Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളി ഐക്യത്തിനു മുന്നിൽ മുതലാളിത്ത ഗുണ്ടായിസം മുട്ടുമടക്കി; സീമാസിലെ തൊഴിലാളി സമരം വിജയിച്ചു; വനിതാ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത് സിപിഎം നേതാക്കളുടെ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിൽ; ബഹിഷ്‌കരണം പിൻവിലിക്കുന്നുവെന്നു സിപിഎം

തൊഴിലാളി ഐക്യത്തിനു മുന്നിൽ മുതലാളിത്ത ഗുണ്ടായിസം മുട്ടുമടക്കി; സീമാസിലെ തൊഴിലാളി സമരം വിജയിച്ചു; വനിതാ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത് സിപിഎം നേതാക്കളുടെ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിൽ; ബഹിഷ്‌കരണം പിൻവിലിക്കുന്നുവെന്നു സിപിഎം

ആലപ്പുഴ: മുഖ്യധാരാ മാദ്ധ്യമങ്ങൾ തിരസ്‌കരിച്ചിട്ടും സോഷ്യൽ മീഡിയയുടെയും തുടർന്നു സിപിഎമ്മിന്റെയും പിന്തുണയോടെ നടത്തിയ സീമാസ് വെഡ്ഡിങ് കലക്ഷനിലെ തൊഴിലാളി സമരം വിജയിച്ചു. ഗുണ്ടകളെ ഇറക്കി സമരം പൊളിക്കാനുള്ള നീക്കത്തെ എതിർത്തു തോൽപ്പിച്ചതു വനിതാ ജീവനക്കാരുടെ ഐക്യമാണ്.

ആലപ്പുഴയിൽ ജി സുധാകരൻ എംഎൽഎയുടെയും സിഐടിയു നേതാവ് പി പി ചിത്തരഞ്ജന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്‌മെന്റും വ്യാപാരി സമൂഹവും അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി വീറോടെ പൊരുതിയ 64 ഓളം വരുന്ന സ്ത്രീത്തൊഴിലാളികളുടെ സമരമാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്.

തൊഴിൽ നിഷേധത്തിനും മാനേജ്‌മെന്റിന്റെ കടുത്ത പീഡനങ്ങൾക്കുമെതിരെയാണ് വനിത ജീവനക്കാർ സമരം ആരംഭിച്ചത്. സമരം അടിച്ചമർത്താനും മറ്റ് തൊഴിലാളികളെ ഉപയോഗിച്ച് കട തുറക്കാനും മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു.

സമരക്കാർക്കു പിന്തുണയുമായി തോമസ് ഐസക്ക് എംഎൽഎ തന്നെ നേരിട്ട് എത്തിയിരുന്നു. സമരം നടത്തുന്ന വനിതകൾക്ക് പിന്തുണ അർപ്പിച്ച് സീമാസ് ടെക്‌സ്റ്റെയിൽസിനെ ബഹിഷ്‌ക്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചതോടെ ബഹിഷ്‌കരണവും പിൻവലിക്കുന്നതായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

സമരത്തിന് പിന്തുണ അർപ്പിച്ച് സമൂഹമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയും ജനങ്ങളും എത്തിയതോടെയാണ് തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ മാനേജ്‌മെന്റ് നിർബന്ധിതരായത്. തൊഴിലാളികളുടെ ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചതോടെയാണു സമരം അവസാനിപ്പിച്ചത്.

എല്ലാവർക്കും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകും. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് 7.5 ശതമാനം തുക അധികമായി നൽകും. മറ്റുള്ളവർക്കെല്ലാം 7750 രൂപ കിട്ടും. 5500 രൂപ ആണ് ഇപ്പോൾ ട്രെയിനിങ് സ്റ്റാഫിന് ഉള്ളത്. അത് 7500 രൂപ ആയി ഉയർത്തും. പുതുക്കിയ ശമ്പളത്തിന്റെ 8.33 ശതമാനം ബോണസ് ആയി നൽകും. അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് 8.75 ശതമാനവും ബോണസ് ആയി നൽകും. ഫൈനുകൾ എല്ലാം നിർത്തലാക്കി. മാസത്തിൽ അഞ്ച് ദിവസം താമസിച്ചാൽ മാത്രമേ അര ദിവസത്തെ വേതനം നഷ്ടപ്പെടൂ. ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും തൊഴിലാളി പ്രതിനിധ്യത്തോടെ മെസ്സ് കമ്മിറ്റി ഉണ്ടാക്കി. പതിമൂന്ന് ദേശീയ ഒഴിവുദിനങ്ങൾ ഉണ്ടാവും. അന്നേ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ ഇരട്ടി വേതനം നൽകും.

ആഴ്ചയിൽ ഒരു ദിവസം ഒഴിവാണ്. അന്നേ ദിവസം ജോലി ചെയ്താൽ ഇരട്ടി വേതനം നൽകും. ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും . ഉച്ചഭക്ഷണത്തിനുള്ള ഇടവേള അര മണിക്കൂറിൽ നിന്ന് മുക്കാൽ മണിക്കൂറായി ഉയർത്തും. സമരത്തിൽ പങ്കെടുത്ത ആരെയും മാറ്റി നിർത്തുകയോ ട്രാൻസ്‌ഫെർ ചെയ്യുകയോ ചെയ്യില്ല തുടങ്ങിയ വ്യവസ്ഥകളാണ് സമരക്കാരും മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ ഉടമ്പടിയിൽ ഉള്ളത്. സമരം അവസാനിച്ചതോടെ സീമാസിനെതിരെ പ്രഖ്യാപിച്ച ബഹിഷ്‌ക്കരണം പിൻവലിക്കുന്നതായും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഡോ തോമസ് ഐസക്ക് എംഎൽഎ വ്യക്തമാക്കി.

തൊഴിൽ പീഡനങ്ങളെത്തുടർന്നു സമരം നടക്കുന്ന സീമാസ് വസ്ത്രശാലയ്ക്ക് മാനേജ്‌മെന്റ് പ്രതിനിധികൾ ഗുണ്ടകളെ കാവൽ നിർത്തിയിരുന്നു. കോടതി ഉത്തരവുമായി ഉടമകൾ കഴിഞ്ഞ ദിവസം കട തുറക്കാനെത്തിയത് സിനിമയിലെ വില്ലന്മാരുമായാണ്. ഓണമെത്തിയതോടെ സാധനങ്ങൾ വാങ്ങാനെത്തിയവർ ബ്ലാക്ക് കാറ്റുകളെ വെല്ലുന്ന തരത്തിൽ വേഷമിട്ട് കടയ്ക്കുമുന്നിൽ നിലയുറപ്പിച്ചത് കണ്ട് ഞെട്ടിച്ചുവെങ്കിലും ഇതിനെ എല്ലാം സധൈര്യമാണ് വനിത തൊഴിലാളികൾ സ്വീകരിച്ചത്. വില്ലന്മാർ എത്തിയതോടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ(എം) പ്രവർത്തകരും എത്തിയിരുന്നു. ഇതോടെ വൻപൊലീസ് സംഘവും കടയ്ക്കുമുന്നിൽ നിലയുറപ്പിച്ചു. ഇതോടെ ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗം യുദ്ധഭൂമിയുടെ പ്രതീതി ജനിപ്പിച്ചു. ഒടുവിൽ, തൊഴിലാളി ഐക്യത്തിനു മുന്നിൽ മുതലാളിത്ത ഗുണ്ടായിസം മുട്ടുമടക്കുന്ന കാഴ്ചയാണു കാണാൻ കഴിഞ്ഞത്.

ആലപ്പുഴ സീമാസിലെ സമരം വിജയിച്ചു .സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചാണ് സമരം ഒത്തു തീർപ്പിൽ എത്തിയത്...

Posted by Dr.T.M Thomas Isaac on Sunday, 16 August 2015

നേരത്തെ കല്യാൺ സാരീസ് തൊഴിലാളികളും സമാന രീതിയിൽ സമരം നടത്തിയിരുന്നു. അവിടെയും പിന്തുണയ്ക്കാൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ എത്തിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു സീമാസിലും. തുടർന്നു നവമാദ്ധ്യമങ്ങൾ സമരം ഏറ്റെടുത്തു. ടി എം തോമസ് ഐസക് എംഎൽഎ ഫേസ്‌ബുക്കിലൂടെയും നേരിട്ടും പിന്തുണ അറിയിക്കുക കൂടി ചെയ്തതോടെ സമരത്തിന് ആവേശമേറി. സിപിഎമ്മിന്റെ ശക്തമായ പിന്തുണ പ്രശ്‌നം പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുകയും ചെയ്തു.

എന്നാൽ, സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാനും സമരം ഒത്തുതീർപ്പാക്കാനും ഉടമയുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായിരുന്നില്ല. പകരം സമര നേതാക്കളെ പുറത്താക്കി മാത്രമേ സ്ഥാപനം തുറക്കൂ എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സമര സമിതിയും വ്യക്തമാക്കി. സീമാസിന്റെ മറ്റ് ശാഖകളിലേക്കും സമരം വ്യാപിപ്പിക്കുമെന്് സിപിഐഎം മുന്നറിയിപ്പ് നൽകി. അതിനിടെയാണ് ഗുണ്ടകളെ ഇറക്കി സമരക്കാരെ വിരട്ടാനുള്ള നീക്കവും മാനേജ്‌മെന്റ് നടത്തിയത്. ഇതെല്ലാം മറികടന്ന ജീവനക്കാരുടെ മനോധൈര്യവും സിപിഐ(എം) പിന്തുണയും മാനേജ്‌മെന്റിനെ ഒത്തുതീർപ്പിനു വഴങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. തൃശൂർ കല്യാൺ സാരീസിലെ തൊഴിലാളികളുടെ ഇരിപ്പ് സമരത്തിന് മുന്നിലും ഒടുവിൽ കല്യാൺ മാനേജുമെന്റിന് വഴങ്ങേണ്ടിവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP