Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ കേസിൽ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സുധീരൻ; സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം ധീരമായ നിലപാടു സ്വീകരിക്കണമെന്ന് സോളാർ കമ്മീഷൻ

സോളാർ കേസിൽ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സുധീരൻ; സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം ധീരമായ നിലപാടു സ്വീകരിക്കണമെന്ന് സോളാർ കമ്മീഷൻ

കൊച്ചി: തന്നെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരന് സോളാർ കമ്മീഷൻ ചെയർമാന്റെ രൂക്ഷ വിമർശനം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവായ സുധീരൻ പ്രധാനപ്പെട്ട കേസിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് ജി ശിവരാജൻ പറഞ്ഞു.

സാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന സുധീരന്റെ ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. ഭരണകക്ഷിയിലെ മുതിർന്ന നേതാവെന്ന നിലയിൽ സുധീരന് നിലപാട് അറിയിക്കാൻ ഉത്തരവാദിത്വമുണ്ട്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന് പറയുന്ന നേതാവാണ് സുധീരൻ. അദ്ദേഹത്തിൽ നിന്ന് ഇത്തരം നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.

സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധീരൻ അന്വേഷണ കമ്മിഷന് മുമ്പാകെ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
കേസിൽ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കമ്മീഷൻ സുധീരന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ കമ്മിഷന് മുമ്പാകെ തനിക്ക് കൂടുതലൊന്നും വെളിപ്പെടുത്താനില്ലെന്ന് അറിയിച്ച സുധീരൻ നേരിട്ട് ഹാജരാകാതെ സത്യവാങ്മൂലം നൽകുകയായിരുന്നു.

സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് കമ്മീഷനാണെന്ന് ജസ്റ്റിസ് ശിവരാജൻ പറഞ്ഞു. അടുത്ത മാസം നാലിന് കൂടുതൽ വിശദീകരണം നൽകാൻ സുധീരന്റെ അഭിഭാഷകനോട് കമ്മീഷൻ ആവശ്യപ്പെട്ടു.

ഭരണകക്ഷിയുടെ പ്രധാന പദവി വഹിക്കുന്ന നേതാവ് എന്ന നിലയിൽ സോളർ തട്ടിപ്പ് വിഷയത്തിൽ സുധീരന് തീർച്ചയായും അഭിപ്രായമുണ്ടാകണം. അതു ധൈര്യപൂർവം കമ്മിഷനു മുൻപിൽ പറയുകയാണു വേണ്ടത്. ഒന്നും പറയാനില്ലെങ്കിൽ നേരിട്ട് ഹാജരായോ, അഭിഭാഷകൻ വഴി അക്കാര്യം അറിയിക്കുകയോ ആണ് വേണ്ടത്. അല്ലാതെ, സാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നു പറഞ്ഞ് അപേക്ഷ നൽകുന്നത് ശരിയായ രീതിയല്ല. ഒഴിവാക്കണമോ, വേണ്ടയോ എന്നത് സാക്ഷിപ്പട്ടിക തയാറാക്കിയ കമ്മിഷന്റെ തീരുമാനമാണ്- കമ്മീഷൻ പറഞ്ഞു.

സോളാർ കേസിൽ തെളിവുകൾ കൈമാറാൻ പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, പിണറായി വിജയൻ, പി സി ജോർജ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കൊപ്പമാണ് സുധീരനെയും കമ്മീഷൻ സാക്ഷിപ്പട്ടികയിൽ ചേർത്തത്. പന്ന്യനും പി സി ജോർജും ഇതിനകം തന്നെ കമ്മീഷന് മുന്നിൽ ഹാജരായി മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP