Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാക്കിയുടെ മുഖം രക്ഷിക്കാൻ ഇതല്ലാതെ വേറെ തരമില്ല; വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ റൂറൽ എസ്‌പി എ.വി.ജോർജിന് സ്ഥലം മാറ്റം; രാഹുൽ.ആർ.നായർക്ക് പകരം ചുമതല; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന്റെ മലക്കം മറിച്ചിൽ; ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് റിപ്പോർട്ട്

കാക്കിയുടെ മുഖം രക്ഷിക്കാൻ ഇതല്ലാതെ വേറെ തരമില്ല; വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ റൂറൽ എസ്‌പി എ.വി.ജോർജിന് സ്ഥലം മാറ്റം; രാഹുൽ.ആർ.നായർക്ക് പകരം ചുമതല; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന്റെ മലക്കം മറിച്ചിൽ; ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്‌പി എ.വി.ജോർജിനെ മാറ്റി. തൃശ്ശൂർ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റം. രാഹുൽ ആർ നായർക്കാണ് പകരം ചുമതല.അന്വേഷണ വിധേയമായാണ് സ്ഥലംമാറ്റം.അച്ചടക്ക നടപടിയാണോയെന്ന ചോദ്യത്തിന് എ.വി.ജോർജ് മറുപടി നൽകിയില്ല.

എ.വി.ജോർജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആർടിഎഫിലെ അംഗങ്ങളായ പൊലീസുകാരാണ് ശ്രീജിത്തിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. സംഘത്തിലെ മൂന്ന് അംഗങ്ങളെയും വരാപ്പുഴ എസ്ഐയെയും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ആലുവ റൂറൽ എസ്‌പിക്ക് കസ്റ്റഡിമരണത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദേവസ്വംപാടത്ത് ക്രമസമാധാന പ്രശ്നമുണ്ടായപ്പോൾ ദ്രുതകർമസേനയടക്കമുള്ള പൊലീസ് സംഘം അങ്ങോട്ട് പോകണമെന്ന് നിർദ്ദേശം നൽകിയത് എസ്‌പിയാണ്. അതിൽ കവിഞ്ഞ് പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് നിഗമനം. പിന്നീടുള്ള കാര്യങ്ങൾ ഏകീകരിച്ചത് സിഐ ആണ്. ഈ സാഹചര്യത്തിൽ എ.വി ജോർജ്ജിന്റെ സ്ഥലം മാറ്റം മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നാണ് വിലയിരുത്തൽ.

എ.വി.ജോർജ് രൂപീകരിച്ച ആർടിഎഫ് സ്‌ക്വാഡിനെതിരെ നേരത്തെയും ആരോപണങ്ങളുയർന്നിരുന്നു. വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയിരുന്നു. ശ്രീജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ പൊലീസുകാർക്ക് മാത്രമല്ല അതിന് ഉത്തരവിട്ടവർക്കെതിരെയും നടപടി വേണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കളും അയൽവാസികളും ആവശ്യപ്പെട്ടിരുന്നു. അന്വേഷണവിധേയമായി ആലുവ എസ്‌പി എ.വിജോർജിനെ മാറ്റിനിർത്തണമെന്നും ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എ.വി.ജോർജിനെതിരായ നടപടി.

അതിനിടെ, വരാപ്പുഴയിൽ വീടു കയറി ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് മലക്കം മറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നിർണായക കേസിൽ തെളിവില്ലെന്നും കേസ് റദ്ദാക്കിയെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്ത് ഉൾപ്പെടെ വീട് കയറി ആക്രമിച്ചതിനെത്തുടർന്നാണു ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്നു തെളിയിക്കാനായില്ലെന്നാണ് നോർത്ത് പറവൂർ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയത്. അറസ്റ്റിലായ പ്രതികൾക്കു കേസുമായി ബന്ധമില്ല. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

വരാപ്പുഴയിൽ വീടു കയറി ആക്രമിച്ചതും ഈ സംഭവമാണ് വാസുദേവന്റെ ആത്മഹത്യയ്ക്കു പ്രേരണയായതെന്നും കാണിച്ച് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ വീട് കയറി ആക്രമിച്ച കേസ് നിലനിൽക്കും. ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലിരിക്കെയാണു ശ്രീജിത്തുകൊല്ലപ്പെട്ടത്. ഈ കേസാണിപ്പോൾ റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP