Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിജിപി സ്ഥാനക്കയറ്റം സംബന്ധിച്ച അന്വേഷണത്തിൽനിന്ന് സുകേശനെ മാറ്റണം; ബാർ കോഴക്കേസിൽ തന്നെ കുടുക്കിയ സുകേശനെതിരേ ജേക്കബ് തോമസിനു കത്തു നല്കി ശങ്കർ റെഡ്ഡി

ഡിജിപി സ്ഥാനക്കയറ്റം സംബന്ധിച്ച അന്വേഷണത്തിൽനിന്ന് സുകേശനെ മാറ്റണം; ബാർ കോഴക്കേസിൽ തന്നെ കുടുക്കിയ സുകേശനെതിരേ ജേക്കബ് തോമസിനു കത്തു നല്കി ശങ്കർ റെഡ്ഡി

തിരുവനന്തപുരം: ഐപിഎസ് നേൃത്വത്തിലെ പോരുമുറുക്കിക്കൊണ്ട് തനിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതു സംബന്ധിച്ച അന്വേഷണത്തിൽനിന്ന് എസ്‌പി ആർ. സുകേശനെ മാറ്റണമെന്ന് വിജിലൻസ് മുൻ ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി ആവശ്യപ്പെട്ടു. സുകേശനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെന്നും അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നയാളാണെന്നും വിജിലൻസ് ഡയറക്ർ ജേക്കബ് തോമസിന് നൽകിയ കത്തിലാണ് ശങ്കർ റെഡ്ഡി വ്യക്തമാക്കിയിരിക്കുന്നത്.

സ്റ്റേറ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ഡയറക്ടർ ശങ്കർ റെഡ്ഡിക്കു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതു മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന പരാതിയിൽ പ്രാഥമികാന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. അടുത്ത മാസം 15നകം റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ബാർ കോഴക്കേസിൽ തനിക്കെതിരേ മൊഴി നല്കിയ സുകേശനെ കേസ് എൽപ്പിക്കരുതെന്നാണ് ശങ്കർ റെഡ്ഡിയുടെ ആവശ്യം.

മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ താൻ തയ്യാറാക്കിയ റിപ്പോർട്ട് പൂർണമായും തള്ളി അന്നത്തെ വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡി സ്വന്തം നിലയിൽ റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മൊഴി നല്കിയത്. കോടതിയിൽ വിജിലൻസ് ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കിക്കൊണ്ടു സമർപ്പിച്ച റിപ്പോർട്ടിനൊപ്പമാണ് സുകേശന്റെ മൊഴിയും ഉൾപ്പെടുത്തിയത്.

വിജിലൻസ് കോടതി നിർദ്ദേശപ്രകാരമാണ് കേസ് രണ്ടാമതും അന്വേഷിക്കാൻ തനിക്ക് ചുമതല ലഭിച്ചതെന്ന് സുകേശന്റെ മൊഴിയിലുണ്ട്. അതിനുമുമ്പ് മാണിയെ വെള്ളപൂശി സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് കോടതി നേരിട്ട് സുകേശന് അന്വേഷണച്ചുമതല നൽകിയത്. ഈ അന്വേഷണവും ശങ്കർറെഡ്ഡി അട്ടിമറിച്ചു. കേസ് അന്വേഷണത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമിടയിൽ ഓരോതവണയും ശങ്കർറെഡ്ഡി ഇടപെട്ടുവെന്നും മൊഴിയിലുണ്ട്. നിരവധിതവണ റിപ്പോർട്ട് മാറ്റിവച്ചു. ഏറ്റവും ഒടുവിൽ 2016 ജനുവരി 11ന് അന്തിമറിപ്പോർട്ടുമായി ശങ്കർറെഡ്ഡിയെ ചെന്നുകണ്ടു. ഡിവൈഎസ്‌പി വിനോദിനൊപ്പമാണ് പോയത്. തങ്ങളുടെ റിപ്പോർട്ട് വായിച്ചശേഷം ശങ്കർറെഡ്ഡി സ്വന്തം കംപ്യൂട്ടറിൽ തയ്യാറാക്കിയ റിപ്പോർട്ട് വിനോദ് കൊണ്ടുവന്ന പെൻഡ്രൈവിലേക്ക് പകർത്തിനൽകി. ഈ റിപ്പോർട്ട് ഫൈനൽ റിപ്പോർട്ടാക്കി ജനുവരി 12ന് ശങ്കർറെഡ്ഡിയെ കാണിച്ചു. താൻ തയ്യാറാക്കിയ റിപ്പോർട്ടാണ് കൊടുക്കുന്നതെന്ന് ഉറപ്പ്വരുത്തിയശേഷമാണ് കോടതിയിൽ സമർപ്പിക്കാൻ അനുവദിച്ചത്. തുടർന്ന് ശങ്കർറെഡ്ഡിയുടെ നിർദ്ദേശപ്രകാരം 13നുതന്നെ ആ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നുവെന്നും സുകേശൻ മൊഴിനൽകി.

കേസ്ഡയറി തിരുത്തണമെന്നും ശങ്കർറെഡ്ഡി ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവും മൊഴിയിലുണ്ട്. ശങ്കർറെഡ്ഡി ഡയറക്ടറാകുന്നതിനുമുമ്പാണ് വിജിലൻസ് ആദ്യറിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. അന്നത്തെ ഡയറക്ടർ വിൻസൺ എം പോളും സർക്കാരിന്റെ സമ്മർദത്തിന് കീഴടങ്ങി അന്വേഷണം അട്ടിമറിച്ചു. ഇതിനെ രൂക്ഷമായി വിമർശിക്കുകയും തുടരന്വേഷണത്തിന് സുകേശനെത്തന്നെ കോടതി നേരിട്ട് ചുമതലപ്പെടുത്തുകയുമായിരുന്നു. എന്നാൽ, വിൻസൺ എം പോളിനേക്കാൾ വീറോടെയാണ് ശങ്കർറെഡ്ഡി കേസിൽ ഇടപെട്ടത്. വിജിലൻസ് ഡയറക്ടർആവശ്യപ്പെട്ടതനുസരിച്ച് കേസ്ഡയറി തിരുത്താൻ തയ്യാറാകാത്തതിന്റെ പേരിലാണ് തനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സുകേശൻ മൊഴിയിൽ പറയുന്നുണ്ട്.

അന്നത്തെ രാഷ്ട്രീയസാഹചര്യം കാരണമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യാതിരുന്നത്. റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ തന്റെ ഭാവി നശിക്കുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് ഈ ഭയവും ആശങ്കയും ശരിവയ്ക്കുന്നു. ശങ്കർറെഡ്ഡി ചുമതലയേറ്റതുമുതൽ ഓരോ ചർച്ചയിലും മാണിക്കെതിരായ തെളിവുകളുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് സംസാരിച്ചത്. തെളിവുകൾ നിലനിൽക്കില്ലെന്ന് സ്ഥാപിക്കാനുള്ള നിർദ്ദേശവുമുണ്ടായി. പിന്നീട് നിരന്തരം അന്വേഷണത്തിൽ ഇടപെടുകയും രേഖാമൂലവും അല്ലാതെയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിച്ചു. അന്വേഷണം എത്രയും പെട്ടെന്ന് തീർക്കണമെന്ന് നിർബന്ധിച്ചുവെന്നും മൊഴിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP