Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കിലോ സ്വർണവും ഇന്നോവ കാറും കോടികളുടെ ഭൂസ്വത്തും നൽകി അച്ഛനമ്മമാർ യാത്രയാക്കിയത് അനേകം പേരുടെ അനുഗ്രഹാശിസ്സുകളോടെ; എന്നിട്ടും വിവാഹത്തിന്റെ എഴുപത്തി ഒമ്പതാം നാൾ മകൾ ആത്മഹത്യ ചെയ്തതിൽ ദുരൂഹതകളേറെ എന്ന് മാതാപിതാക്കൾ

ഒരു കിലോ സ്വർണവും ഇന്നോവ കാറും കോടികളുടെ ഭൂസ്വത്തും നൽകി അച്ഛനമ്മമാർ യാത്രയാക്കിയത് അനേകം പേരുടെ അനുഗ്രഹാശിസ്സുകളോടെ; എന്നിട്ടും വിവാഹത്തിന്റെ എഴുപത്തി ഒമ്പതാം നാൾ മകൾ ആത്മഹത്യ ചെയ്തതിൽ ദുരൂഹതകളേറെ എന്ന് മാതാപിതാക്കൾ

വെഞ്ഞാറമൂട്: അത്യാർഭാടത്തോടെ ആയിരുന്നു സൽഷ എന്ന ഇതുപതുകാരിയുടെയും റോഷൻ എന്ന യുവാവിന്റെയും കല്യാണം. ആഡംബര കൊഴപ്പിൽ നടന്ന കല്ല്യാണത്തിൽ സൽഷയെ ഭർതൃ വീട്ടിലേക്ക് യാത്രയാക്കിയത് അനേകം പേരുടെ അനുഗ്രഹാശിസ്സുകളോടെ. നാടിനെ അത്ഭുതപ്പെടുത്തിയ കല്ല്യാണത്തിന്റെ 79-ാം നാൾ മകൾ ആത്മഹത്യ ചെയ്തതിന്റെ തീരാ വേദനയിലാണ് സൽഷയുടെ കുടുംബം.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷയെ (20) ഭർതൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ബാഷാ ഡെയ്‌ലിൽ ഷാനവാസ് - സലീന ദമ്പതികളുടെ മകളാണ് സൽഷ. വിവരമറിഞ്ഞ് അവിശ്വനീയതയോടെ മകളുടെ ഭർതൃഗൃഹത്തിലേയ്ക്ക് പാഞ്ഞെത്തിയ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കാണാനായത് സീലിങ് ഫാനിൽ തൂങ്ങി നിൽക്കുന്ന സൽഷയുടെ ചേതനയറ്റ ശരീരമായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 23നാണ് സൽഷയും റോഷനും വിവാഹിതരായത്. സുന്ദരിയും ബിരുദധാരിയുമായ സൽഷയ്ക്ക് സ്ത്രീധനമായി ഒരു കിലോ സ്വർണവും കോടികളുടെ വിലയിലുള്ള ഭൂമിയും രജിസ്റ്റർ ചെയ്ത് നൽകി. മരുമകന് ഇന്നോവ കാർ സമ്മാനമായും നൽകി അത്യാർഭാഡത്തോടെയായിരുന്നു വിവാഹം.

ഗൾഫിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന റോഷൻ (26) അഷറഫ് - നസിയത്ത് ദമ്പതികളുടെ മകനാണ്. വിവാഹത്തിന്റെ ആദ്യ നാളുകൾ സ്വപ്നതുല്യമായിരുന്നു. എന്നാൽ, മധുവിധുമായും മുമ്പേ റോഷന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം വരികയായിരുന്നു. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷൻ വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സൽഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗൾഫിൽ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷൻ സുഖലോലുപതയ്ക്ക് നടുവിലായിരുന്നു.

മിന്നുചാർത്തി ജീവിത പങ്കാളിയായി വീട്ടിലെത്തിച്ച തന്നോട് റോഷന്റെ അവഗണന സൽഷക്ക് സഹിക്കാനായില്ല. ഇതിനിടയിൽ സ്ത്രീധനത്തെച്ചൊല്ലിയും റോഷനും ബന്ധുക്കളും സൽഷയോട് കലഹം തുടങ്ങി. സ്വന്തം വീട്ടിൽ പോകണമെന്ന ആഗ്രഹത്തിനും റോഷൻ വിലക്കേർപ്പെടുത്തി. ഈ വിവരങ്ങൾ സൽഷ മാതാപിതാക്കളിൽ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതിയോട് താൻ അനുഭവിക്കുന്ന വേദന പങ്കുവച്ചു. പക്ഷേ, അത്യാഡംബരത്തോടും ആഹ്‌ളാദത്തോടും വിവാഹം നടത്തി ദിവസങ്ങൾ പിന്നിടും മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ തിരികെ പോകാൻ സൽഷയുടെ മനസ്സ് അനുവദിച്ചില്ല. കടുത്ത മാനസിക സമ്മർദ്ധത്തിലായ സൽഷയുടെ മൃതദേഹമാണ് പിന്നീട് വീട്ടുകാർ കാണുന്നത്.

ടോപ്പും പാന്റും ധരിച്ച് കട്ടിലിൽ കാൽപാദം മുട്ടി നിൽക്കുന്ന നിലയിലായിരുന്നു സൽഷയുടെ മൃതദേഹം. ഒറ്റനോട്ടത്തിൽ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.

എന്നാൽ തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സൽഷയുടെ മാതാപിതാക്കൾ. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരിക-മാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം. ആത്മഹത്യാക്കുറിപ്പോ ജീവനൊടുക്കുന്നതിന്റെ സൂചനകളോ മാതാപിതാക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ നൽകാതെ സൽഷ മരണത്തിന്റെ വഴി തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യമാണ് ദുരന്തത്തിൽ വിറങ്ങലിച്ച് കഴിയുന്ന ഉറ്റബന്ധുക്കളുടെ ഉള്ളിലുയരുന്നത്.

നെടുമങ്ങാട് തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം അവനവഞ്ചേരി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. സൽഷയുടെ മൃതദേഹം കാണാൻ റോഷനും ബന്ധുക്കളും ആറ്റിങ്ങലിലെ വീട്ടിലെത്തിയപ്പോൾ ജനം രോഷാകുലരായെങ്കിലും ജനപ്രതിനിധികളുടെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സൽഷ മരണപ്പെട്ട സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഉന്നതർക്കും മുഖ്യമന്ത്രിക്കും പരാതി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP