Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടി തോക്കുമായി വിമാനം കയറി എത്തിയാൽ കസ്റ്റംസുകാർ വെറുതെ വിടുമോ? ജർമനിയിൽ നടന്ന ജൂനിയർ വേൾഡ് കപ്പ് കഴിഞ്ഞ് മടങ്ങിയ ഷൂട്ടിങ് താരത്തെ ഇരിക്കാൻ പോലും അനുവദിക്കാതെ നെടുമ്പാശേരിയിൽ തടഞ്ഞു വെച്ചത് രണ്ടര മണിക്കൂർ നേരം

പ്രായപൂർത്തിയാകാത്ത പെൺകുട്ടി തോക്കുമായി വിമാനം കയറി എത്തിയാൽ കസ്റ്റംസുകാർ വെറുതെ വിടുമോ? ജർമനിയിൽ നടന്ന ജൂനിയർ വേൾഡ് കപ്പ് കഴിഞ്ഞ് മടങ്ങിയ ഷൂട്ടിങ് താരത്തെ ഇരിക്കാൻ പോലും അനുവദിക്കാതെ നെടുമ്പാശേരിയിൽ തടഞ്ഞു വെച്ചത് രണ്ടര മണിക്കൂർ നേരം

കൊച്ചി: ജർമനിയിൽ നടന്ന ജൂനിയർ വേൾഡ് കപ്പ് കഴിഞ്ഞ് മടങ്ങിയ ഷൂട്ടിങ് താരത്തെ നെടുമ്പാശേരി എയർപോർട്ടിൽ രണ്ടു മണിക്കൂറോളം തടഞ്ഞു വെച്ചു ചോദ്യം ചെയ്തു. ഷൂട്ടിങ് മത്സരത്തിനായി ഉപയോഗിച്ച തോക്കുമായി എത്തിയതിനാണ് സേറ മരിയ ജോ എന്ന പെൺകുട്ടിയെ എയർപോർട്ടിൽ തടഞ്ഞ് വെച്ച് ചോദ്യം ചെയ്തത്.

ഷൂട്ടിംഗിൽ ജൂനിയർ വിഭാഗത്തിൽ രാജ്യത്തെ ആദ്യ മൂന്ന് റാങ്കിംഗിൽ ഇടംപിടിച്ച സേറാ ജർമനിയിലെ സ്‌കൂളിൽ നടന്ന ജൂനിയർ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്ത മൂന്ന് പേരിൽ ഒരാളാണ്. ജർമനിയിൽ നിന്നും ഡൽഹി എയർപോർട്ടിലാണ് സാറാ ആദ്യം എത്തിയത്. അവിടെ വലിയ പ്രശ്‌നം ഒന്നും ഉണ്ടായില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ അവതരിപ്പിച്ചപ്പോൾ വിശദമായ പരിശോധന നടത്തിയ ശേഷം അവർ പോകാൻ അനുവദിക്കുക ആയിരുന്നു.

എന്നാൽ നെടുമ്പാശേരിയിൽ എത്തിയതോടെ അവിടുത്തെ ഉദ്യോഗസ്ഥർ പല സംശയങ്ങളും ഉന്നയിക്കുകയായിരുന്നു. സാധാരണ ഡൽഹി എയർപോർട്ടിൽ ഒരു പരിശോധന നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടാൽ പിന്നീട് മറ്റൊരു എയർപോർട്ടിൽ ചെല്ലുമ്പോൾ തുടർ പരിശോധന ഉണ്ടാകാറില്ല. എന്നാൽ നെടുമ്പാശേരിയിൽ എത്തിയ താരത്തിന് ഉണ്ടായ അനുഭവം മറിച്ചായിരുന്നു. രണ്ട് മറിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ ക്ഷീണിച്ചെത്തിയ തനിക്ക് ഇരിക്കാൻ ഒരു കസേര പോലും തന്നില്ലെന്ന് താരം പറയുന്നു.

രണ്ട് മണിക്കൂർ നീണ്ടചോദ്യം ചെയ്യലിൽ താൻ ദേശിയതാരമാണെന്നും ലോകമീറ്റിൽ പങ്കെടുത്ത് മടങ്ങുകയാണെന്നും ദേശിയ താരമാണെന്നും പറഞ്ഞു. തുടർന്ന് തോക്ക് ഉപയോഗിക്കാനും കൊണ്ടുപോകാനുമുള്ള ലൈസൻസും ഷൂട്ടർ തിരിച്ചറിയൽ കാർഡും ടൂർണമെന്റിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രേഖകളും കാണിച്ചിട്ടും അധികൃതർ പോകാൻ അനുവദിച്ചില്ലെന്നും സേറ പറയുന്നു.

പ്രായപൂർത്തിയാകാത്തവർക്ക് തോക്കിന് ലൈസൻസ് എങ്ങിനെ ലഭിച്ചു എന്നതായി പിന്നീട് ഉദ്യോഗസ്ഥരുടെ സംശയം. കുട്ടിക്കാലം മുതൽ ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കുന്ന സേറയ്ക്ക് തോക്ക് കൈവശം വയ്ക്കുന്നതിന് ഇടുക്കി ജില്ലാ കളക്ടർ നൽകിയ പ്രത്യേക ലൈസൻസ് സർട്ടിഫിക്കറ്റ് കാണിച്ചു. എന്നിട്ടും കസ്റ്റംസ് അധികൃതർ പലതരം ചോദ്യങ്ങൾ ഉന്നയിക്കുക ആയിരുന്നു.

ഡൽഹി വരെ സാറയ്‌ക്കൊപ്പം പരിശീലകനും രണ്ട് താരങ്ങളും ഉണ്ടായിരുന്നു. അവിടെ നിന്നും തനിച്ചണ് സേറ കേരളത്തിലേക്ക് യാത്ര തിരിച്ചത്. 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് സേറ ഡൽഹിയിൽ എത്തിയത്. ഇവിടെ വീണ്ടും രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ആഭ്യന്തര വിമാനത്തിൽ കൊച്ചിയിലെത്തുന്നത്. വളരെ ക്ഷീണിതയായി എത്തിയിട്ടും ഇരിക്കാൻ ഒരു കസേര പോലും കൊടുക്കാതെയാണ് രണ്ട് മണിക്കൂറത്തെ ചോദ്യം ചെയ്യൽ.

മണിക്കൂറുകൾ പിന്നിട്ടിട്ടും സേറ പുറത്ത് വരാത്തതിൽ പുറത്ത് കാത്തിരുന്ന വീട്ടുകാർ പരിഭ്രാന്തരായി. തോക്ക് സേറ ഡൽഹിയിലെ എയർപോർട്ട് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടത്തിയതാണെന്ന നിലപാടിലായിരുന്നെന്നാണ് സേറയുടെ പിതാവ് പറഞ്ഞത്. മുട്ടം തേക്കുംകാട്ടിൽ ഡോ. ജോയുടെയും ഭാര്യ സ്‌നേഹയുടെയും മകളാണ് സേറ. മതിയായ രേഖകൾ ഉണ്ടായിട്ടും പ്രായപൂർത്തിയാകാത്ത മകളെ അപമാനിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുമെന്നും സേറയുടെ പിതാവായ ഡോ. ജോ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP