Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈംബ്രാഞ്ച് എഡിജിപിയും ഐജിയും നോ പറഞ്ഞു; സുകേശനെതിരെയുള്ള അന്വേഷണം ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥന് തന്നെ; ബാർ കോഴയിലെ ഗൂഢാലോചന എസ് പി ഉണ്ണിരാജ അന്വേഷിക്കും

ക്രൈംബ്രാഞ്ച് എഡിജിപിയും ഐജിയും നോ പറഞ്ഞു; സുകേശനെതിരെയുള്ള അന്വേഷണം ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥന് തന്നെ; ബാർ കോഴയിലെ ഗൂഢാലോചന എസ് പി ഉണ്ണിരാജ അന്വേഷിക്കും

തിരുവനന്തപുരം: പൊലീസുകാർക്ക് എതിരായ അന്വേഷണങ്ങൾ എങ്ങനെ നടത്തണമെന്നതിൽ വ്യക്തമായ കീഴ് വഴക്കങ്ങളുണ്ട്. എസ് ഐയാണ് കുറ്റാരോപിതനെങ്കിൽ സിഐ റാങ്കിലുള്ളവർ അന്വേഷിക്കും. സി ഐ ആണെങ്കിൽ ഡിവൈഎസ്‌പി, ഡിവൈഎസ് പിയാണെങ്കിൽ എസ് പി. ഇതൊക്കയായിരുന്നു പതിവ്. എന്നാൽ ബാർ കോഴയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി സുകേശനെതിരായ കേസ് അന്വേഷിക്കുക എസ് പി ഉണ്ണിരാജയാണ്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തും എഡിജിപി അനന്തകൃഷ്ണനും കേസിന്റെ അന്വേഷണം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് ഇത്.

ബാർ കോഴയിൽ സുകേശനെതിരായ കേസിനെ ചൊല്ലി പൊലീസിനുള്ളിൽ രണ്ടഭിപ്രായമുണ്ട്. ഇതാണ് പുലിവാല് പിടിക്കാതിരിക്കാൻ എഡിജിപിയും ഐജിയും പ്രത്യേകം ശ്രദ്ധിച്ചത്. നാലു മന്ത്രിമാരെ ബാർ കോഴക്കേസിൽ കുടുക്കാൻ എസ്‌പി ആർ. സുകേശൻ ബിജു രമേശുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ പിന്മാറിയതോടെയാണ് തൃശൂർ ക്രൈംബ്രാഞ്ച് ടെമ്പിൾ ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ്‌പി പി.എൻ. ഉണ്ണിരാജനെ കേസ് ഏൽപ്പിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഉണ്ണിരാജനെ കണ്ണൂർ പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റി ക്രൈംബ്രാഞ്ചിൽ നിയമിച്ചത്. ക്രൈംബ്രാഞ്ചിലെ കളങ്കരഹിതനായ ഉദ്യോഗസ്ഥനെക്കൊണ്ട് സുകേശനെതിരായ ആരോപണം പരിശോധിപ്പിക്കണമെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന പൊലീസിലെ മുതിർന്ന എസ്‌പിയായ ഉണ്ണിരാജന് 2013 ഓഗസ്റ്റിൽ ഐ.പി.എസ് പദവി ലഭിച്ചിരുന്നു. എന്നാൽ സുകേശനെതിരായ കേസ് ഉണ്ണിരാജ അന്വേഷിക്കുന്നതിലെ സാങ്കേതികതയാണ് ചർച്ചയാകുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അതേ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെതിരെ എത്രമാത്രം കാര്യക്ഷമമായി കേസ് അന്വേഷണം നടത്താനാകുമെന്നതാണ് ഉയരുന്ന ചോദ്യം.

ഗുരുതരമായ പെരുമാറ്റദൂഷ്യവും കർത്തവ്യ നിർവഹണത്തിലെ വീഴ്ചയും കണ്ടെത്തിയ സുകേശനെതിരെ വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശിന്റെയും ബാറുടമകളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാവും സുകേശനിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കുക. അതിന് ശേഷം മാത്രമേ എഫ് ഐ ആർ ഇടൂവെന്നാണ് സൂചന. എന്നാൽ സുകേശനെതിരെ രൂക്ഷമായ വിമർശനങ്ങൾ വിജിലൻസ് ഡയറക്ടർ നടത്തുന്നുണ്ട്. അതിനാൽ കേസ് എടുക്കേണ്ട സാഹചര്യമുണ്ടെന്നാണ് സൂചന.

അതിനിടെ കേസ് ഉണ്ണിരാജൻ ഏറ്റെടുക്കുമോ എന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ക്രൈംബ്രാഞ്ചിൽ ഐപിഎസുള്ള മുതിർന്ന ഈ ഉദ്യോഗസ്ഥനും വിസമ്മതം പ്രകടിപ്പിച്ചാൽ സുകേശനെതിരായ അന്വേഷണം പുതിയ സാങ്കേതിക കുരുക്കുകളിലേക്ക് എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP