Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സി.പി.എം ആർഎസ്എസ് വാക് പോര് ശക്തമാകുന്നു; ഘോഷയാത്രയുടെ പേരിൽ കണ്ണൂർ ജില്ലയെ കലുഷിത സാഹചര്യത്തിലേക്ക് തള്ളിവിടാനാണ് സി.പി.എം ഉം പൊലീസും ശ്രമിക്കുന്നതെന്ന് ആർഎസ്എസ്.: സംഘർഷ ഭീതിയിൽ പരിഭ്രാന്തരായി ജനങ്ങൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സി.പി.എം ആർഎസ്എസ് വാക് പോര് ശക്തമാകുന്നു; ഘോഷയാത്രയുടെ പേരിൽ കണ്ണൂർ ജില്ലയെ കലുഷിത സാഹചര്യത്തിലേക്ക് തള്ളിവിടാനാണ് സി.പി.എം ഉം പൊലീസും ശ്രമിക്കുന്നതെന്ന് ആർഎസ്എസ്.: സംഘർഷ ഭീതിയിൽ പരിഭ്രാന്തരായി ജനങ്ങൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സിപിഐ.(എം.) ആർ.എസ്. എസ്. വാക് പോര്. ഘോഷയാത്രയുടെ പേരിൽ കണ്ണൂർ ജില്ലയെ കലുഷിത സാഹചര്യത്തിലേക്ക് തള്ളിവിടാനാണ് സിപിഐ.(എം.) ഉം പൊലീസും ശ്രമിക്കുന്നതെന്ന് ആർ.എസ്. എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി ആരോപിക്കുന്നു. എന്നാൽ ആർ.എസ്.എസ് നടത്തുന്ന ശോഭായാത്രയെ സിപിഐ.(എം.) തടസ്സപ്പെടുത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് സിപിഐ.(എം.) ജില്ലാ സെക്രട്ടറി പി.ജയരാജൻ പറയുന്നു. ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളല്ലെന്നും ഇവരെല്ലാം മതഭ്രാന്തും വർഗ്ഗീയതയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളാണെന്നും ജയരാജൻ ആരോപിക്കുന്നു. അഷ്ടമി രോഹിണി ദിവസം വിശ്വാസികൾ ക്ഷേത്രങ്ങളിലാണ് പ്രത്യേക പൂജയും ചടങ്ങുകളും നടത്താറുള്ളത്. വിശ്വാസികളെ ശ്രീകൃഷ്ണ ജയന്തി ദിവസം തെരുവിലിറക്കിയത് സംഘപരിവാറാണെന്ന് ജയരാജൻ ആരോപിച്ചു. 

ശ്രീകൃഷ്ണ ജയന്തി ആസന്നമായിരിക്കേ ജില്ലയിലെ ചില കേന്ദ്രങ്ങളിൽ സംഘർഷത്തിന്റെ സൂചനകൾ ഉണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയാണ്. മുഴപ്പിലങ്ങാട് കൂടക്കടവ് പ്രദേശത്ത് സിപിഐ.(എം.) ബിജെപി. സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട നാല് പേർക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലും  ഡിവൈഎഫ്ഐ. പ്രവർത്തകർക്കു നേരെയുണ്ടായ ബോംബേറിൽ രണ്ടു പേർക്കു പരിക്കേറ്റു. ആർ.എസ്. എസ് കാരാണ്  അക്രമികളെന്നും ഡി.വൈ. എഫ്.ഐ. ആരോപിക്കുന്നു. അതേസമയം തളിപ്പറമ്പ് വെള്ളിക്കീൽ കയ്യംതടത്തിൽ ബോംബുശേഖരം കണ്ടതും കീഴൂരിലെ വള്ളിയാട് സ്റ്റീൽ ബോംബ് കണ്ടെത്തിയതും ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരിക്കയാണ്. 

ജില്ലയിൽ മുന്നൂറ് കേന്ദ്രങ്ങളിൽ ശോഭാ യാത്ര നടത്തുമെന്ന് ആർ.എസ്. എസ്. നേതാവ് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം അലങ്കോലപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സിപിഐ.(എം.) പിൻതിരിയണമെന്നും ജനാധിപത്യ മര്യാദയും പരസ്പര ബഹുമാനവും പുലർത്താൻ സിപിഐ.(എം )തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്ര നടത്തുന്നത് ബഹുജനങ്ങളുടെ ആദവ് നേടിയിരുന്നു. അതിന്റെ അംഗീകാരവും പിൻതുണയും സിപിഐ.(എം.) നെ വിറളി പിടിപ്പിച്ചിരിക്കയാണ്. ഹൈന്ദവ ഏകീകരണ പ്രസ്ഥാനങ്ങളെ എന്നും എതിർക്കുന്ന സിപിഐ(.എം). മറ്റ് ചിലരെ പ്രീതിപ്പെടുത്താനാണ് അന്നേ ദിവസം ബദൽ പരിപാടി നടത്തുന്നത്. പൊലീസ് പറയുന്നിടത്തും സമയത്തും മാത്രമേ ആഘോഷം നടത്താവൂ എന്ന ആജ്ഞ നിയമപരമല്ല.

ജില്ലയിൽ സമാധാനം തകർന്നാൽ സിപിഐ.(എം.) ഉം പൊലീസും മാത്രമാണ് ഉത്തരവാദികളന്നു വത്സൻ തില്ലങ്കേരി മുന്നറിയിപ്പ് നൽകി. ശ്രീകൃഷ്ണ ജയന്തി ദിവസം ആർ.എസ്. എസ്. നടത്തുന്ന പരിപാടിയെ തടസ്സപ്പെടുത്തുന്ന സമീപനം സിപിഐ.(എം.) ന് ഇല്ലെന്ന് പി.ജയരാജൻ ആവർത്തിച്ചു.' മഹത് ജന്മങ്ങൾ മാനവ നന്മക്ക് 'എന്ന മുദ്രാവാക്യമുയർത്തിയാണ് 12 ന് സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ആർ.എസ്. എസ്. സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ വിശ്വാസികൾ പങ്കെടുക്കുകയില്ല എന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് സിപിഐ.(എം.) തടയുന്നുവെന്ന പ്രചാരണവുമായി സംഘപരിവാർ രംഗത്തിറങ്ങിയിട്ടുള്ളത്. അത് അവരുടെ മതഭ്രാന്ത് വളർത്താനുള്ള ശ്രമമാണ്. അതു വഴി ഇതര മത കമ്യൂണിസ്റ്റ് വിരോധമാണ്  ഉത്പ്പാദിപ്പിക്കപ്പെടുന്നത്. ജയരാജൻ  ആരോപിച്ചു. 

സിപിഐ.(എം )ഉം ആർ.എസ്. എസ്. ഉം പരസ്പരം  വാക്ക് കൊണ്ട് കൊമ്പു കോർക്കുമ്പോൾ കടുത്ത നിയന്ത്രണവുമായി പൊലീസ് രംഗത്തുണ്ട്. വാഹനങ്ങളുടെ മുകളിൽ കയറി കൊടി വീശുന്നതും നൃത്തം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളിൽ വലിയ കൊടികളുമേന്തി ഘോഷയാത്രയിൽ അണിചേരരുത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്ലോട്ടുകളും പാടില്ല. ശബ്ദങ്ങൾ അമിതമായാൽ മൈക്ക് സെറ്റ് ഉടമകൾക്കെതിരെ നടപടിയുണ്ടാകും. ഗതാഗത തടസ്സമുണ്ടാക്കിയാൽ വാഹന ഉടമകൾക്കെതിരെ കേസെടുക്കും. പ്രശ്‌ന സാധ്യതാ പ്രദേശങ്ങളിൽ ഘോഷയാത്ര പൊലീസ് തന്നെ വീഡിയോയിൽ ചിത്രീകരിക്കും. ജനങ്ങളും പൊലീസും ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ ഭയത്തോടെ കാണുന്ന അവസ്ഥയിലായിരിക്കയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP