Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദികന്റെ പീഡനം ചെറുത്തതിന് മഠത്തിൽ നിന്ന് പുറത്തായ കന്യാസ്ത്രീക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകും; ഉടമ്പടി അനുസരിച്ച് സഭാവസ്ത്രം മടക്കി നൽകും; കത്തോലിക്കാ സഭയ്ക്കു മറ്റൊരു സിസ്റ്റർ ജെസ്മി കൂടിയായി

വൈദികന്റെ പീഡനം ചെറുത്തതിന് മഠത്തിൽ നിന്ന് പുറത്തായ കന്യാസ്ത്രീക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകും; ഉടമ്പടി അനുസരിച്ച് സഭാവസ്ത്രം മടക്കി നൽകും; കത്തോലിക്കാ സഭയ്ക്കു മറ്റൊരു സിസ്റ്റർ ജെസ്മി കൂടിയായി

ആലുവ: വൈദികന്റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫാ. പോൾ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തിൽ പീഡനം ചെറുത്ത കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയും പുറത്താക്കിയ ശേഷം കന്യാസ്ത്രീക്ക് ഇതുവരെ സംരക്ഷണം നൽകിയ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, സിസ്റ്റർ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരുമായി ഇന്നലെ തോട്ടയ്ക്കാട്ടുകര സ്‌നേഹപുരം പള്ളിയിൽ നടന്ന ചർച്ചയിലാണ് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായത്.

ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോൺവെന്റിന് കീഴിലുള്ള പ്രൊവിഡൻസ് കോൺവെന്റിലെ മദർ സുപ്പീരിയർ അനിതാമ്മയാണ് നഷ്ടപരിഹാരം നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചത്. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സിസ്റ്റർ അനിത സമ്മതിച്ചു. ധാരണയുടെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്.

സന്ന്യാസജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും തിരിച്ചെടുത്തില്ലെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്ന് സിസ്റ്റർ അനിത സഭയെ അറിയിച്ചിരുന്നു. തിരിച്ചെടുത്തില്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ സഭാ അധികൃതർ തയ്യാറാകണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയത്.

40 കാരിയായ ഇവർ 13 വർഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. അഞ്ച് വർഷം മുമ്പാണ് മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിൽ എത്തിയത്. ഇവിടെ അദ്ധ്യാപികയായിരിക്കെയാണ് ഇവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശിയായ വൈദികൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് സിസ്റ്റർ ചെറുത്തു. തുടർന്നാണ് സംഭവം പുറത്തറിയാതിരിക്കാൻ സിസ്റ്റർ അനിതയെ ഇറ്റലിയിലേക്കു മാറ്റിയത്. അവിടെ മൂന്നുവർഷം അടിമവേല ചെയ്യിച്ചു. പീഡനശ്രമം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽനിന്ന് സഭാവസ്ത്രം ഊരിയെടുത്ത് പുറത്താക്കി.

എന്നാൽ തിരികെ മാതൃസ്ഥാപനമായ ആലുവ കോൺവെന്റിലെത്തിയ സിസ്റ്റർ അകത്തു പ്രവേശിപ്പിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്‌നം വഷളായി. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പിൽ നിന്ന കന്യാസ്ത്രീയെ ഒടുവിൽ നാട്ടുകാരാണ് ആലുവ ജനസേവയിലെത്തിച്ചത്. തുടർന്നാണ് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സഭാനേതൃത്വത്തോട് സിസ്റ്റർ ആവശ്യപ്പെട്ടത് സമരം തുടങ്ങിയത്. സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീക്ക് സംരക്ഷണം നൽകിയത് ജനസേവ ശിശുഭവനായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന്റെ പേരു വെളിപ്പെടുത്താനോ നിയമനടപടിക്കോ സന്ന്യാസിനി എന്ന നിലയിൽ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

അതേസമയം, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാൻ അധികാരമുണ്ടെന്നാണ് സഭാ അധികാരികൾ വിശദീകരണം നൽകിയത്. ഇറ്റലിയിലെ സഭാ അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നിയിരുന്നില്ല

സഭയുമായുള്ള തർക്കത്തിന്റെ പേരിൽ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മിയുടെ പാതയിലേക്കാണ് ഇപ്പോൾ സിസ്റ്റർ അനിതയും. കന്യാസ്ര്തീ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയിലുണ്ടാക്കിയ പുകില് ഇനിയും അടങ്ങിയിട്ടില്ല. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവർഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ജെസ്മി കത്തോലിക്കാ സഭയ്ക്ക് ഇന്നും വെറുക്കപ്പെട്ടവളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP