Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറങ്ങി ജീവിക്കുന്ന കൊച്ചു സുന്ദരി; അഞ്ച് ദിവസത്തേക്ക് യാതൊരു പ്രതികരണവുമില്ലാതെ ഉറങ്ങിയ ലിയ അപൂർവ്വ രോഗത്തിനുടമ; ഇത് സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോമെന്ന് ഡോക്ടർമാർ

ഉറങ്ങി ജീവിക്കുന്ന കൊച്ചു സുന്ദരി; അഞ്ച് ദിവസത്തേക്ക് യാതൊരു പ്രതികരണവുമില്ലാതെ ഉറങ്ങിയ ലിയ അപൂർവ്വ രോഗത്തിനുടമ; ഇത് സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോമെന്ന് ഡോക്ടർമാർ

കൊച്ചി: നാലുവയസുകാരിയിൽ അപൂർവ ഉറക്കെവെകല്യമായ ''ക്‌ളെയ്ൻ ലെവിൻ സിൻഡ്രോം'' സ്ഥിരീകരിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. പത്തുലക്ഷത്തിൽ ഒന്നോ രണ്ടോ പേരിൽ മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്.

കാലടി കാഞ്ഞൂർ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്തമകൾ ലിയയ്ക്കാണ് സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം സ്ഥിരീകരിച്ചത്. ഈ രോഗം കണ്ടെത്തിയിട്ടുള്ള മൂന്നിൽ രണ്ടുപേരും പുരുഷന്മാരാണ്. ക്‌ളെയ്ൻ ലെവിൻ സിൻഡ്രോം എന്ന അവസ്ഥയിൽ മണിക്കൂറുകൾ തൊട്ട് ദിവസങ്ങൾവരെ രോഗി ഗാഢനിദ്രയിലായിരിക്കും. ലിയയുടെ കാര്യത്തിൽ ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനുശേഷം അഞ്ചുദിവസം വരെ ഉറക്കത്തിലാവും.

ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറുവർഷത്തിനുശേഷമായിരുന്നു ലിയയുടെ ജനനം. സംസാരിച്ചുതുടങ്ങിയതു മൂന്നാം വയസിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പെട്ടെന്ന് അബോധാവസ്ഥയിലായി. ചുഴലിരോഗമാണെന്ന് കരുതി ഡോക്ടർമാർ കോച്ചിവലിവിനുള്ള മരുന്ന് നൽകി. ഇതിനുശേഷം നാലു മാസത്തിനുള്ളിൽ എട്ട് തവണകൂടി സമാന അവസ്ഥയുണ്ടായി. പെട്ടെന്ന് അബോധാവസ്ഥയിലായതിനെത്തുടർന്ന് കഴിഞ്ഞ മാസം പതിനാറിനാണ് ആദ്യമായി ലിയയെ ആസ്റ്റർ മെഡ്സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്‌ബർ മുഹമ്മദ് ചേട്ടാലി പറഞ്ഞു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു.

തുടർച്ചയായ ഇ.സി.ജി. പരിശോധനകളിലൂടെ കോച്ചിവലിവുണ്ടാക്കുന്ന അപസ്മാരമല്ലെന്ന് മനസിലായി. അഞ്ച് ദിവസത്തേക്ക് യാതൊരു പ്രതികരണവുമില്ലാതെ ലിയ ഉറക്കത്തിലായിരുന്നു. പരിശോധനകളിൽ ദീർഘനേരത്തേക്ക് അബോധാവസ്ഥയുണ്ടാക്കാവുന്ന മറ്റ് രോഗങ്ങളല്ലെന്നും കണ്ടെത്തി. തലച്ചോറിലെ തരംഗങ്ങൾ നിരീക്ഷിച്ച് ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്നോഗ്രഫി, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, കണ്ണുകളുടെയും കാലുകളുടെയും ചലനം എന്നിവ പരിശോധിച്ചു.

ഇതിലൂടെ ദീർഘനേരം അബോധാവസ്ഥയുണ്ടാക്കുന്ന രോഗങ്ങളല്ലെന്ന് വ്യക്തമായി. മനഃശാസ്ത്ര പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുമായുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ക്‌ളെയ്ൻ ലെവിൻ സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്. കുടുംബചരിത്രം പരിശോധിച്ചതിൽനിന്നും ലിയയുടെ അമ്മയുടെ അമ്മ സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ദീർഘനാൾ ബോധക്ഷയം സംഭവിച്ചിരുന്നെന്നും കണ്ടെത്തി. ലിയയ്ക്ക് രോഗം സ്ഥിരീകരിച്ചതിനുശേഷം മരുന്നുകൾ നൽകി. മരുന്നുകളോടു നല്ല പ്രതികരണം കാണിച്ച ലിയ ഉണർന്നിരിക്കുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്യുന്നതായി ഡോക്ടർമാർ പറഞ്ഞു.

വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യതയെപ്പറ്റിയും മരുന്നു നൽകുന്നതിനെക്കുറിച്ചും മാതാപിതാക്കൾക്കു കൗൺസലിങ് നൽകി. ലിയ ഇപ്പോൾ ഉണർന്നിരിക്കുകയും ഇളയ സഹോദരിയുമൊത്ത് കളിക്കുകയും ചെയ്യുന്നുണ്ടെന്ന് പിതാവ് ബെന്നി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP