Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലനാരിഴയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിയ സിസ്റ്റർ സാലി കേരളത്തിൽ എത്തി; ഫാദർ ടോമിനെക്കുറിച്ച് ഒരു വിവരവുമില്ല; യെമനിലെ ഭീകരാക്രമണ ചിത്രം വിവരിച്ച് മലയാളി കന്യാസ്ത്രീ

തലനാരിഴയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിയ സിസ്റ്റർ സാലി കേരളത്തിൽ എത്തി; ഫാദർ ടോമിനെക്കുറിച്ച് ഒരു വിവരവുമില്ല; യെമനിലെ ഭീകരാക്രമണ ചിത്രം വിവരിച്ച് മലയാളി കന്യാസ്ത്രീ

നെടുമ്പാശേരി:തെക്കൻ യെമനിലെ ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വയോധികസദനത്തിൽ നടന്ന ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു തൊടുപുഴ ഇളംദേശം സ്വദേശിയായ സിസ്റ്റർ സാലി ജന്മനാട്ടിലെത്തി. എന്നാൽ ഫാദർ ടോം ഉഴുന്നാലിൽ ഇപ്പോഴും ഭീകരരുടെ തടങ്കലിലാണ്. ഫാദർ ടോമിനെ പറ്റി ഇപ്പോഴും വിവരമൊന്നുമില്ല.

കൊൽക്കത്തയിൽ നിന്നു ഡൽഹി വഴിയാണ് ഇന്നലെ രാത്രി പത്തോടെ സിസ്റ്റർ സാലി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ മാർച്ച് നാലിന് ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തിവന്ന വയോജന സേവാകേന്ദ്രം ആക്രമിച്ച ഭീകരർ, നാലു സന്യാസിനിമാരെ അടക്കം 16 പേരെ വധിക്കുകയും മലയാളിയായ സലേഷ്യൻ സഭാ വൈദികൻ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയാണു മദർ സുപ്പീരിയർ കൂടിയായ സിസ്റ്റർ സാലി. ഇളംദേശം പുൽപ്പറമ്പിൽ ജോസഫ് വർഗീസിന്റെയും റോസമ്മയുടെയും മകളാണു സിസ്റ്റർ.

ഭീകരർ എത്തിയപ്പോൾ സ്റ്റോർ മുറിയിലായതിനാലാണു സിസ്റ്റർ സാലി അവരുടെ കണ്ണിൽപ്പെടാതെപോയത്. വെടിവയ്‌പ്പിനും ബഹളങ്ങൾക്കുമൊടുവിൽ പുറത്തെത്തിയപ്പോൾ സിസ്റ്റർ കണ്ടത് ഫാ. ടോമിനെ തട്ടിയെടുത്ത് ഭീകരർ പോകുന്നതാണ്. രണ്ടു മണിക്കൂറിനു ശേഷം സംഭവം അറിഞ്ഞെത്തിയ ഫ്രാൻസിൽ നിന്നുള്ള ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡർ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരും പട്ടാളവും ചേർന്നാണു സിസ്റ്റർ സാലിയെ രക്ഷപ്പെടുത്തിയത്. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡറിന്റെ യെമനിലെ ക്യാംപിലെത്തിച്ച സിസ്റ്റർ ദുരന്ത ദൃശ്യങ്ങൾ കണ്ട മാനസികാഘാതത്തിലായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ കൊൽക്കത്തയിലെ ആസ്ഥാനത്തും കേരളത്തിലെ ബന്ധുക്കളെയും സിസ്റ്റർ സുരക്ഷിതയാണെന്ന വിവരം അന്നു തന്നെ വിളിച്ചറിയിച്ചിരുന്നു. മാർപാപ്പയുടെ ഇടപെടലിനെ തുടർന്നു പിറ്റേന്നു തന്നെ സിസ്റ്റർ സാലിയെ പ്രത്യേക വിമാനത്തിൽ അബുദാബി ബിഷപ് ഹൗസിലെത്തിച്ചു. യാത്രാ രേഖകൾ നഷ്ടപ്പെട്ടതിനാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് യാത്ര സാധ്യമാക്കിയത്. നടുമ്പാശേരിയിൽ എത്തിയ സിസ്റ്റർ സാലിയെ ഹ്യുമാനിറ്റേറിയൻ ഇൻഷ്യേറ്റീവ് ഇന്റർനാഷനൽ പ്രസിഡന്റ് വി.ടി.ജോബ് സംസ്ഥാന സർക്കാർ പ്രതിനിധിയായി സ്വീകരിച്ചു.

സിസ്റ്റർ സാലിയുടെ മൂത്തസഹോദരൻ ജോർജ് ജോസഫ്, ഇളയസഹോദരൻ ടോമി ജോസഫ്, ഭാര്യ ഗ്രേസി, മക്കളായ ഡോണ, ഡെൽന, ഇളയ സഹോദരി മേരി ബേബി, ഭർത്താവ് ബേബി എബ്രഹാം, മകൾ മീനു എന്നിവരും സ്വീകരിക്കാനെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP