Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷ്മി നായരുടെ രാജിയിൽനിന്ന് പിന്മാറാൻ സിപിഐ(എം) നിർദ്ദേശിച്ചെന്ന വാർത്ത നിഷേധിച്ച് എസ്എഫ്‌ഐ; വ്യാജ വാർത്തകൾ സമരത്തിന്റെ നിറം കെടുത്തും; വിദ്യാർത്ഥികളെയും ജനങ്ങളെയും പങ്കെടുപ്പിച്ച് പ്രിൻസിപ്പളിനെ രാജിവയ്‌പ്പിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ

ലക്ഷ്മി നായരുടെ രാജിയിൽനിന്ന് പിന്മാറാൻ സിപിഐ(എം) നിർദ്ദേശിച്ചെന്ന വാർത്ത നിഷേധിച്ച് എസ്എഫ്‌ഐ; വ്യാജ വാർത്തകൾ സമരത്തിന്റെ നിറം കെടുത്തും; വിദ്യാർത്ഥികളെയും ജനങ്ങളെയും പങ്കെടുപ്പിച്ച് പ്രിൻസിപ്പളിനെ രാജിവയ്‌പ്പിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽനിന്നു പിന്മാറാൻ സിപിഐ(എം) നേതൃത്വം നിർദ്ദേശം നല്കിയെന്ന വാർത്ത എസ്എഫ്‌ഐ നിഷേധിച്ചു. ഇത്തരം വാർത്തകൾ സമരത്തിന്റെ നിറം കെടുത്തുമെന്നും പ്രിൻസിപ്പലിന്റെ രാജി വയ്ക്കുന്നതുവരെ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ശക്തമായ പ്രതിഷേധസമരം നടത്തുമെന്നും എസ്എഫ്‌ഐ നേതാക്കൾ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനു പിന്നാലെ പ്രിൻസിപ്പളിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിനെ കണ്ടെങ്കിലും പെട്ടന്നൊരു തീരുമാനം എടുക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കിയതോടെ ചർച്ച പൊളിഞ്ഞു.

ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽ നിന്നും എസ്എഫ്ഐ പിന്മാറണമെന്ന് സിപിഐഎം ജില്ലാ നേതൃത്വം നിർദ്ദേശം നല്കിയയെന്നാണ് റിപ്പോർട്ടുകളുണ്ടായത്. തിങ്കളാഴ്ച രാത്രി എസ്എഫ്ഐ നേതാക്കളെ തിരുവനന്തപുരത്തെ ജില്ലാകമ്മിറ്റി ഓഫിസിലേക്ക് വിളിപ്പിച്ചു വരുത്തിയായിരുന്നു നിർദ്ദേശം നല്കിയത്. പ്രിൻസിപ്പലിന്റെ രാജിയെന്ന ആവശ്യം പ്രായോഗികമല്ലെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ടായി. എന്നാൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ഇക്കാര്യം നിഷേധിച്ചു.

സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ ആവശ്യം എസ്എഫ്‌ഐ തള്ളിക്കളഞ്ഞതായും റിപ്പോർട്ടുകളുണ്ടായി. വി എസ്. അച്യുതാനന്ദന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നു പറഞ്ഞാണ് എസ്എഫ്‌ഐ സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞത്.

ഇതിനിടെ, ഇന്നു രാവിലെ വി എസ്.അച്യുതാനന്ദൻ സമരക്കാർക്കു പിന്തുണയുമായി ലോ അക്കാദമിയിലെത്തുകയും ചെയ്തു. വി എസ് പിന്തുണയുമായി സമരപ്പന്തൽ സന്ദർശിച്ചതോടെ ലോ അക്കാദമി വിഷയം മറ്റൊരു തലത്തിലെത്തുകയും ചെയ്തു. ലക്ഷ്മി നായരുടെ ലോ അക്കാദമി നിലനിൽക്കുന്നത് സർക്കാരിന്റെ 12 ഏക്കർ ഭൂമിയിലാണെന്ന മർമപ്രധാനമായ കാര്യമാണ് വി എസ് ചൂണ്ടിക്കാട്ടിയത്. ഈ വിഷയം ചൂടുപിടിച്ചാൽ പ്രിൻസിപ്പലിന്റെ രാജിയല്ല, ലോ അക്കാദമിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും.

ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. വിദ്യാർത്ഥികളെ വല്ലാതെ പീഡിപ്പിക്കുന്ന പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കാതെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. ഇന്റേണൽ മാർക്കും അറ്റൻഡൻസുമെല്ലാം വിദ്യാർത്ഥികളെ പീഡിപ്പിക്കാനുള്ള ആയുധമാക്കി പ്രിൻസിപ്പൽ മാറ്റുന്നു. ഹോസ്റ്റലിലെ ക്യാമറയിൽ പെൺകുട്ടികൾ കുളിക്കാൻ പോകുന്നതിന്റെയും വരുന്നതിന്റെയും ദൃശ്യമങ്ങൾ പതിയുന്നു. വിദ്യാർത്ഥികൾ കാമ്പസിൽ സൗദം പങ്കുവയ്ക്കുന്നതിനെ പ്രതികാര നടപടിയോടെയാണ് പ്രിൻസിപ്പൽ നേരിടുന്നത്.

ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാൻ പരാതി പരിഹാര സെൽ സ്ഥാപിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കോളജിലും കൗൺസിൽ രൂപീകരിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് വിദ്യാർത്ഥി സംഘടനാ നേതാക്കൾ മന്ത്രി സി. രവീന്ദ്രനാഥുമായി ചർച്ചയ്‌ക്കെത്തിയത്. ലക്ഷ്മി നായരെ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റണമെന്ന് വിദ്യാർത്ഥി നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിൽ പെട്ടന്നൊരു തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സർവകലാശാലാ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ എടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്കുശേഷം പുറത്തുവന്ന എസ്എഫ്‌ഐ നേതാക്കൾ പ്രിൻസിപ്പളിനെ മാറ്റുന്നതുവരെ സമരം തുടരുമെന്നു പറഞ്ഞു.

ഏറെ ആരോപണങ്ങൾ ഉയർന്ന മറ്റക്കര ടോംസ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാങ്കേതിക സർവകലാശാല രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ നടപടി എടുക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് വിദ്യാർത്ഥികളെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP