Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാറിൽ സാക്ഷി വിസ്താരം ജനുവരി 15മുതൽ; 22ന് എംഎൽഎമാരുടെ മൊഴിയെടുക്കും; മുഖ്യമന്ത്രിയെ വിസ്തരിക്കുക അവസാന ഘട്ടത്തിൽ മാത്രം; സാക്ഷി വിസ്താരതീയതികളിൽ കമ്മീഷൻ ധാരണയാക്കി

സോളാറിൽ സാക്ഷി വിസ്താരം ജനുവരി 15മുതൽ; 22ന് എംഎൽഎമാരുടെ മൊഴിയെടുക്കും; മുഖ്യമന്ത്രിയെ വിസ്തരിക്കുക അവസാന ഘട്ടത്തിൽ മാത്രം; സാക്ഷി വിസ്താരതീയതികളിൽ കമ്മീഷൻ ധാരണയാക്കി

കൊച്ചി: സോളാർ കേസിൽ സാക്ഷി വിസ്താരം ജനുവരി 15ന് തുടങ്ങും. സോളാർക്കേസിൽ ആരോപണം ഉന്നയിച്ച 15 എംഎൽഎമാരേയും വിസ്തരിക്കും. ജനവരി 22നാകും എംഎൽഎമാരെ വിസ്തരിക്കുക. നിയമസഭയ്ക്ക് അകത്തും പുറത്തും ആക്ഷേപങ്ങളുന്നയിച്ചവരിൽ നിന്നാകും മൊഴി രേഖപ്പെടുത്തുക. പത്രവാർത്തകളുടെ വിശദാംശങ്ങളും തിരക്കും.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും കേസന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് ജി ശിവരാജൻ വിസ്തരിക്കും. സാക്ഷിപ്പട്ടികയിലെ ഒന്നാംപേരുകാരനാണ് ഉമ്മൻ ചാണ്ടി. 9 ഘട്ടമായാകും സാക്ഷി വിസ്താരം നടക്കുക. ജനുവരി 15ന് പരാതി നൽകിയ എട്ട് പേരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. അവസാനഘട്ടത്തിലാണ് മുഖ്യമന്ത്രിയിൽ നിന്ന് മൊഴിയെടുക്കകുക.

സോളാർ തട്ടിപ്പിന് ഒത്താശചെയ്ത മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ്, സരിതയുടെ മൊബൈൽ ഫോൺ ലിസ്റ്റിലുൾപ്പെട്ട രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും, സരിതയുടെ മൊഴി അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജഡ്ജി, കേസ് ഒത്തുതീർക്കാൻ സരിതക്ക് പണംനൽകി എന്ന ആരോപണം നേരിടുന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ വിസ്തരിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. 127 പേരുടെ സാക്ഷിപ്പട്ടികയാണ് കമ്മീഷൻ തയ്യാറാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, കെ.സി. ജോസഫ്, അടൂർ പ്രകാശ്, കെ.ബാബു, എ.പി. അനിൽകുമാർ, പി.ജെ. ജോസഫ്, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, ചീഫ് വിപ്പ് പി.സി. ജോർജ്, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

എംഎൽഎമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എ. പി. അബ്ദുള്ളക്കുട്ടി, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ.ബി. ഗണേശ്‌കുമാർ, ആർ. ശെൽവരാജ്, യൂത്ത് കോൺഗ്രസ് നേതാവ് ടി. സിദ്ധിഖ്, മുൻ. മന്ത്രി ആർ ബാലകൃഷ്ണപിള്ള, കേസിൽ സരിതയുടെ മൊഴി അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ.വി. രാജു, ഹൈക്കോടതിയിലെ വിജിലൻസ് രജിസ്ട്രാർ, സരിതയുടെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണൻ, അട്ടക്കുളങ്ങര സബ്ജയിലിലെയും പത്തനംതിട്ട സബ് ജയിലിലെയും സൂപ്രണ്ടുമാർ, സോളാർ കേസന്വേഷണത്തിന്റെ ചുമതലക്കാരായിരുന്ന എഡിജിപിമാരായ കെ. പത്മകുമാർ, എ. ഹേമചന്ദ്രൻ, ടി.പി. സെൻകുമാർ, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി ഹരികൃഷ്ണൻ, അന്വേഷണ സംഘാംഗങ്ങൾ എന്നിവരെയും വിസ്തരിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിൽ ഉൾപ്പെട്ട ടെന്നി ജോപ്പൻ, ജിക്കുമോൻ, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിനോക്കിയിരുന്ന ഷീജാ ദാസ്, നസീമ ബീഗം തുടങ്ങിയവർക്ക് പുറമേ സിനിമാസീരിയൽ നടി ശാലു എസ്. മേനോൻ, കലാദേവി എന്ന കലാ വേണുഗോപാൽ, പി.ഇന്ദിര, ടീം സോളാറിലെ ഒമ്പത് ജീവനക്കാർ എന്നിവരും വിസ്തരിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ആരോപണങ്ങളുന്നയിച്ച പി.സി. ജോർജ്, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാന്ദൻ, ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ, തോമസ് ഐസക്ക്, പിണറായി വിജയൻ, പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, വി എസ്. സുനിൽകുമാർ, ദൃശ്യ, പത്ര മാദ്ധ്യമങ്ങളുടെ എഡിറ്റർമാർ, മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച എം.കെ. കുരുവിള, രണ്ട് മൊബൈൽ കമ്പനികളുടെ പ്രതിനിധികൾ എന്നിവരെയും കമ്മീഷൻ വിസ്തരിക്കും. പരാതിക്കാരും കമ്മീഷൻ അഭിഭാഷകനും നൽകിയ പട്ടികയിൽ നിന്നാണ് 127 സാക്ഷികളുടെ ലിസ്റ്റ് കമ്മീഷൻ തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP