Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണപ്പരീക്ഷ എത്താറായല്ലോ സഖാവേ.. പാഠപുസ്തകം ഇപ്പോഴും പ്രസ്സിലാണോ? ഇടതു സർക്കാർ അധികാരത്തിലെത്തിയിട്ടു പുസ്തക വിതരണം ശരിയായില്ല; പുസ്തകം നൽകാത്തത് ഗുരുതര വീഴ്ചയെന്ന് പി കെ അബ്ദുറബ്ബ്; വൈകിയാണ് അറിഞ്ഞത്; നാലു ദിവസത്തിനകം പ്രശ്‌ന പരിഹാരമെന്ന് മന്ത്രി രവീന്ദ്രനാഥ്

ഓണപ്പരീക്ഷ എത്താറായല്ലോ സഖാവേ.. പാഠപുസ്തകം ഇപ്പോഴും പ്രസ്സിലാണോ? ഇടതു സർക്കാർ അധികാരത്തിലെത്തിയിട്ടു പുസ്തക വിതരണം ശരിയായില്ല; പുസ്തകം നൽകാത്തത് ഗുരുതര വീഴ്ചയെന്ന് പി കെ അബ്ദുറബ്ബ്; വൈകിയാണ് അറിഞ്ഞത്; നാലു ദിവസത്തിനകം പ്രശ്‌ന പരിഹാരമെന്ന് മന്ത്രി രവീന്ദ്രനാഥ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ കാലത്ത് പാഠപുസ്തക അച്ചടി വൈകിയതും സ്‌കൂളുകളിൽ പുസത്കം എത്തിക്കാൻ സാധിക്കാത്തതും കടുത്ത എതിർപ്പിന് കാരണമായിരുന്നു. അന്ന് എസ്എഫ്‌ഐ പ്രവർത്തകരും ഇടതു നേതാക്കളും ഒന്നടങ്കം പ്രതിഷേധമുയർത്തി രംഗത്തുവന്നു. എന്തായാലും എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാറിനും പുസ്തക വിതരണത്തിൽ വീഴ്‌ച്ച പറ്റി. ഓണപ്പരീക്ഷ എത്താറായിട്ടും പാഠപുസ്തക വിതരണം ഇപ്പോഴും എങ്ങുമെത്തിയില്ല. മുൻ സർക്കാറിന്റെ കാലത്തെ ഉണ്ടായിരുന്ന അനാസ്ഥ തന്നെയാണ് ഇപ്പോൾ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിൽ ഇടതു സർക്കാറിനും സംഭവിച്ചിരിക്കുന്നത്.

ഓണപ്പരീക്ഷ അടുത്തെങ്കിലും പാഠപുസ്തകം പലയിടത്തും എത്തിയിട്ടില്ല. ഇതോടെ എൽഡിഎഫ് സർക്കാറിന് എതിരെയും വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. പാഠപുസ്തകം എത്താത്തത് വിവാദമായതോടെ നാല് ദിവസത്തിനകം എല്ലാം ശരിയാക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഗ്ദാനം. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പിണറായി സർക്കാരിനും പാഠപുസ്തകം തലവേദനയായത്. പാഠപുസ്തകം ലഭിച്ചില്ലെന്നതും അച്ചടി പൂർത്തിയായില്ലെന്നുമുള്ള വാർത്ത അസംബന്ധമാണെന്നാണ് ആദ്യം കെബിപിഎസ് പറഞ്ഞത്. എന്നാൽ, കെബിപിഎസ് പറഞ്ഞതല്ല വസ്തുതകളെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എൽഡിഎഫ് സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി രവീന്ദ്രനാഥിന്റെ വിശദീകരണവുമായി രംഗത്തെത്തിയത്.

സംസ്ഥാന സിലബസിലുള്ള അൺഎയ്ഡഡ് സ്‌കൂളുകളിൽ മാത്രമാണ് പാഠപുസ്തകം ലഭിക്കാത്തത് എന്നായിരുന്നു കെബിപിഎസിന്റെ വിശദീകരണം. ജൂൺ പകുതി കഴിഞ്ഞപ്പോൾ തന്നെ സർക്കാർ മേഖലയിലെ സ്‌കൂളുകളിലെ പുസ്തക വിതരണം പൂർത്തിയായിരുന്നു. എന്നാൽ ചില അൺ എയിഡഡ് സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളും എട്ടാം ക്ലാസിലെ ബേസിക് സയൻസ് പുസ്തകങ്ങളും ലഭിച്ചിരുന്നില്ല.

അൺ എയിഡഡ് സ്‌കൂളുകളിൽ നൽകാനായി കെബിപിഎസിൽ അച്ചടി പൂർത്തിയായ പുസ്തകങ്ങൾ ജില്ലകളിലെ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുണ്ട്. സ്‌കൂളുകൾ പണമടച്ച് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിങ് ഓർഡറോടെ ഡിപ്പോകളിൽ നിന്ന് പുസ്തകങ്ങൾ കൈപ്പറ്റുകയാണ് ചെയ്യേണ്ടതെന്നും കെബിപിഎസ് പറഞ്ഞിരുന്നു. എന്നാൽ വിതരണം ചെയ്യാനായി 64003 പുസ്തകങ്ങൾ കൂടി അച്ചടിക്കാൻ ടെക്സ്റ്റ് ബുക്ക് ഓഫിസർ കെബിപിഎസിന് കത്തയച്ചിരുന്നു. ഈ കത്തിന്റെ കോപ്പി മാദ്ധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ആരോപണവും മറുപടിയുമായി പി.കെ അബ്ദുറബ്ബും രവീന്ദ്രനാഥും എത്തിയത്.

ഓണപ്പരീക്ഷ അടുത്തിട്ടും സർക്കാർ കുട്ടികളുടെ പാഠപുസ്തകം വിതരണം ചെയ്യാത്തത് ഗുരുതര വീഴ്ചച്ചയാണെന്നാണ് പി കെ അബ്ദുറബ്ബ് വിമർശിച്ചത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലാവധി അവസാനിക്കും മുൻപ് 80-85 ശതമാനം പാഠപുസ്തകങ്ങളുടെയും അച്ചടി പൂർത്തിയാക്കി സൊസൈറ്റിയിൽ എത്തിച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് മാസമായിട്ടും പുസ്തകങ്ങൾ സ്‌കൂളുകളിൽ ലഭിച്ചില്ല എന്നാണ് വാർത്തകൾ. എവിടെയാണ് തെറ്റ് പറ്റിയതെന്ന് സർക്കാർ അന്വേഷിക്കാൻ തയ്യാറാകണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു.

സൊസൈറ്റികളിൽ എത്തിയ പുസ്തകം സ്‌കൂളുകളിൽ എത്താത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. സൊസൈറ്റിയുടെ വീഴ്ചയാണോ, അതോ സ്‌കൂളുകളുടെ വീഴ്ചയാണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി എല്ലാ വർഷവും പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ജൂണിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ജൂലൈയിൽ പാഠപുസ്തകങ്ങൾ എത്തിച്ചു എന്നതാണ് വസ്തുതയെന്നും അദ്ദേഹം വ്യക്തമാക്കി.

അബ്ദുറബ്ബിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി എത്തിയ വിദ്യാഭ്യാസ മന്ത്രി പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ ലഭിച്ചില്ല എന്ന വാർത്ത വളരെ വൈകിയാണ് അറിഞ്ഞതെന്നാണ് പറഞ്ഞത്. നാലുദിവസത്തിനകം പ്രശ്‌നം പരിഹരിക്കാൻ കെബിപിഎസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി ഈയാഴ്ച തന്നെ പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ കുറവുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് ടെക്സ്റ്റ് ബുക്ക് ഓഫീസർ കെബിപിഎസിനോട് ആവിശ്യപ്പെട്ടിരുന്നു. ഈ മാസം 29ന് ഓണപ്പരീക്ഷ ആരംഭിക്കും. എന്നിട്ടും പല പാഠപുസ്തകങ്ങളുടെ അച്ചടി പോലും പൂർത്തിയായിട്ടില്ല. എട്ടാം ക്ലാസിൽ കുറവുള്ള അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ ഇതുവരെ ഉത്തരവും നൽകിയിട്ടില്ല. കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താതെ പുസ്തകങ്ങൾ അച്ചടിക്കാൻ ഉത്തരവ് നൽകിയതാണ് ഇത്തവണ പാഠപുസ്തകങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണം. 10 ശതമാനം പുസ്തകങ്ങൾ അധികം അച്ചടിക്കുന്ന പതിവ് തെറ്റിച്ചതും ഇത്തവണത്തെ പ്രതിസന്ധിക്ക് കാരണമായി. അച്ചടിച്ച ഒരു ലക്ഷത്തി എൺപത്തിയെട്ടായിരം പുസ്തകങ്ങൾ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പാഠപുസ്തക ഓഫീസറുടെ കത്തിൽ പറയുന്നുണ്ട്. സ്‌കൂളുകൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ കണക്കെടുക്കുന്നത് ഐടി അറ്റ് സ്‌കൂളാണ്. ഈ കണക്ക് കെബിപിഎസിന് കൈമാറാത്തതാണ് വിതരണത്തിലെ അപാകതക്ക് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP