Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴയിൽ കൈപൊള്ളിയ എസ് പി സുകേശൻ കുരുങ്ങുമെന്ന് ഉറപ്പായി; സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞതായി സൂചന; കെ എം മാണി രക്തസാക്ഷി പരിവേഷം നേടാനുള്ള ശ്രമത്തിൽ

ബാർകോഴയിൽ കൈപൊള്ളിയ എസ് പി സുകേശൻ കുരുങ്ങുമെന്ന് ഉറപ്പായി; സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞതായി സൂചന; കെ എം മാണി രക്തസാക്ഷി പരിവേഷം നേടാനുള്ള ശ്രമത്തിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. സംസ്ഥാന സർക്കാറിലെ പ്രധാന മന്ത്രിമാർ എല്ലാം ബാർകോഴയിലും സോളാറിലും കുരുങ്ങിക്കഴിയുന്നു. ഉദ്യോഗസ്ഥർ ആകട്ടെ ഭരണമാറ്റം മുന്നിൽകണ്ട് അനുസരണശീലം തീരെ ഇല്ലാത്തവരായി മാറിയിരിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിലാണ് വിജിലൻസ് എസ് പി സുകേശനെതിരെ ബാർകോഴ കേസിലെ ഗൂഢാലോചന കുറ്റം ആരോപിച്ച് സർക്കാർ രംഗത്തുവന്നത്. ബിജു രമേശുമായി സുകേശൻ നടത്തിയ ഗൂഢാലോചനയാണ് എല്ലാ വിവാദത്തിനും കാരണമെന്നാണ് കെ എം മാണിയും സർക്കാറും ആരോപിക്കുന്നത്. ഇതോടെ എസ് പി സുകേശനെ വിജിലൻസിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും ശക്തമായി. സുകേശനെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നാല് മന്ത്രിമാരെ കുരുക്കാൻ വേണ്ടി സുകേശൻ ശ്രമിച്ചെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇതോടെ ഗൂഢാലോചനാ കുറ്റം ചുമത്തി സുകേശനെ സർവീസിൽ നിന്നും പുറത്താക്കാനാണ് ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നതിനാൽ സുകേശനെതിരെ സർക്കാരിന് നടപടി കൈക്കൊള്ളാം. കോഴക്കേസിൽ തെളിവായി ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയടങ്ങിയ സി.ഡി 2015 ജനുവരി 21ന് വിജിലൻസിന് ലഭിച്ചതാണ്.

അത് പതിമ്മൂന്ന് മാസം കൈയിൽ വച്ച ശേഷമാണ് സുകേശനെതിരെ തെളിവുകിട്ടിയെന്ന പ്രചാരണം. ബാർകോഴക്കേസിൽ കൂടുതൽ മന്ത്രിമാർക്കെതിരെ ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനെ സർക്കാർ പ്രതിക്കൂട്ടിലാക്കിയതെന്ന ആക്ഷേപം ഉദ്യോഗസ്ഥർക്കിടയിൽ ശക്തമാണ്. അതുകൊണ്ട് തന്നെ സുകേശനെതിരെ നടപടി വന്നാൽ ഉദ്യോഗസ്ഥർ പ്രതിരോധം തീർക്കാൻ വേണ്ടി രംഗത്തെത്തുമെന്ന കാര്യവും ഉറപ്പാണ്.

ബിജുരമേശ് ഹാജരാക്കിയ ശബ്ദരേഖകളും ബാറുടമകളുടെ ശബ്ദവുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും സി.ഡിയിൽ എഡിറ്റിങ് വരുത്തിയതിനാൽ ശബ്ദം ആരുടേതാണെന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും വിജിലൻസ് രണ്ട് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മാണിക്കെതിരായ കോഴക്കേസ് അവസാനിപ്പിക്കാൻ നൽകിയ അന്തിമറിപ്പോർട്ടിലും സി.ഡിയിൽ കൃത്രിമമുണ്ടെന്നാണ് ഫോറൻസിക് റിപ്പോർട്ടെന്നാണ് വിജിലൻസ് പറയുന്നത്. എന്നാൽ, സുകേശനെതിരെയുള്ള എ.ഡി.ജി.പി ശങ്കർറെഡ്ഡിയുടെ റിപ്പോർട്ടിനൊപ്പം, ബിജുരമേശിന്റെ സി.ഡികൾ യഥാർത്ഥമാണെന്ന ഫോറൻസിക് റിപ്പോർട്ടുമുണ്ട്. ശബ്ദം റെക്കാഡ് ചെയ്ത മൊബൈൽഫോണും സി.ഡിയിലാക്കിയ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്കും പരിശോധിച്ച ഫോറൻസിക് വിഭാഗം, മായ്ച്ചുകളഞ്ഞ ഭാഗം വീണ്ടെടുത്തെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഫോണിന്റെ മെമ്മറി കാർഡിലുണ്ടായിരുന്ന നാലു ഫയലുകളിൽ മായ്ച്ചുകളഞ്ഞ മൂന്നുമണിക്കൂർ അഞ്ചുമിനിട്ടുള്ള ശബ്ദരേഖയാണ് ഫോറൻസിക് ലാബിൽ വീണ്ടെടുത്തതത്രേ. സുകേശനെക്കുറിച്ചുള്ള പരാമർശങ്ങൾ ബിജുരമേശ് ബോധപൂർവം മായ്ച്ചുകളഞ്ഞു എന്നാണ് സർക്കാർ ഭാഷ്യം.

പലതവണ എഡിറ്റ് ചെയ്ത സി.ഡി, തെളിവുനിയമത്തിലെ 65 (ബി ) വകുപ്പുപ്രകാരം കോഴക്കേസിൽ തെളിവാകില്ലെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളതെന്നാണ് വിജിലൻസിന്റെ വാദം. സുകേശനെതിരെ കേസെടുത്താലും ഈ സി.ഡി തെളിവായി സമർപ്പിക്കാനാവില്ലെന്ന സൂചനയുമുണ്ട്. എന്നാൽ സർക്കാറിന്റെ ചൊൽപ്പടിക്കു നിൽക്കാത്ത ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് സർക്കാറിന്റെ ഉദ്യോശ്യം. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥനെ പുറത്താക്കാനാണ് നീക്കം. ബാറുടമകളുമായുള്ള സുകേശന്റെ ബന്ധത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

സർവീസിൽ ഇരിക്കേ വിവാദമായ കേസുകൾ അന്വേഷിച്ചിട്ടുണ്ട് സുകേശൻ. എന്നാൽ അന്വേഷണവിവരങ്ങൾ ചോരുന്നു എന്നതായിരുന്നു കേരള കോൺഗ്രസുകാരുടെ പോലും പരാതി. പ്രതികളുടെയും വാദികളുടെയും മൊഴിയെടുക്കാൻ പലപ്പോഴും തനിച്ചാണ് സുകേശൻ പോയിരുന്നത്. പക്ഷേ അഴിമതിയാരോപണമുന്നയിച്ച ബിജുരമേശ് അടക്കമുള്ളവരെ വിലയിരുത്തുന്നതിലും അവരുടെ ഉദ്ദേശ്യം മനസിലാക്കുന്നതിലും സുകേശന് പിഴവുണ്ടായി. നാലു മന്ത്രിമാർക്കു കൂടി കോഴനൽകിയെന്ന് സുകേശന് മൊഴിനൽകുന്നതിന് മുൻപുതന്നെ ബിജുരമേശ് മാദ്ധ്യമങ്ങളിൽ പറഞ്ഞിട്ടുണ്ട്. അത് സുകേശൻ പറഞ്ഞിട്ടാവണമെന്നില്ല. എന്നാൽ സുകേശനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് പിന്നാലെ സോളാർ കമ്മിഷനിൽ എ.ഡി.ജി.പി ശങ്കർറെഡ്ഡിക്കെതിരെ സരിത എസ്. നായർ ആരോപണമുന്നയിച്ചത് ദുരൂഹമാണെന്നും ഇതിൽ മദ്യലോബിയുടെ പങ്ക് സംശയിക്കണമെന്നും ഇന്റലിജൻസ് വിഭാഗം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. െ

സുകേശനുമായുള്ള ബന്ധമറിയാൻ ബിജുരമേശിന്റെ മൊഴിയാവും ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തുക. പിന്നീട് ബാറുടമകളുടെ മൊഴിയെടുക്കും. സുകേശന്റെ ഭാഗംകൂടി കേട്ടശേഷമാവും അന്തിമറിപ്പോർട്ട് നൽകുക. സർക്കാർ ഉത്തരവ് കിട്ടിയാലുടൻ അന്വേഷണം തുടങ്ങുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ രക്തസാക്ഷി പരിവേഷം ലഭിക്കാനുള്ള ചെപ്പടി വിദ്യകളാണ് കെ എം മാണി പയറ്റുന്നത്. തന്നെ ഗൂഢോലോചനയിൽ കുരുക്കിയെന്ന് പറഞ്ഞ് സഹതാപം നേടാൻ മാണി ശ്രമം തുടങ്ങി. കത്തോലിക്കാ വോട്ടുകൾ സഹതാപത്തിലൂടെ സ്വന്തമാക്കാമെന്നാണ് മാണിയുടെ മനസിലിരുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP