മഴക്കെടുതിൽ വലയുന്ന കേരളത്തെ സഹായിക്കാൻ ഗൾഫ്; നാലു കോടി ധനസഹായം നൽകുമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുമെന്നും സാമ്പത്തിക ഉപദേഷ്ടാവിന്റെ അറിയിപ്പ്
August 18, 2018 | 01:50 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ദുബായ്: ജലപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഗൾഫ്. സംസ്ഥാനത്തിന് സഹായമായി നാലു കോടി രൂപ നൽകാനൊരുങ്ങി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സയീദ് മുഹമ്മദ് അറിയിച്ചു.
കേരളം ദുരിതക്കയത്തിൽ വലയുമ്പോൾ സഹായ ഹസ്തം നീട്ടണമെന്ന് യുഎഇ ഭരണാധികാരി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. കേരളത്തിലെ അവസ്ഥയുടെ ചിത്രങ്ങളടക്കം ചേർത്താണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. യുഎഇയുടെ വിജയത്തിന് കേരളത്തിലെ ജനത എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കുറിപ്പിലുടെ വ്യക്തമാക്കി.
