Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1500 കോടിയുടെ നുണ പറഞ്ഞ് ശശി തരൂർ; തിരുവനന്തപുരം എംപിക്ക് പുതിയ തലവേദനയുമായി വിവരാവകാശ രേഖകൾ

1500 കോടിയുടെ നുണ പറഞ്ഞ് ശശി തരൂർ; തിരുവനന്തപുരം എംപിക്ക് പുതിയ തലവേദനയുമായി വിവരാവകാശ രേഖകൾ

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂർ ആദ്യം എംപിയായപ്പോൾ വിവിധ കാര്യങ്ങൾ നടപ്പിലാക്കിയെന്ന് പറഞ്ഞത് നുണകളായിരുന്നെന്ന വെളിപ്പെടുത്തലുമായി സമകാലിക മലയാളം വാരിക. വെള്ളിയാഴ്ച പുറത്തിറങ്ങിയ പതിപ്പിലാണ് ഇത് സംബന്ധിച്ച ലേഖനമുള്ളത്. വിഷയം ഇതിനോടകം ചർച്ചയായി മാറിയിട്ടുണ്ട്.

നരേന്ദ്ര മോദിയെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കിയതിന് കോൺഗ്രസ് നേതൃത്വം താക്കീത് ചെയ്തതിന്റെ ക്ഷീണം വിട്ടുമാറുംമുമ്പാണ് തിരുവനന്തപുരം എംപി പുതിയ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. എന്തിനാണ് ശശി തരൂർ കള്ളം പറയുന്നത് എന്നാണ് മലയാളം വാരികയിലെ റിപ്പോർട്ട് ചോദിക്കുന്നത്. തരൂർ പറഞ്ഞത് മുഴുവൻ കള്ളമാണെന്നത് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് അദ്ദേഹം അവകാശപ്പെട്ട 2500 കോടിയുടെ വികസന പ്രവർത്തനങ്ങളിൽ സത്യമെത്ര കോടിയാണെന്ന് റിപ്പോർട്ട് ആരായുന്നു. ഇതിൽ 1500 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ പിൻബലത്തോടെ വാരിക വെളിപ്പെടുത്തുന്നത്.

ഇക്കാര്യത്തിൽ തരൂരിനോട് വിശദീകരണം തേടിയെങ്കിലും അത് ലഭിച്ചില്ലെന്നും വാരിക പറയുന്നു. കേന്ദ്രം ഭരിച്ച യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്ന തരൂർ ഭരണം മാറിയപ്പോൾ പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷനായി.

രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാൻ കടുത്ത നുണകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു തരൂർ എന്ന വിലയിരുത്തലാണ് ലേഖനം നടത്തുന്നത്. 2009-2014 കാലയളവിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവനന്തപുരത്തിനും കേരളത്തിനാകെയും അഭിമാനിക്കാവുന്ന 2500 കോടിയുടെ വികസന നേട്ടങ്ങൾ എന്ന രീതിയിൽ നടത്തിയ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.

സ്വത്തുക്കളെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ മറച്ചുവച്ച തരൂർ വോട്ടു കിട്ടാൻ നുണകൾ പ്രചരിപ്പിച്ചു എന്നത് ഗുരുതരമായ തെറ്റാണ്. യഥാർഥ വിവരങ്ങൾ മറച്ചുവച്ചാണ് തരൂർ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നു കാട്ടി ബിജെപി ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി തരൂരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

വോട്ടുനേടാൻ കടുത്ത നുണകൾ പ്രചരിപ്പിച്ചു എന്നുകാട്ടി മാദ്ധ്യമപ്രവർത്തകനായ ഏലിയാസ് ജോൺ നൽകിയ ഹർജിയിലും ഹൈക്കോടതി തരൂരിന് നോട്ടീസ് അയച്ചിട്ടുണ്ട്. സ്വത്ത് വിവരം സംബന്ധിച്ച ഹർജിക്ക് അഭിഭാഷകൻ മുഖേന മറുപടി നൽകിയെങ്കിലും പ്രചാരണത്തിന് നുണകൾ പറഞ്ഞുവെന്ന കാര്യത്തിൽ തരൂർ വിശദീകരണം നൽകിയിട്ടില്ല.

എന്തായാലും നരേന്ദ്ര മോദി സ്തുതി പാടി കോൺഗ്രസിന്റെ ശാസന നേടിയ തരൂർ പുതിയ വിവാദത്തിൽപ്പെട്ടത് കോൺഗ്രസിനും തിരിച്ചടിയായേക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചവേളയിലാണ് തരൂർ 2500 കോടിയുടെ വികസനമെന്ന പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയങ്ങൾ നേരിടുന്ന കോൺഗ്രസിന് തരൂരിലൂടെ വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP