Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിയുടെ ലീഡ് നില ഉമ്മൻ ചാണ്ടിയും മന്ത്രിമാരും അറിഞ്ഞത് ഷാഫിയുടെ മൊബൈൽ ഫോണിലൂടെ; നിയമസഭയ്ക്ക് പുറത്ത് റേഞ്ച് പിടിച്ച് നിന്ന ഷാഫി ഇടക്കിടെ ഓടിയെത്തി ലീഡ് നില കൈമാറി മടങ്ങി

ശബരിയുടെ ലീഡ് നില ഉമ്മൻ ചാണ്ടിയും മന്ത്രിമാരും അറിഞ്ഞത് ഷാഫിയുടെ മൊബൈൽ ഫോണിലൂടെ; നിയമസഭയ്ക്ക് പുറത്ത് റേഞ്ച് പിടിച്ച് നിന്ന ഷാഫി ഇടക്കിടെ ഓടിയെത്തി ലീഡ് നില കൈമാറി മടങ്ങി

തിരുവനന്തപുരം: ഇന്നലെ തെരഞ്ഞെടുപ്പ് ഫലം ഒന്നൊന്നായി പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ആയിരുന്നു. സഭക്കുള്ളിൽ ഭരണപരമായ ചർച്ചകൾ നടക്കുന്നതിനാൽ ലീഡ് നില ഉടനടി അറിയാൻ ആശ്രിയിച്ചത് ഷാഫി പറമ്പിലിന്റെ മൊബൈൽ ഫോണിനെ. ഫലം അറിയിക്കാൻ നിയോഗിക്കപ്പെട്ടവൻ താനെന്ന വിധത്തിൽ ഷാഫി മുണ്ടൊഴിവാക്കി ജീൻസ് ധരിച്ചാണ് സഭയിൽ എത്തിയത്. ഇടക്കിടെ സഭയിൽ കയറിയും ഇറങ്ങിയും ഓടി നടക്കുകയായിരുന്നു ഷാഫി.

ഇടക്കിടെ മൊബൈൽ കാണിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് എന്തൊക്കെയോ പറയും. ഒപ്പം അടുത്തിരിക്കുന്ന ചില മന്ത്രിമാരോടും എംഎ‍ൽഎ മാരോടും. മുഖ്യമന്ത്രിക്ക് ഭാവഭേദമില്ല. പക്ഷെ മറ്റുള്ളവരുടെ മുഖത്ത് ചിരിയുണ്ട്. ഇന്നലെ രാവിലെ നിയമസഭ തുടങ്ങിയത് മുതൽ ഷാഫി പറമ്പിൽ എംഎ‍ൽഎ സഭയിലുള്ളവരെ അരുവിക്കരയിലെ ലീഡ് അറിയിച്ചത് തന്റെ മൊബൈൽ ഫോണിലൂടെ ആയിരുന്നു.

സഭയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഷാഫിയുടെ 'അപ്പ്‌ഡേറ്റ്‌സി'ലാണ് ഭരണപക്ഷം ലീഡ് അറിഞ്ഞത്. ഓരോ പത്ത് മിനിട്ടിലും ഷാഫി എത്തും. മുഖ്യമന്ത്രിയോട് ലീഡ് പറയും. റൗണ്ടും ലീഡ് നിലയും അടക്കമുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെ കടലാസിൽ എഴുതി മടങ്ങും. ശബരീനാഥന്റെ ലീഡിന് ഒപ്പം ഭരണപക്ഷ ബഞ്ചിലുള്ളവരുടെ മുഖവും വിടരും.

പത്തര മണിക്ക് ഷാഫി എത്തി ലീഡ് പതിനായിരം കടന്ന വാർത്ത അറിയിച്ചു. അതുവരെ ഭാവമാറ്റമില്ലാതെ ഇരുന്ന മുഖ്യമന്ത്രി വിടർന്ന് ചിരിച്ചു. അടുത്തിരുന്ന മന്ത്രി കെ.എം. മാണിയെ ലീഡ് അറിയിച്ചു. 10.33 ന് പി.സി. വിഷ്ണുനാഥും ബെന്നി ബെഹനാനും എത്തി വിജയം അറിയിച്ചു. ഭരണപക്ഷത്ത് ആഹ്‌ളാദം തിരതല്ലി. പ്രതിപക്ഷ നിരയിൽ സംസാരിച്ചു കൊണ്ടിരുന്ന മാത്യു ടി. തോമസ് ബിജെപിയുടെ ഔദാര്യത്തിലുള്ള വിജയമാണെന്ന് പറഞ്ഞതോടെ ഭരണപക്ഷം ഒന്നടങ്കം പ്രതിപക്ഷത്തെ കളിയാക്കി എഴുന്നേറ്റു. ഇടയ്ക്ക് എ.കെ. ബാലൻ ഭരണപക്ഷവുമായി മുട്ടാൻ നോക്കിയെങ്കിലും വിജയ ലഹരിയിൽ നിന്ന ഭരണപക്ഷ പരിഹാസത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കെപിസിസി ഓഫീസിൽ ഇരുന്നാണ് ഫലമറിഞ്ഞത്. അദ്ദേഹത്തോടൊപ്പം പി പി തങ്കച്ചനും സതീശൻ പാച്ചേനിയും അടക്കമുള്ള നേതാക്കളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP