Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സതീഷ് ബാബു കുറ്റം സമ്മതിച്ചു; സിസ്റ്റർ അമലയുടെ കൊലപാതക കാരണം ഇനിയും വ്യക്തമല്ല; അന്തിമ നിഗമനത്തിലെത്തുക വിശദ ചോദ്യം ചെയ്യലിന് ശേഷമെന്ന് പൊലീസ്

സതീഷ് ബാബു കുറ്റം സമ്മതിച്ചു; സിസ്റ്റർ അമലയുടെ കൊലപാതക കാരണം ഇനിയും വ്യക്തമല്ല; അന്തിമ നിഗമനത്തിലെത്തുക വിശദ ചോദ്യം ചെയ്യലിന് ശേഷമെന്ന് പൊലീസ്

ഹരിദ്വാർ : പാലാ ലിസ്യൂ കർമ്മലീത്ത മഠത്തിലെ സിസ്റ്റർ അമലയുടെ വധവുമായി ബന്ധപ്പെട്ട് ഹരിദ്വാറിൽ പിടിയിലായ പ്രതി സതീഷ് ബാബു കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. എന്നാൽ, കൊലപാതക കാരണത്തെ കുറിച്ച് വ്യക്തതയില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിലൂടെയേ ഇക്കാര്യം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. പാലാ ഡിവൈഎസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിദ്വാറിലെത്തി പ്രതിയെ ചോദ്യം ചെയ്തത്.

ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നാണ് സതീഷ് ബാബു പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ കുറച്ച് ദിവങ്ങളായി ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. പഴ്‌സും ബാഗും നഷ്ടമായെന്ന് പറഞ്ഞാണ് ഇയാൾ ആശ്രമത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത സതീഷ് ബാബുവിന്റെ നമ്പർ പിന്തുടർന്ന സൈബർ സെല്ലാണ് ഉത്തരാഖണ്ഡ് പൊലീസിന് വിവരങ്ങളും ചിത്രങ്ങളും കൈമാറിയത്. തുടന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഉടൻ കേരളത്തിലെത്തിക്കും.

കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പാലാ ഡിവൈഎസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ ശേഖരിച്ച തെളിവുകൾ സതീഷ് ബാബുവിനെ കുരുക്കിയത്. രണ്ട് ദിവസം മുമ്പാണ് സിസ്റ്റർ അമലയുടെ കൊലപാതകി സതീഷ് ബാബുവാണെന്ന് പറഞ്ഞ് പൊലീസ് ചിത്രങ്ങളും മറ്റ് വിവരങ്ങളും പുറത്തുവിട്ടത്. ഇയാൾ മനോവൈകല്യമുള്ള ആളാണെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. കഴിഞ്ഞ 17ന് രാവിലെ 7.30ഓടെയാണ് സിസ്റ്റർ അമലയുടെ മൃതദേഹം പാലായിലെ ലിസ്യൂ കാർമലെറ്റ് കോൺവെന്റിനുള്ളിൽ കണ്ടത്തെിയത്.

കാസർകോട്ടുകാരനായ ക്രിമിനൽ പശ്ചാത്തലമുള്ള സതീഷ് ബാബു സിസ്റ്റർ അമല കൊല്ലപ്പെട്ട ദിവസം പാലായിൽ ഉണ്ടായിരുന്നതായി മൊബൈൽ ഫോൺ വിവരങ്ങളിൽനിന്ന് സ്ഥിരീകരിച്ചതായി പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. രാത്രി മഠത്തിൽ അപരിചിതനെ കണ്ടതായി ഒരു കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. സതീഷ് ബാബുവിന്റെ ചിത്രം ഈ കന്യാസ്ത്രീയെ കാണിച്ച് അന്വേഷണ സംഘം പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. പാലാ, കോട്ടയം മേഖലകളിൽ പതിവായി സതീഷ് ബാബു വന്നിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

എട്ടു മാസം മുമ്പ് ബന്ധുക്കളെത്തേടി മുണ്ടക്കയത്ത് എത്തിയ സതീഷ് ബാബു ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു. തുടർന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണ മുണ്ടക്കയത്തെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിച്ചിരുന്നു. ആദ്യം മുണ്ടക്കയത്ത് എത്തിയപ്പോൾ രണ്ടു കാർകൊണ്ടുവന്നിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അന്ന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. നേരത്തേ വിവാഹം കഴിച്ചിരുന്ന സതീഷ് ബാബു ഭാര്യയെ പിന്നീട് ഉപേക്ഷിച്ചു. ഇതിൽ ഒരു കുട്ടിയുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന സതീഷ് ബാബു റിപ്പർ മോഡലിലുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുള്ളത്. താൻ സിനിമ മേഖലയിലാണെന്നാണ് സതീഷ് ബാബു ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ഇയാൾ ഉപയോഗിച്ചിരുന്ന കാറുകളിൽ ഒന്നു മുണ്ടക്കയത്തെ ഒരു ഹോട്ടൽ ഉടമക്ക് വിറ്റിരുന്നു. എസ്റ്റേറ്റ് ലയത്തിലുള്ള ബന്ധുക്കൾക്ക് വാരിക്കോരി പണവും നൽകിയിരുന്നു. പാലായിൽ സിസ്റ്റർ അമല കൊല്ലപ്പെട്ടതിന് പിറ്റേന്ന് മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്തു. നേരത്തേ മഠങ്ങൾ കേന്ദ്രീകരിച്ച് നടന്ന മറ്റ് ആക്രമണങ്ങൾക്ക് പിന്നിലും സതീഷ് ബാബു തന്നെയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP