Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാൻ പറ്റില്ലെന്ന് ഉറപ്പായി; കേരളപ്പിറവി മുതൽ നഗരങ്ങൾക്ക് പ്രത്യേക കോർപ്പറേഷൻ; തുടക്കംമുതൽ ലാഭമുണ്ടാക്കാൻ സ്വകാര്യ മേഖലയെ മാതൃകയാക്കും

കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാൻ പറ്റില്ലെന്ന് ഉറപ്പായി; കേരളപ്പിറവി മുതൽ നഗരങ്ങൾക്ക് പ്രത്യേക കോർപ്പറേഷൻ; തുടക്കംമുതൽ ലാഭമുണ്ടാക്കാൻ സ്വകാര്യ മേഖലയെ മാതൃകയാക്കും

തിരുവനന്തപുരം: സ്വകാര്യമേഖലയുടെ മാതൃകയിൽ കെഎസ്ആർടിസിയെ മാറ്റിയെടുത്ത് നഗരങ്ങൾക്ക് പ്രത്യേക കോർപ്പറേഷൻ രൂപീകരിക്കാൻ നീക്കം. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന തരത്തിൽ നീക്കങ്ങൾ നടത്തുന്നതോടെ ഇപ്പോഴത്തെ കെഎസ്ആർടിസിയെ ന്നാക്കിയെടുക്കാൻ പറ്റില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

കമ്പനിയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പുതിയ ട്രാൻസ്‌പോർട്ട് കോർപറേഷൻ രൂപീകരിച്ച് നഗര ഗതാഗതത്തിലാകും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക. ജനറം ബസുകളുടെ ചുമതല കൈമാറാൻ രൂപീകരിക്കുന്ന 'കേരള അർബൻ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ' (കെയുടിസി) പ്രവർത്തനം നവംബർ 1ന് ആരംഭിക്കാൻ കഴിയും വിധമാണ് ഒരുക്കങ്ങൾ.

400 ബസുകൾ കൂടി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ ജനറം ബസുകളുടെ എണ്ണം 720 ആയി ഉയരും. ജനറം ബസുകൾക്കായി കർണാടകത്തിന്റെ ചുവടുപിടിച്ച് കെഎസ്ആർടിസിയുടെ കീഴിൽ കമ്പനി രൂപീകരിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതുപേക്ഷിച്ചാണ് പുതിയ കോർപറേഷൻ ആരംഭിക്കാനുള്ള തീരുമാനം.

ഡെപ്യൂട്ടേഷനിലാകും കെഎസ്ആർടിസി ജീവനക്കാരെ പുതിയ കോർപറേഷനിൽ നിയമിക്കുക. പുതിയ നിയമനം ഉണ്ടാകില്ല. എന്നാൽ, സേവന വേതന വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്‌പോർട്ട് ഭവൻ തന്നെയാകും ആസ്ഥാനം. പാർക്ക് ചെയ്യാനും കെഎസ്ആർടിസിയുടെ സ്ഥലം ഉപയോഗിക്കും. ഇതിന് വാടക നൽകും. റൂട്ട്, സർവീസ്, ഫെയർ സ്റ്റേജ് എന്നിവ സംബന്ധിച്ച് പുതിയ കോർപറേഷൻ തീരുമാനിക്കും. പുതിയ നിയമാവലിയും രൂപവൽക്കരിക്കും.

ഇപ്പോൾ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ നിന്ന് മാത്രമാണ് ജനറം സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് 150 ജനറം ബസുണ്ട്. എറണാകുളത്ത് 170. പുതിയ കോർപറേഷൻ നിലവിൽവരുന്നതോടെ അഞ്ച് മേഖലാ ഓഫീസുകൾ കൂടി തുറക്കും. രണ്ടോ മൂന്നോ ജില്ല വീതമാണ് ഓരോ മേഖലയിലും.

പത്തനംതിട്ട-ആലപ്പുഴ, ഇടുക്കി-കോട്ടയം, തൃശൂർ-പാലക്കാട്-മലപ്പുറം, കോഴിക്കോട്-വയനാട്, കണ്ണൂർ-കാസർകോട് എന്നിങ്ങനെയാകും മേഖലാ ഓഫീസുകളുടെ പ്രവർത്തനം. നഷ്ടം ഒഴിവാക്കും വിധം പുതിയ കോർപറേഷന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബസുകൾ അനുവദിക്കുന്നത് കേന്ദ്രമാണ്. 20 ശതമാനം ചെലവേ സംസ്ഥാനം വഹിക്കേണ്ടതുള്ളൂ. അതിനാൽ, മുതൽമുടക്ക് കുറവാണ്. പെൻഷൻ പോലുള്ള ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടിവരില്ല. ഉയർന്ന പലിശ നിരക്ക് ഒഴിവാക്കാനായി പൊതുമേഖലാ ബാങ്കുകളിൽ നിന്നായിരിക്കും വായ്പ എടുക്കുക. കെടിഡിഎഫ്‌സിയെ ഒഴിവാക്കും. കെഎസ്ആർടിസിയുടെ സി.എം.ഡിയുടെ നേതൃത്വത്തിലുള്ള ബോർഡിനായിരിക്കും നടത്തിപ്പ് ചുമതല. 14 അംഗ ഡയറക്ടർ ബോർഡിൽ ഒരാൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നോമിനിയും മറ്റൊരാൾ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനത്തിന്റെ നോമിനിയുമായിരിക്കും. മറ്റ് അംഗങ്ങൾ കെഎസ്ആർടിസിയിൽ നിന്നാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP