Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു, ബസുകൾക്ക് നേരെ കല്ലേറ്; പുനലൂരിൽ ഹോട്ടൽ തകർത്തു; തൊടുപുഴയിൽ വാഴക്കുലകൾ തല്ലിത്തകർത്ത് പ്രതിഷേധം

ബിജെപി ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു, ബസുകൾക്ക് നേരെ കല്ലേറ്; പുനലൂരിൽ ഹോട്ടൽ തകർത്തു; തൊടുപുഴയിൽ വാഴക്കുലകൾ തല്ലിത്തകർത്ത് പ്രതിഷേധം

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആർ.എസ്.എസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണ്ണം. ഹർത്താലിൽ വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി. കണ്ണൂർ ജില്ലയിൽ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ടിനെ തുടർന്ന് പൊലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ഏറെക്കുറെ ഹർത്താൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു.
വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മാനന്തവാടിയിലേക്ക് പോയ ബസിന്റെ പിൻഭാഗത്തെ ചില്ലുകൾ തകർന്നു. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവച്ചു.

കണ്ണൂർ പെരളശേരിയിലും മൂന്നുപെരിയയിലും ബോംബേറ്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറിൽ ആർക്കും പരിക്കില്ല. വിലാപയാത്ര കണ്ണൂരിൽ നിന്നു തലശ്ശേരിയിലേക്കു പോകുംവഴിയാണ് പെരളശ്ശേരിയിൽ ബോംബേറ് നടന്നത്. മമ്പടത്തും ഇതേ സംഘം ബോംബേറ് നടത്തി എന്നാണ് റിപ്പോർട്ട്. എറണാകുളത്ത് ആർഎസ്എസ് കാര്യാലയത്തിനു നേരെ ഓട്ടോയിലെത്തിയ സംഘം കല്ലെറിഞ്ഞു.

കൊച്ചിയിൽ ബസിനും ഓട്ടോറിക്ഷയ്ക്കും നേരെ കല്ലേറുണ്ടായി. കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെയും ഓട്ടോയിൽ വന്ന ഒരു സംഘം കല്ലെറിഞ്ഞു. എറണാകുളം സൗത്ത് റെയിൽവെ സ്‌റ്റേഷനിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കല്ലെറിയുകയും യാത്രക്കാരനെ ഇറക്കിവിടുകയും ചെയ്തു. കാക്കനാട്ട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളത്ത് ആർഎസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറുണ്ടായി. ഓട്ടോയിലെത്തിയ മൂന്നംഗ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തൃശൂർ കുട്ടനെല്ലൂരിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

കാര്യാലയത്തിന്റെ ചില്ലുകൾ തകർന്നു. ഹരിപ്പാട് ഒരു സംഘം ഹർത്താനുകൂലികൾ വാഹനങ്ങൾ അടിച്ചു തകർത്തു. തൊടുപുഴയിലും ആക്രമണമുണ്ടായി. തൊടുപുഴ മാർക്കറ്റിൽ വാഴക്കുല ഇറക്കുകയായിരുന്ന കട ബിജെപി പ്രവർത്തകർ ആക്രമിച്ചു. വാഴക്കുലകൾ തല്ലിത്തകർത്തു.

തെക്കൻ ജില്ലകളിലും ഹർത്താൽ പൂർണമാണ്. കൊല്ലത്ത് പുനലൂരിൽ ബൈക്കിലെത്തിയ ഒരു സംഘം ഹോട്ടൽ അടിച്ചു തകർത്തു. ദേശീയ പാതയിൽ ബസിനു നേരെയും കല്ലേറുണ്ടായി. കൊല്ലം കാവനാട്ട് ദേശീയപാതയിൽ സ്വകാര്യ ബസിനുനേരെ ഹർത്താൻ അനുകൂലികളുടെ കല്ലേറുണ്ടായി. ആലപ്പുഴയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തകർത്തു. കശുവണ്ടി വികസന കോർപ്പറേഷന്റെ രണ്ട് വാഹനങ്ങളും ഒരു ലോറിയുമാണ് തകർത്തത്.

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. രാവിലെ കെഎസ്ആർടിസി സർവ്വീസ് നടത്തിയെങ്കിലും തിരുവനന്തപുരംനാഗർകോവിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. കരകുളം ഏണിക്കരയിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പൊലീസ് എത്തി ഹർത്താലനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP