Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയെ പടിക്കു പുറത്ത് നിറുത്തിയ എസ്എൻഡിപി ഇനി വിഎസിനേയും അടുപ്പിക്കില്ല; സിപിഐ(എം) നേതാക്കൾക്ക് മുഴുവൻ വിലക്ക്; മുഖത്ത് നോക്കി കാര്യം പറഞ്ഞതിഷ്ടപ്പെടാതെ കലിപ്പ് തീർത്ത് വെള്ളാപ്പള്ളി

പിണറായിയെ പടിക്കു പുറത്ത് നിറുത്തിയ എസ്എൻഡിപി ഇനി വിഎസിനേയും അടുപ്പിക്കില്ല; സിപിഐ(എം) നേതാക്കൾക്ക് മുഴുവൻ വിലക്ക്; മുഖത്ത് നോക്കി കാര്യം പറഞ്ഞതിഷ്ടപ്പെടാതെ കലിപ്പ് തീർത്ത് വെള്ളാപ്പള്ളി

ആലപ്പുഴ : എസ്.എൻ.ഡി.പി. യോഗത്തിന്റെ വേദികളിൽ നിന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദനെ ഒഴിവാക്കും. യോഗം നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന എല്ലാ സിപിഐ(എം). നേതാക്കന്മാർക്കും വിലക്ക് ഏർപ്പെടുത്തുന്ന കാര്യം താലൂക്ക് യൂണിയൻ ഭാരവാഹികളുടെ സമ്മേളനം വിളിച്ചുചേർത്ത് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം സിപിഐ(എം) അനുകൂല ശാഖയുടെ പരിപാടിയിൽ വി എസ് പങ്കെടുക്കുകയും വെള്ളാപ്പള്ളിയെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. ശ്രീനാരായണ ഗുരുവിനെ ഈഴവഗുരുവായി മാറ്റാനും കച്ചവടവത്കരിക്കാനുമാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നേതൃത്വവും ശ്രമിക്കുന്നതെന്ന് കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ എസ്.എൻ.ഡി.പി. ശാഖയുടെ ചതയദിന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത വി എസ്. തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസിനെ വിലക്കാനുള്ള നീക്കം ഔദ്യോഗികമായി എടുക്കാൻ വെള്ളാപ്പള്ളി നടേശൻ നീക്കം നടത്തുന്നത്.

എസ്.എൻ.ഡി.പിയുടെ വേദിയിൽ വി എസ്. ഇങ്ങനെ തുറന്നടിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അൽപം കഴിഞ്ഞ് ഇതേ വേദിയിൽ വെള്ളാപ്പള്ളി വി.എസിന്റെ പരാമർശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. നേരത്തെ പിണറായി വിജയനെ യോഗത്തിന്റെ പരിപാടികളിലേക്ക് വിളിക്കരുതെന്ന് അനൗദ്യോഗിക നിർദ്ദേശം ശാഖകൾക്ക് നൽകിയുന്നു. മറ്റു സമുദായങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ തയാറാകാതെ എസ്.എൻ.ഡി.പിയെ മാത്രം വിമർശിക്കുന്നവരെ സംഘടനയുടെ പരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കുകയാകും ഉചിതമെന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു കഴിഞ്ഞു. എസ്.എൻ.ഡി.പി. വേദികളിൽ ഇനി രാഷ്ട്രീയക്കാരെ പങ്കെടുപ്പിക്കുന്നത് ആലോചിച്ചു മാത്രമായിരിക്കുമെന്ന് ഇന്നലെ എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. യോഗത്തിന്റെ സംസ്ഥാന നേതൃത്വത്തിന് മാത്രം താൽപ്പര്യമുള്ളവരെ വിളിച്ചാൽ മതിയെന്ന തരത്തിലാകും തീരുമാനം വരിക. സിപിഐ(എം) നേതാക്കളെ ആരേയും ഇനി യോഗത്തിന്റെ പരിപാടികളിലേക്ക് ക്ഷണിക്കില്ല.

എസ് എൻ ഡി പി യോഗ വേദികളിലെ വിമർശനം സംഘടനയ്ക്ക് എതിരെ ഉയരാതിരിക്കാനാണ് നടപടി. യോഗത്തിന്റെ ചെലവിൽ ആരും ജനറൽ സെക്രട്ടറിയെ വിമർശിക്കരുത്. കഴിഞ്ഞ ദിവസം വി എസ് ചെയ്തത് അതാണ്. അതിന് അവസരമൊരുക്കിയവർ സംഘടനാ വിരുദ്ധ പ്രവർത്തനമാണ് ചെയ്ത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനാണ് രാഷ്ട്രീയ നേതാക്കളെ ആലോചിച്ച് മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന തീരുമാനം. കോൺഗ്രസിലേയും ബിജെപിയിലേയും നേതാക്കളെ ക്ഷണിക്കുന്നതിന് മുമ്പും വെള്ളാപ്പള്ളിയുമായി കൂടിയാലോചിക്കേണ്ടി വരും. ഒരു വർഷം മുമ്പ് ആലപ്പുഴ തിരുവമ്പാടിയിൽ എസ്.എൻ.ഡി.പി. ശാഖ സംഘടിപ്പിച്ച പരിപാടിയിൽ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ അച്യുതാനന്ദൻ രൂക്ഷവിമർശനം നടത്തിയിരുന്നു. എസ്.എൻ.ഡി.പി. നേതൃത്വം ആവിഷ്‌കരിച്ച് നടപ്പാക്കിയ മൈക്രോ ഫിനാൻസ് സംരംഭം വെറും ചിട്ടിക്കമ്പനിയാണെന്നായിരുന്നു വി.എസിന്റെ ആക്ഷേപം. ഇതിന് അതേവേദിയിൽ വെള്ളാപ്പള്ളി മറുപടി നൽകുകയും ചെയ്തിരുന്നു.

യോഗത്തിന്റെ വളർച്ച മുന്നിൽക്കണ്ട് രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ വി എസ്. അടക്കമുള്ള സിപിഐ(എം). നേതാക്കൾ സംഘടനയുടെ വേദികളിൽ നടത്തുന്ന വിമർശനങ്ങൾ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് യോഗം നേതൃത്വം വിലയിരുത്തുന്നു. ബിജെപിയോട് എസ്.എൻ.ഡി.പി. മൃദുസമീപനം കാട്ടിത്തുടങ്ങിയതോടെ യോഗത്തിന്റെ താഴേത്തട്ടിൽ തങ്ങളുടെ അനുഭാവികളെ ഉപയോഗിച്ച് പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങൾക്ക് സിപിഐ(എം). തുടക്കമിട്ടിട്ടുണ്ട്. ഇത്തരത്തിലാണ് കുട്ടനാട്ടിലെ പരിപാടിയിൽ വി.എസിനെ ക്ഷണിച്ചതെന്നാണു സൂചന. സമാനമായ നീക്കങ്ങൾ യോഗം പ്രവർത്തകർക്കിടയിൽ രാഷ്ട്രീയ ചേരിതിരിവിന് വഴിവയ്ക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് യോഗം നേതൃത്വം.

ഈ സാഹചര്യത്തിൽ ശാഖകൾ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ യൂണിയൻ നേതൃത്വവുമായി ആശയവിനിമയം നടത്തേണ്ടിവരും. രാഷ്ട്രീയക്കാരെ എസ്.എൻ.ഡി.പി. വേദികളിൽനിന്ന് ഒഴിവാക്കുമെന്നു പറയുമ്പോഴും നിലവിൽ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബിജെപിയിലും യു.ഡി.എഫിലും ഉൾപ്പെട്ടവർക്ക് മന്ത്രിമാരായതിനാൽ പ്രതിബന്ധങ്ങളുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP