Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരന്തമുഖങ്ങളിൽ സാന്ത്വനവുമായി ആകാശനീല ഉടുപ്പണിഞ്ഞ് എസ്‌കെഎസ്എസ്എഫിന്റെ വിഖായ വളണ്ടിയർമാർ; കട്ടിപ്പാറയിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇരുന്നൂറിലധികം ചെറുപ്പക്കാരെ അഭിനന്ദിച്ച് നാട്ടുകാരും

ദുരന്തമുഖങ്ങളിൽ സാന്ത്വനവുമായി ആകാശനീല ഉടുപ്പണിഞ്ഞ് എസ്‌കെഎസ്എസ്എഫിന്റെ വിഖായ വളണ്ടിയർമാർ; കട്ടിപ്പാറയിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇരുന്നൂറിലധികം ചെറുപ്പക്കാരെ അഭിനന്ദിച്ച് നാട്ടുകാരും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ താമരശ്ശേരിയും സമീപപ്രദേശങ്ങളും 14 പേരുടെ ജീവനെടുത്ത മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയിലാണ്. കഴിഞ്ഞ 13ന് രാത്രി കട്ടിപ്പാറയിലുണ്ടായ ദുരന്തത്തിൽ ഉറ്റവരും ഉടയവരും സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ട് ഒരു ജനത എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ സർക്കാർ സംവിധാങ്ങളേക്കാളേറെ നേരത്തെ അവിടെയെത്തിയ ഇരുന്നൂറിലധികം വരുന്ന ആകാശനീല ഉടുപ്പിട്ട ഒരുപറ്റം ചെറുപ്പക്കാരുണ്ടായിരുന്നു. അവരാണ് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വിഖായ വളണ്ടിയർമാർ.

പെരുന്നാളാഘോഷങ്ങളെല്ലാം മാറ്റിവെച്ച് നേതൃത്വത്തിന്റെ നിർദ്ദേശം വന്നയുടനെ താമരശ്ശേരിയിലേക്ക് വണ്ടികയറിയ അവർ പിന്നീട് അവസാന മൃതദേഹവും മണ്ണിൽ നിന്ന് പുറത്തെടുത്തതിന് ശേഷമാണ് കരിഞ്ചോലമലയിറങ്ങിയത്. പിന്നീട് കട്ടിപ്പാറയിലെ സ്‌കൂളിലും മദ്രസയിലും പ്രവർത്തിക്കുന്ന ദുരിദാശ്വാസ ക്യാമ്പുകളിലും ദുരിതത്തിലകപ്പെട്ടവർക്ക് സഹായഹസ്തങ്ങളുമായി ഈ ആകാശനീലക്കുപ്പായക്കാരെ കാണാമായിരുന്നു. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. വിവിധ സംഘടനകൾക്ക് കീഴിലുള്ള വളണ്ടിയർമാർ കരിഞ്ചോലമലയിൽ രക്ഷാ പ്രവർത്തനങ്ങൾക്കെത്തിയിരുന്നെങ്കിലും ഏറ്റവും അധികം വളണ്ടിയർമാരുണ്ടായിരുന്നത് എസ്‌കെഎസ്എസ്എഫിന്റെ വിഖായയുടേതായിരുന്നു.

ഇത് കേവലം കരിഞ്ചോലമലയിലെ മാത്രം അനുഭവമല്ല. മറിച്ച് അടുത്ത കാലത്തായി സംസ്ഥാനത്തിനകത്തും പുറത്തും എന്തിലേറെ ഗൾഫ് രാജ്യങ്ങളിൽ പോലും സംഭവിക്കുന്ന ദുരന്തമുഖങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ ആകാശനീലക്കുപ്പായക്കാരുടെ സാന്നിദ്ധ്യമുണ്ട്. ഒറ്റപ്പെട്ടുപോകുന്നവർക്ക് പ്രത്യാശയുടെ വെളിച്ചമായി ഈ സംഘം ഇന്ന് മാറിയിട്ടുണ്ട്. ട്രാഫിക് സിഗ്‌നലുകളിലടക്കം പെട്ടെന്നുണ്ടാകുന്ന വാഹനക്കുരുക്കളിക്കുന്നത് മുതൽ മരണവീടുകളിലെ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യ ചെയ്യുന്നതിന് വരെ ഇന്ന് വിഖായ വളണ്ടിയർമാരുടെ സേവനം ലഭ്യമാണ്. ജാതി മത വർണ വ്യത്യാസങ്ങൾക്കപ്പുറത്ത് ആപത്തിൽപ്പെടുന്നവർക്കൊരു കൈ സഹായമായി ഇന്ന് സകലമേഖലകളിലും വിഖായ പ്രവർത്തകരുടെ സേവനങ്ങളുണ്ട്. സമീപ കാലത്ത് നടന്ന ഓഖി ദുരന്തമുഖത്തേക്കും ആശ്വാസത്തിന്റെ വിളക്കുമായെത്തിയതിൽ മൻപന്തിയിൽ വിഖായയുടെ നീലയുടുപ്പണിഞ്ഞ സംഘമായിരുന്നു.

സകല സേവനങ്ങളും ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാർ മാത്രം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫിന്റെ കീഴിൽ അതിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിഖായ എന്ന പേരിൽ ഒരു ബൃഹത്തായ വളണ്ടിയർ സംഘത്തെ രൂപീകരിച്ചത്. വിഖായ എന്നാൽ സുരക്ഷയെന്നാണ് അർത്ഥം. ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കപ്പുറത്ത് കിടപ്പിലായ രോഗകിൾക്കുള്ള പരിചരണം, ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾക്കാണ് വിഖായ വളണ്ടിയർമാർ നേതൃത്വം നൽകുന്നത്.

ഇതിനുപുറമേ ജനങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ സേവനങ്ങൾ അവർക്ക് കൃത്യമായി ലഭിക്കാനാവശ്യമായ സഹായങ്ങളും അതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും വിഖായ വളണ്ടിയർമാർ നടത്തുന്നുണ്ട്. കുറഞ്ഞകാലം കൊണ്ട് തന്നെ പൊതുജനങ്ങളുടെയും അധികാരികളുടെയും മനസ്സിൽ സ്ഥാനംപിടിക്കാൻ ഈ സംഘത്തിനായിട്ടുണ്ടെന്നതിന്റെ തെളിവാണ് നാട്ടലേതൊരു ചെറിയ പ്രശ്നമുണ്ടാകുമ്പേഴേക്കും ആളുകൾ വിഖായ വളണ്ടിയർമാരുടെ സേവനം ആവശ്യപ്പെടുന്നത്. കരിഞ്ചോലമലയിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ കോഴിക്കോട്ടെ ജില്ലാഭരണകൂടം ആദ്യം സമീപിച്ചത് ഈ സംഘത്തെ തന്നയായിരുന്നു.

ഉടൻ തന്നെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും രക്ഷാപ്രവർത്തനങ്ങളിൽ പരീശീലനം ലഭിച്ച സംഭവസ്ഥലത്തെത്തിയ ഈ സംഘം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളും മറ്റുമായി അവിടെയുണ്ട്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ഉപരിലോകകത്തുള്ളവൻ നിങ്ങളോട് കരുണകാണിക്കുമെന്ന പ്രാവാചക വചനത്തെ മുൻനിർത്തിയുള്ള വിഖായ വളണ്ടിയർ സംവിധാനത്തിന് ഇന്ന് സംസ്ഥാനത്തിനകത്ത് മാത്രം 250 കേന്ദ്രങ്ങളുണ്ട്. ഇതിനുപുറമെ സഹചാരി റിലീഫ് സെല്ലും, മെഡിക്കൽ വിഭാഗമായ അലർട്ടും ഇതിന്റെ ഭാഗമായുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP