Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർക്സിറ്റ് ഭീകരതക്കെതിരെ മാനവികതയുടെ പോരാട്ടവുമായി പാച്ചേനി; കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കാനുറച്ച് കോൺഗ്രസ്

മാർക്സിറ്റ് ഭീകരതക്കെതിരെ മാനവികതയുടെ പോരാട്ടവുമായി പാച്ചേനി; കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കാനുറച്ച് കോൺഗ്രസ്

രഞ്ജിത് ബാബു

കണ്ണൂർ: കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സാക്ഷി ഉണർത്താൻ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ നവദർശൻ യാത്ര ഇന്നാരംഭിക്കുന്നു. കൊല്ലപ്പെട്ട മട്ടന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ഷുഹൈബിന്റെ നാടായ എടയന്നൂരിൽ നിന്നാണ് യാത്രയുടെ തുടക്കം.

മാർക്സിറ്റ് ഭീകരതക്കെതിരെ മാനവികതയുടെ പോരാട്ടം എന്ന മുദ്രാവാക്യമുയർത്തിയാണ് സിപിഐ.(എം). നെതിരെ പ്രത്യക്ഷ പ്രചാരണത്തിന് കോൺഗ്രസ്സ് ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ അക്രമത്തിനും കൊലപാതകത്തിനും നേതൃത്വം നൽകുന്നവരെ സാമൂഹ്യ ബഹിഷ്‌ക്കരണത്തിലൂടെ ഒറ്റപ്പെടുത്താനും മാനവികത ഉയർത്തിപ്പിടിച്ച് നന്മയുടെ രാഷ്ട്രീയം സാമൂഹ്യ മണ്ഡലത്തിൽ ശക്തിപ്പെടുത്താനുമാണ് ഈ ജനകീയ ദൗത്യം കോൺഗ്രസ്സ് ഏറ്റെടുത്തിട്ടുള്ളതെന്ന് പറയുന്നു.

ബോംബുകളും കൊടുവാളുകളും ആയുധങ്ങളും സമാധാനത്തിനും വികസനത്തിനും എതിരാണ്. സമാധാനത്തിനധിഷ്ഠിതമായ ഭയരഹിതമായ ഒരു അന്തരീക്ഷം ജില്ലയിൽ കെട്ടിപ്പടുക്കാനാണ് നവദർശന യാത്ര കൊണ്ട് കോൺഗ്രസ്സ് ലക്ഷ്യമിടുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി മറുനാടൻ മലയാളിയോട് പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഏറെ ഉത്തരവാദിത്വമുണ്ട്. അക്രമരാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കളെ ഒറ്റപ്പെടുത്തണമെന്നും സമാധാന പ്രേമികളോട് അദ്ദേഹം അഭ്യർത്ഥിക്കുന്നു. ജനാധിപത്യ മതേതര പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസ്സ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. വർഗ്ഗ ഫാസിസവും വർഗ്ഗീയ ഫാസിസവും രണ്ടും നാടിന് ആപത്താണ്. കേന്ദ്ര സർക്കാർ വർഗ്ഗീയ ഫാസിസം അടിച്ചേൽപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ വർഗ്ഗ ഫാസിസം നടപ്പാക്കുകയാണെന്ന് പാച്ചേനി ആരോപിച്ചു.

ഷുഹൈബ് വധവും അതേ തുടർന്നുള്ള സമരവും ജനമനസാക്ഷിയെ ഉണർത്താൻ കോൺഗ്രസ്സിന്റെ സംഘാടകത്വത്തിന് കഴിഞ്ഞിരുന്നു. കണ്ണൂർ ജില്ല വിട്ട് ഒരു രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്തും ദേശീയ തലത്തിലും ചർച്ച ചെയ്യപ്പെടാൻ ഡി.സി.സി. പ്രസിഡണ്ട് മുതൽ കെ.സുധാകരൻ വരെയുള്ള നേതാക്കളുടെ ഉപവാസ സമരം കാരണമായിരുന്നു. അതിന്റെ തടുർച്ചയെന്നോണം ഇത്തരമൊരു ജില്ലാതല യാത്ര സംഘടിപ്പിച്ച് സമാധാന ശ്രമം ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.

ഫലത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ സാന്നിധ്യം ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലിന് കെ.പി.സി. സി. പ്രസിഡണ്ട് എം.എം. ഹസ്സൻ നവ ദർശനയാത്ര ഉത്ഘാടനം ചെയ്യും. കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം കെ..സുധാകരൻ, കെ.സി. ജോസ്ഫ്. എംഎൽഎ, കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി.സിദ്ദിഖ് എന്നിവർ ഉത്ഘാടന ചടങ്ങിൽ പ്രസംഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP