Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഋഷിരാജ് സിംഗിന് അധികാരം പോരെന്ന തോന്നൽ ശക്തം; പൊലീസുകാർക്കും മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്കും പുറമേ ഡ്രൈവർമാരെ ശിക്ഷിക്കാൻ എക്‌സൈസിനും അധികാരം ചോദിച്ച് സിങ്കം

ഋഷിരാജ് സിംഗിന് അധികാരം പോരെന്ന തോന്നൽ ശക്തം; പൊലീസുകാർക്കും മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്കും പുറമേ ഡ്രൈവർമാരെ ശിക്ഷിക്കാൻ എക്‌സൈസിനും അധികാരം ചോദിച്ച് സിങ്കം

തിരുവനന്തപുരം: പരിശോധനകളാണ് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പ്രധാന ആയുധം. എക്‌സൈസിലെത്തിയപ്പോൾ അതിനുള്ള സാധ്യത കുറയുകയാണോ എന്ന് അദ്ദേഹത്തിന് സംശയം. ബാറുകളിലും ഷാപ്പുകളിലും കയറിയുള്ള പരിശോധനയ്ക്ക് പുറമേ അരേയും എപ്പോഴും പരിശോധിക്കാനുള്ള സാധ്യത തേടുകയാണ് എക്‌സൈസ് കമ്മീഷണർ. ഇതിന്റെ ഭാഗമായി മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കാനും നിയമ നടപടികൾക്കും എക്‌സൈസ് വകുപ്പിനും അധികാരം നൽകണമെന്നാവശ്യപ്പെട്ടു കമ്മിഷണർ ഋഷിരാജ്‌സിങ് സർക്കാരിനു കത്തു നൽകി.

അന്യസംസ്ഥാനങ്ങളിൽനിന്നുള്ള സ്പിരിറ്റ് കടത്തു തടയാൻ അഞ്ചു പ്രധാന ചെക് പോസ്റ്റുകളിൽ വെഹിക്കിൾ സ്‌കാനർ സ്ഥാപിക്കുക, അബ്കാരി കേസുകളുടെ ചട്ടങ്ങൾ പരിഷ്‌കരിക്കുക എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച ഡ്രൈവർമാരെ പിടികൂടിയാലും നിയമനടപടികൾക്ക് ഇപ്പോൾ എക്‌സൈസ് വകുപ്പിന് അധികാരമില്ല. പൊലീസിനും മോട്ടോർവാഹന വകുപ്പിനും മാത്രമേ ഇതു സാധിക്കൂ. ഇത് എക്‌സൈസ് വകുപ്പിന്റെ നടപടികളെ ദുർബലമാക്കുന്നുവെന്നു ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആവശ്യം.

ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ബാറിന് അടുത്ത് എക്‌സൈസുകാർക്ക് നിലയുറപ്പിക്കാനാകും. ബാറിൽ നിന്ന് പുറത്തുവരുന്നവരെ പരിശോധിക്കാം. ഇത് എക്‌സൈസിന് പുതിയ അധികാരവുമാകും. ഇതിനാണ് എക്‌സൈസ് കമ്മീഷണറുടെ ശ്രമം. ഇതിലൂടെ മാത്രമേ മദ്യത്തിന്റെ ദുരന്തങ്ങൾ പൂർണ്ണമായും അകറ്റുന്നതരത്തിലേക്ക് പ്രവർത്തനം മാറ്റാൻ എക്‌സൈസിന് കഴിയൂവെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പമാണ് എക്‌സൈസിൽ ആധുനികവൽക്കരണത്തിന്റെ സാധ്യതകൾ തേടുന്നതും. എക്‌സൈസ് വകുപ്പിൽ അടിമുടി പരിഷ്‌കരണമാണ് എക്‌സൈസ് കമ്മീഷണർ ആഗ്രഹിക്കുന്നത്.

സ്പിരിറ്റ്, ലഹരി കടത്ത് തടയാനാണു പ്രധാന ചെക് പോസ്റ്റുകളിൽ വാഹനം മൊത്തത്തിൽ പരിശോധിക്കാൻ ശേഷിയുള്ള സ്‌കാനറുകൾ സ്ഥാപിക്കേണ്ടത്. അമരവിള, ആര്യങ്കാവ്, വാളയാർ, മഞ്ചേശ്വരം, കൂട്ടുപുഴ എന്നിവിടങ്ങളിലാണ് ഇതു വേണ്ടത്. പച്ചക്കറികളും മൽസ്യവും മറ്റും എത്തിക്കുന്ന വാഹനങ്ങളിലാണ് ഇവ കടത്തുന്നത്. ഈ വാഹനങ്ങളുടെ പരിശോധന ഇപ്പോൾ തികച്ചും അശാസ്ത്രീയമായാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ വെഹിക്കിൾ സ്‌കാനറുകൾ സ്ഥാപിച്ചതോടെ കള്ളക്കടത്തു കുറഞ്ഞിട്ടുണ്ട്. അബ്കാരി കേസുകളിൽ പിടിക്കുന്ന വസ്തുക്കളുടെ അളവിനനുസരിച്ചു ശിക്ഷയിൽ മാറ്റം വേണമെന്നാണു മറ്റൊരു ആവശ്യം.

തൊണ്ടിയുടെ അളവിനനുസരിച്ചു മിനിമം, മീഡിയം, മേജർ വിഭാഗങ്ങളിലായി കർശന ശിക്ഷ വേണം. ലഹരിവസ്തുക്കളുടെ അളവ് 999 മില്ലിഗ്രാമിൽ കുറഞ്ഞാൽ ജാമ്യം നൽകാമെന്ന വ്യവസ്ഥ എടുത്തുമാറ്റാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. ഈ പഴുതുപയോഗിച്ചു ലഹരിവിൽപനക്കാർ കടുത്ത നടപടികളിൽനിന്നു രക്ഷപ്പെടുകയാണ്. ഇത് 100 മില്ലിഗ്രാം ആയി കുറയ്ക്കണമെന്നും എക്‌സൈസ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് വകുപ്പിൽ അഞ്ഞൂറോളം തസ്തികകൾ കൂടി അനുവദിക്കുക, അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടിക്ക് അധികാരം തുടങ്ങിയ ആവശ്യങ്ങളും കമ്മിഷണർ ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP