Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി സ്മാർട്സിറ്റിയിൽ ഒരു മാസത്തിനിടെ മൂന്ന് കമ്പനികൾ കൂടി; പ്രവർത്തനമാരംഭിച്ചത് ഗാഡ്ജിയോൺ സ്മാർട് സിസ്റ്റംസ്, അബ്സർ ടെക്നോളജീസ്, ഓബറോൺ ടെക്നോളജീസ് എന്നീ കമ്പനികൾ

കൊച്ചി സ്മാർട്സിറ്റിയിൽ ഒരു മാസത്തിനിടെ മൂന്ന് കമ്പനികൾ കൂടി; പ്രവർത്തനമാരംഭിച്ചത് ഗാഡ്ജിയോൺ സ്മാർട് സിസ്റ്റംസ്, അബ്സർ ടെക്നോളജീസ്, ഓബറോൺ ടെക്നോളജീസ് എന്നീ കമ്പനികൾ

കൊച്ചി: ഉന്നത മാനേജ്മെന്റ് തലത്തിൽ സമീപകാലത്ത് നടന്ന അഴിച്ചുപണിക്ക് ശേഷം കൊച്ചി സ്മാർട്സിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. സ്മാർട്സിറ്റിയിലെ 6.5 ലക്ഷം ച.അടി വിസ്തൃതിയുള്ള ഒന്നാം ഐടി മന്ദിരത്തിൽ ഒരു മാസത്തിനിടെ മൂന്ന് കമ്പനികൾ കൂടി പ്രവർത്തനമാരംഭിച്ചു. ഗാഡ്ജിയോൺ സ്മാർട് സിസ്റ്റംസ്, അബ്സർ ടെക്നോളജീസ്, ഓബറോൺ ടെക്നോളജീസ് എന്നീ കമ്പനികളാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ പ്രവർത്തനം ആരംഭിച്ച കമ്പനികളുടെ എണ്ണം 16 ആയി.

ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, ഹെൽത്ത്കെയർ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്പെഷലൈസ് ചെയ്തതാണ് ആഗോള ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈൻ കമ്പനിയായ ഗാഡ്ജിയോൺ സ്മാർട് സിസ്റ്റംസ്്. സ്മാർട്സിറ്റിയിൽ 5,600 ച.അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ 145 ജീവനക്കാരിൽ നിലവിൽ 30 പേരെയാണ് സ്മാർട്സിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. സമീപഭാവിയിൽ തന്നെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകും.

ലോകോത്തര ഐടി പാർക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഗാഡ്ജിയോൺ സ്മാർട് സിസ്റ്റംസ് സിഇഒയും ഡയറക്ടറുമായ ഹരിപ്രസാദ് വി. നായർ പറഞ്ഞു. 'കമ്പനിയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സ്മാർട്സിറ്റിയിൽ ഓഫീസ് ആരംഭിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയിലെ സാന്നിധ്യം ഞങ്ങൾക്കേറെ ഗുണം ചെയ്യും. കൂടാതെ അടിസ്ഥാനസൗകര്യങ്ങളെല്ലാം സ്മാർട്സിറ്റി മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാരണം ഞങ്ങൾക്ക് ബിസിനസിൽ കൂടുതൽ ശ്രദ്ധ പുലർത്താനാകും,' അദ്ദേഹം പറഞ്ഞു.

ജിസിസി രാജ്യങ്ങളിൽ ശക്തമായ ഉപഭോക്തൃ ശൃംഖലയുള്ള പ്രമുഖ ടെക്നോളജി സൊല്യൂഷൻ കമ്പനിയായ അബ്സർ ടെക്നോളജി സൊല്യൂഷൻസ്, എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആർപി), മൊബിലിറ്റി, ബിസിനസ് ഇന്റലിജൻസ്, ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷൻസ് തുടങ്ങിയവയിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്. ഹെൽത്ത് കെയർ, സപ്ലൈ ചെയ്ൻ, ഇ-കൊമേഴ്സ്, പേയ്മെന്റ് ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രധാനമായും സേവനം നൽകുന്നത്. സ്മാർട്സിറ്റിയിൽ 3,638 ച.അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

രാജ്യത്തെ പ്രധാന ഐടി പാർക്കുകളിൽ ഒന്നായ കൊച്ചി സ്മാർട്സിറ്റിയിൽ ഓഫീസ് തുറക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്സർ ടെക്നോളജി സൊല്യൂഷൻസ് എംഡി ഷംസുദ്ദീൻ വെങ്കിട്ട പറഞ്ഞു. വിദേശ പദ്ധതികൾ ആകർഷിക്കാനും യോഗ്യരായ ഐടി പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശേഷി സ്മാർട്സിറ്റിയിലുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കാനും അതുവഴി കമ്പനിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും സ്മാർട്സിറ്റിയിലെ സാന്നിധ്യം സഹായകമാകും. നൂതന സാങ്കേതികവിദ്യ വികസനത്തിനുള്ള കമ്പനിയുടെ ഭാവി പരിപാടികൾക്കുള്ള ടെക്നോളജി എക്സലെൻസ് സെന്ററായും സ്മാർട്സിറ്റി വർത്തിക്കുമെന്നും ഷംസുദ്ദീൻ വെങ്കിട്ട പറഞ്ഞു.

ലോകോത്തര ഐടി സേവനങ്ങൾ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനിയായ ഓബറോൺ ടെക്നോളജിയാണ് സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച മറ്റൊരു കമ്പനി. 2,732 ച.അടി വിസ്തൃതിയുള്ള ഓഫീസിൽ നിലവിൽ 32 ജീവനക്കാരാണുള്ളത്. വളർച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ഐടി വ്യവസായ മേഖലയിലെ വൈദഗ്ധ്യവും അനന്ത സാധ്യതകളും ഉപയോഗപ്പെടുത്തുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഇതിന് സ്മാർട്സിറ്റിയിലെ ഓഫീസ് ഏറെ സഹായകമാകുമെന്നും ഓബറോൺ ടെക്നോളജി എംഡി രാമൻ അശോക്കുമാർ പറഞ്ഞു.

ആഗോള ഗതാഗത, ലോജിസ്റ്റിക്സ് വ്യവസായമേഖലയ്ക്കുള്ള സാങ്കേതികവിദ്യാ ദാതാക്കളിൽ പ്രമുഖരായ ഐബിഎസ് സോഫ്റ്റ്‌വെയർ ഈയിടെയാണ് സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത്. അതിനിടെ ഏതാനും ചില പ്രമുഖ ഐടി കമ്പനികളുടെ ഓഫീസ് ഫിറ്റ്-ഔട്ട് ജോലികൾ പുരോഗമിക്കുകയാണ്. അവയും പ്രവർത്തനം തുടങ്ങുന്നതോടെ സ്മാർട്സിറ്റിയിലെ ആദ്യ ഐടി ടവറിൽ ഐടി വ്യവസായങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള സ്ഥലത്തിന്റെ 78%-വും പ്രവർത്തനക്ഷമമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP