Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് പറഞ്ഞ് പിണറായിയെ പറ്റിച്ചത് എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും; സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്തത് ഇരുവരും ചേർന്ന്; തെളിവില്ലാതെ കേസ് എടുക്കരുതെന്ന അരിജിത് പസായത്തിന്റെ നിയമോപദേശം സർക്കാറിനും തിരിച്ചടിയായി

ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് പറഞ്ഞ് പിണറായിയെ പറ്റിച്ചത് എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും; സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്തത് ഇരുവരും ചേർന്ന്; തെളിവില്ലാതെ കേസ് എടുക്കരുതെന്ന അരിജിത് പസായത്തിന്റെ നിയമോപദേശം സർക്കാറിനും തിരിച്ചടിയായി

കൊച്ചി: ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ പീഡന കേസെടുക്കാൻ രംഗത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് വിനയായത് എജിയുടെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശങ്ങൾ. ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കമ്മിഷൻ റിപ്പോർട്ടിന്മേൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്തത് ഇവരായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസ് എടുക്കണമെന്നായിരുന്നു ഇരുവരും നൽകിയ ശുപാർശ. ഒക്ടോബർ പതിനൊന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച നിയമോപദേശം ഇരുവരും നൽകിയതാകട്ടെ, ഒക്ടോബർ പത്തിനും. മതിയായ തെളിവില്ലാതെ കേസ് എടുക്കരുതെന്ന് സുപ്രീം കോടതി അഭിഭാഷകൻ അരിജിത് പസായത് നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

റിപ്പോർട്ടിൽ ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാവുന്ന എന്തെങ്കിലും വിവരങ്ങളുണ്ടോ എന്നത് അന്വേഷണ ഏജൻസിയാണു കണ്ടെത്തേണ്ടതെന്ന് ഇതിൽ പറഞ്ഞിരുന്നു. തുടർനടപടി എന്താവണമെന്നു തീരുമാനിക്കേണ്ടതും ഈ അന്വേഷണ ഏജൻസിയാണെന്നു നിയമോപദേശത്തിൽ പറയുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സർക്കാരിനു തള്ളുകയോ, കൊള്ളുകയോ ചെയ്യാം. എന്നാൽ റിപ്പോർട്ട് പൂർണമായോ, ഭാഗികമായോ സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണെങ്കിൽ റിപ്പോർട്ട് പരിശോധിക്കാൻ അന്വേഷണ ഏജൻസിയെ ഏൽപിക്കണമെന്നായിരുന്നു പസായത്തിന്റെ നിയമോപദേശം.

സോളർ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കേസും നടപടിയും പ്രഖ്യാപിച്ച സർക്കാർ ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പിന്നീട് പിന്നാക്കം പോവുകയും അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തത്. ഒക്ടോബർ 11നു വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടന്നുകൊണ്ടിരിക്കുമ്പോഴാണ്, യുഡിഎഫ് നേതാക്കൾക്കെതിരെ മാനഭംഗത്തിനു കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചില മുന്മന്ത്രിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയെല്ലാം കേസെടുക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം അനങ്ങിയിട്ടില്ല.

ഉമ്മൻ ചാണ്ടിയുടെ പങ്ക് സംശയിക്കുന്ന പെരുമ്പാവൂരിലെയും കോന്നിയിലെയും സോളർ ബന്ധമുള്ള കേസുകൾ വീണ്ടും അന്വേഷിക്കണം. ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും കേസ് വേണം. അഴിമതി കുറ്റം ചുമത്തി ആര്യാടൻ മുഹമ്മദിന് എതിരെയും കേസെടുക്കണം. സോളാർ കേസുകളുടെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പ്രത്യേക പൊലീസ് സംഘത്തിലെ എല്ലാവർക്കും എതിരെ വകുപ്പുതല നടപടി വേണം. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് എഡിജിപി പത്മകുമാർ, ഡിവൈഎസ്‌പി ഹരികൃഷ്ണൻ എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ, ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫിൽ പെട്ടവർ മുതൽ അദ്ദേഹവുമായി അടുപ്പമുള്ള പൊലീസ് സംഘടന ഭരവാഹിക്കെതിരെ വരെ പുതിയ കേസുകൾ എടുത്ത് അന്വേഷിക്കണമെന്നായിരുന്നു എജിയും ഡിജിപിയും ഉപദേശിച്ചത്.

10ന് ഈ നിയമോപദേശങ്ങൾ കയ്യിൽ കിട്ടി. 11ന് രാവിലെ വേങ്ങര തിരഞ്ഞെടുപ്പ് ദിവസം വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഇവ പ്രഖ്യാപിച്ചത്. അതേസമയം ഈ രണ്ട് നിയമോപദേശങ്ങൾ തമ്മിലെ അസാമാന്യമായ സാദൃശ്യം അമ്പരപ്പിക്കുന്നതാണ്. ഭാഷയിലും വാചക ഘടനയിലും മാത്രമാണ് വ്യത്യാസമുള്ളത്. ശുപാർശകളെല്ലാം ഒന്നുതന്നെ. ഒരെണ്ണം കൊണ്ടുപോലും ഏറ്റക്കുറച്ചിൽ ഇല്ല. അക്കമിട്ട് പറയുമ്പോൾ ക്രമനമ്പറും പാരഗ്രാഫും പോലും മാറിയില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെയാകാം രണ്ടാമതൊന്ന് ആലോചിക്കാതെ ഇവയത്രയും നടപ്പാക്കാൻ മുഖ്യമന്ത്രി തിടുക്കം കാട്ടിയത്. എന്നാൽ നിയമപരമായി ഇവക്ക് ഒന്നിനും നിലനിൽപ് ഇല്ലെന്ന് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധ്യപ്പെട്ടു.

ഇതോടെയാണ് സുപ്രീം കോടതിയിലെ മുൻ ജഡ്ജി അരിജിത് പസായതിനോട് നിയമോപദേശം തേടിയത്. അത് ലഭിച്ചതോടെ പ്രഖ്യാപിച്ചതിൽ നിന്നെല്ലാം സർക്കാരിന് പിന്നോട്ട് പോകേണ്ട സ്ഥിതിയുമായി. സോളാർ കമ്മീഷൻ ശുപാർശകൾ കണ്ണുംപൂട്ടി നടപ്പാക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകുന്ന ആ നിയമോപദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP