Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

'നീയെന്തിനാണ് അവളെ എന്റെ മുറിയിൽ കൊണ്ടുവന്നത്? അതുകൊണ്ടല്ലേ ഈ പ്രശ്‌നങ്ങൾ ഉണ്ടായത്'; ദേവയാനിയും ആന്റണിയും പ്രണയത്തിലെന്ന് തെളിയിക്കുന്ന കത്ത് ക്രൈംബ്രാഞ്ചിന്; സ്മിതാ കൊലക്കേസ് അന്വേഷണം ശരിയായ ദിശയിൽ തന്നെ

കൊച്ചി: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇടപ്പള്ളി സ്വദേശി സ്മിതയെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തരിവ്. സ്മിതയെ കൊന്നത് തന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. സ്മിതയുടെ ഭർത്താവ് സാബു എന്ന ആന്റണിക്ക് ദുബായ് ജയിലിൽ നിന്ന് മുൻ കാമുകിയായ ദേവയാനി എഴുതിയ കത്തുകളാണ് നിർണ്ണായകമാകുന്നത്.

'നീയെന്തിനാണ് അവളെ (സ്മിതയെ) എന്റെ മുറിയിൽ കൊണ്ടുവന്നത്? അതുകൊണ്ടല്ലേ ഈ പ്രശ്‌നങ്ങൾ ഉണ്ടായത്' സാബു എന്ന ആന്റണിക്ക് ദുബായ് ജയിലിൽ നിന്ന് മുൻ കാമുകിയായ ദേവയാനി എഴുതിയ കത്തിലെ വരികളാണിത്. ദേവയാനി എഴുതിയ രണ്ടു കത്തുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചു. ദേവയാനി ജീവിതാനുഭവങ്ങൾ എഴുതി സൂക്ഷിച്ച ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. സ്മിതയുടെ തിരോധാനത്തിൽ ആന്റണിയുടെ പങ്ക് സൂചിപ്പിക്കുന്ന പരാമർശങ്ങൾ അടങ്ങുന്ന കത്തിൽ, ദേവയാനിക്ക് സംഭവത്തിൽ പങ്കില്ലെന്ന ധ്വനിയാണുള്ളത്. ദേവയാനിയെ അറിയില്ലെന്ന ആന്റണിയുടെ വാദത്തിന്റെ അടിത്തറയിളക്കുന്നതാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച കത്തുകളും ഡയറിക്കുറിപ്പുകളും. 'എന്റെ അച്ഛൻ മരിച്ചിട്ടുപോലും ഞാൻ നാട്ടിൽ പോകാതിരുന്നത് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാണ്' എന്നിങ്ങനെ ആന്റണിയോടുള്ള അഗാധ പ്രണയം വ്യക്തമാക്കുന്നതാണ് ദേവയാനി എഴുതിയ കത്തുകൾ.

സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണിക്ക് ദേവയാനിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന നിർണായക രേഖകളാണ് ഇവ. കേസിൽ ഏറെ പ്രാധാന്യമുള്ള ഈ രണ്ട് കത്തുകളും ജീവചരിത്ര ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിക്ക് കൈമാറി. അന്വേഷണ സംഘം കണ്ണൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രേഖകൾ കണ്ടെടുത്തത്. ദേവയാനിയെ കുറിച്ചു നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്മിതയുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് ആന്റണിയും ദേവയാനിയും ദുബായിൽ ജയിലിലായിരുന്നു. തന്റെ ജയിൽ മോചനത്തിനു സഹായിക്കണം എന്നഭ്യർത്ഥിച്ചാണ് നേരത്തെ ജയിൽ മോചിതനായ ആന്റണിക്ക് ദേവയാനി കത്തെഴുതിയത്.

എന്നാൽ എഴുതിയ രണ്ടു കത്തുകളും ദേവയാനിക്ക് അയയ്ക്കാൻ കഴിഞ്ഞില്ല. ജയിൽമോചിതയായശേഷം ദേവയാനിയെ ദുബായിയിൽനിന്നും ഇന്ത്യയിലേക്കു നാടുകടത്തി. ദേവയാനിയുടെ നാട്ടിലുണ്ടായിരുന്ന രണ്ടാം ഭർത്താവ് സലീം ആത്മഹത്യ ചെയ്തതിനാൽ നാട്ടിലെത്തിയ ദേവയാനിക്ക് ബന്ധുക്കളാരും അഭയം നൽകിയില്ല.തുടർന്ന്, ഇവർ സലീമിന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയെത്തി. 15 ദിവസത്തെ താമസത്തിനാണ് സുഹൃത്ത് അനുമതി നൽകിയത്. ഈ വീട്ടിലെ താമസത്തിനിടെ ദേവയാനിയുടെ അസമയങ്ങളിലുള്ള പോക്കും വരവും ഫോൺ വിളികളും കണ്ട് സുഹൃത്തിന്റെ ഭാര്യക്ക് സംശയമുണ്ടായി. ദേവയാനി വീട്ടിലില്ലാത്തപ്പോൾ സുഹൃത്തിന്റെ ഭാര്യ അവരുടെ സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് 'എന്റെ ജീവചരിത്രം' എന്ന് എഴുതിയ ഡയറിയും രണ്ടു കത്തുകളും കണ്ടെടുത്തത്.

ഇതോടെ ദേവയാനി അനാശാസ്യത്തിനു ദുബായ് ജയിലിൽ കിടന്നിട്ടുണ്ടെന്നും ഇവർക്ക് ആന്റണി എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്നും സുഹൃത്തിന്റെ ഭാര്യ മനസിലാക്കി. അവർ, ഡയറിയിലെ അഞ്ചു പേജുകൾ ഭർത്താവിനെ കാണിക്കുന്നതിനായി കീറിയെടുക്കുകയായിരുന്നു. ഇതാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. സ്യൂട്ട്‌കേസിലുണ്ടായിരുന്ന രണ്ടു കത്തുകളും എടുത്തുമാറ്റി. തുടർന്ന് ദേവയാനിയോട് ഉടൻ വീട്ടിൽനിന്നും ഇറങ്ങാൻ സുഹൃത്തും ഭാര്യയും ആവശ്യപ്പെട്ടു. താനില്ലാത്ത സമയത്ത് സ്യൂട്ട്‌കേസ് തുറന്നുപരിശോധിച്ചതിന് വീട്ടുകാരോട് കയർത്ത ദേവയാനി പഴയ പരിചയക്കാരനായ ഷാജി എന്ന ഒരു മേസ്തിരിയെ വിളിച്ചുവരുത്തി അയാളോടൊപ്പം പോവുകയായിരുന്നു. ദേവയാനി പോയതിനുശേഷവും ഈ വീട്ടമ്മ കത്തുകളും ഡയറിക്കുറിപ്പുകളും സൂക്ഷിച്ചുവച്ചിരുന്നു.

ആനി വർഗീസ് എന്ന വ്യാജപേരിൽ മതംമാറി പാസ്‌പോർട്ടെടുത്ത് രാജ്യംവിട്ട ദേവയാനിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചും ദുബായ് പൊലീസും ശ്രമിച്ചുവരികയാണ്. ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്മിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ ഡി.എൻ.എ. പരിശോധനാഫലം ദുബായ് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇടപ്പള്ളി സ്വദേശിനി സ്മിതയെ 10 വർഷംമുമ്പു ദുബായിലെ ഭർതൃഗൃഹത്തിൽനിന്നു കാണാതായ സംഭവത്തിൽ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂർ സ്വദേശി ദേവയാനിയെ ആൾമാറാട്ടം നടത്താൻ സഹായിച്ചതു വൈദികനാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.. ദേവയാനിയെ പിടികൂടാൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയതോടെയാണു ദേവയാനി ക്രിസ്തുമതം സ്വീകരിച്ച് 'മിനി' എന്ന പേരിൽ പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ചു വിദേശത്തേക്കു കടന്നത്. ദുബായിൽനിന്നു നേരത്തെ നാടുകടത്തപ്പെട്ടു തിരിച്ചെത്തിയ ദേവയാനി 2013 ൽ വ്യാജ പാസ്‌പോർട്ടിൽ ഗൾഫിലേക്കു തന്നെ മടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സ്മിതയുടെ ഭർത്താവ് പശ്ചിമ കൊച്ചി സ്വദേശിയായ ആന്റണി സാബുവാണു കേസിൽ ദേവയാനിയുടെ കൂട്ടുപ്രതി. സ്മിതയെ കാണാതായതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുമ്പാണ് ഭർത്താവ് തോപ്പുംപടി ചിറയ്ക്കൽ വിലയപറമ്പിൽ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സെപ്റ്റംബർ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭർതൃ വീട്ടിൽ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടർക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നായിരുന്നു ആന്റണിയുടെ വാദം.

എന്നാൽ, കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതോടെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നു. സ്മിതയെ കാണാതായ ശേഷം ഇവരുടെ ബന്ധു ആന്റണിയുടെ ദുബായിലെ വീട്ടിലെത്തിയപ്പോൾ മിനിയെന്ന ഒരു യുവതിയെ അവിടെ കണ്ടു. ഇവർക്കൊപ്പമായിരുന്നു ആന്റണിയുടെ ജീവിതമെന്ന് പറയപ്പെടുന്നു. ഇതോടെയാണ് മിനി എന്ന പേരിൽ അറിയപ്പെട്ട ദേവയാനിയെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങിയത്. ദേവയാനി പെൺവാണിഭ സംഘത്തിലെ കണ്ണിയാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP