Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂൺ ആദ്യവാരമെന്ന് മുഖ്യമന്ത്രി; കേരളത്തിൽ മൂന്നു പ്രധാന പദ്ധതികളിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ച് യുഎഇ സർക്കാർ

സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂൺ ആദ്യവാരമെന്ന് മുഖ്യമന്ത്രി; കേരളത്തിൽ മൂന്നു പ്രധാന പദ്ധതികളിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ച് യുഎഇ സർക്കാർ

ദുബായ്: ജൂൺ ആദ്യവാരം സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ദുബായിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി.

അതേസമയം, കേരളത്തിൽ മൂന്നു പ്രധാന പദ്ധതികളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ യുഎഇ സർക്കാർ അറിയിച്ചു. അഞ്ചാമത് വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനെത്തിയതാണ് ഉമ്മൻ ചാണ്ടി.

സ്മാർട്ട് സിറ്റി ആദ്യഘട്ടത്തിൽ ആറര ലക്ഷം സ്‌ക്വയർ ഫീറ്റാണ് പൂർത്തിയാകുക. ഇതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങും. 40 ലക്ഷം സ്‌ക്വയർ ഫീറ്റിലാണു രണ്ടാം ഘട്ടത്തിൽ സ്മാർട്ട് സിറ്റി ഉയരുക. 50,000ലധികം പേർക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വല്ലാർപാടത്തിനും സ്മാർട് സിറ്റിക്കും പുറമെ കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉതകുന്ന മൂന്നു പ്രധാന പദ്ധതികളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം യുഎഇ ധനമന്ത്രി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ സയ്യിദ് അൽ മൻസൂരിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏത് മേഖലയിലാവണം യു.എ.ഇ യുടെ നിക്ഷേപം എന്നത് കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യത്തിൽ ഉടൻ വിശദമായ ചർച്ചകൾ നടത്തിയശേഷം മാസ്റ്റർ പ്ലാനുമായി യു.എ.ഇ സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ മുഖ്യമന്ത്രി നേരിൽ കണ്ട് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് സമ്മേളനത്തിൽ കേരളത്തിലെ നിക്ഷേപസാധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. യു.എ.ഇ യിലെ ഇന്ത്യൻ സ്ഥാനപതി ടി. പി.സീതാറാം , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ പി.ബീന, വ്യവസായപ്രമുഖനും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP