഡയയിലും പിന്നീട് ദേശീയ മാദ്ധ്യമങ്ങളിലുൾപ്പെടെയും വലിയ ചർച്ചയായി.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയിൽ ഇങ്ങനെ കൃത്യമായൊരു സമയം പറയുന്നില്ലെന്നും അതേസമയം ഇക്കാര്യം പഠിച്ച വർമ്മ കമ്മിഷൻ ശുപാർശകളിലാണ് 14 സെക്കൻഡ് തുറിച്ചുനോട്ടമെന്ന പരാമർശമുള്ളതെന്നും സിങ് പിന്നീട് വ്യക്തമാക്കി. താൻ നല്ല സന്ദേശം നൽകാനുദ്ദേശിച്ച് നടത്തിയ പ്രതികരണത്തിനുമേൽ സോഷ്യൽമീഡിയയിൽ ട്രോളിങ് നടന്നതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.

ട്രോളുകൾ എന്നെ ആശങ്കപ്പെടുത്തുന്നുവെന്നും സ്ത്രീകളുടെ സുരക്ഷയെപ്പറ്റി വ്യക്തമാക്കുന്നതിനും അവർക്കുള്ള നിയമപരിരക്ഷയെപ്പറ്റി അവരെ ബോധവതികളാക്കുന്നതിനുമാണ് താൻ ഇങ്ങനെ പറഞ്ഞതെന്നുമായിരുന്നു സിംഗിന്റെ പ്രതികരണം. ഡൽഹിയിൽ നിർഭയയെന്ന പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കേസിനു ശേഷമാണ് ഇന്ത്യ നിയമം ശക്തമാക്കിയത്. ഇതു പരാമർശിച്ചാണ് കാസർകോട്ടും സിങ് പ്രസംഗിച്ചത്. കുരുമുളക് സ്‌പ്രേ ഉൾപ്പെടെയുള്ളവ അക്രമികൾക്കെതിരെ പ്രയോഗിക്കാൻ പെൺകുട്ടികൾ പരിശീലിക്കണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു.

സിംഗിന്റെ 14 സെക്കൻഡ് പരാമർശത്തിനു പിന്നാലെ ഇങ്ങനെ നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് ശരിയല്ലെന്ന മട്ടിൽ അഭിപ്രായവുമായി മന്ത്രി ഇ പി ജയരാജൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP