Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടിക്കുന്നിൽ സുരേഷും കൂട്ടരും വീട്ടിലെത്തി മർദിച്ചതിനെ തുടർന്ന് പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചു; നിഖിൽ ദേവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; എംപിയുടെ ഗുണ്ടായിസത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്നു സിപിഎം

കൊടിക്കുന്നിൽ സുരേഷും കൂട്ടരും വീട്ടിലെത്തി മർദിച്ചതിനെ തുടർന്ന് പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചു; നിഖിൽ ദേവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; എംപിയുടെ ഗുണ്ടായിസത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്നു സിപിഎം

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ തലസ്ഥാനത്ത് വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചു. മ്യൂസിയം കനകനഗർ സ്വദേശി അശോകന്റെ മകൻ നിഖിൽ ദേവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടിക്കുന്നിലിന്റെ ബന്ധു, അശോകന്റെ മകൾ നിജിലയെ കഴിഞ്ഞദിവസം മർദിച്ചിരുന്നു. ഇതുസംബന്ധിച്ച തർക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ കൊടിക്കുന്നിൽ സുരേഷ് ഒരു സംഘമാളുകളുമായി എത്തി അശോകനെ ക്രൂരമായി മർദിക്കുകയായിരുന്നു.

തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അശോകനെയും ഭാര്യ ഗീതയെയും മർദ്ദിച്ചുവെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചകീറിയതായും പരാതിയിലുണ്ട്.

സംഘർഷത്തിൽ കൊടിക്കുന്നിൽ സുരേഷിന്റെ മുഖത്തും പരിക്കേറ്റു. എംപിയെ മർദ്ദിച്ചെന്ന കേസിൽ അശോകനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു. കൊടിക്കുന്നിൽ സുരേഷിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്നും അശോകന്റെ കുടുംബം പറഞ്ഞിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എംപിയും ഏതാനും പേരുമായി തങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തി ദേഹോപദ്രവം ഏൽപ്പിക്കുകയാണ് ഉണ്ടായതെന്ന് കൊടിക്കുന്നിലിനെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ കൊച്ചാലയം അശോകന്റെ ഭാര്യ ഗീതയും മക്കളും കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

നന്തൻകോട് കനകനഗറിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സഹോദരി പുത്രി ഷീജയുടെ ഭർത്താവിന്റെ അമ്മയുടെ വീട്ടിലാണ് തങ്ങൾ താമസിക്കുന്നത്. അവിടെ എത്തി നിരന്തരമായി ശല്യപ്പെടുത്തുന്നത് ഷീജയാണ്. ഇതു സംബന്ധിച്ച് പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലും കൊടിക്കുന്നിലിനും നൽകിയിട്ടുണ്ട്. ഒത്തുതീർപ്പിനായിട്ടല്ല കൊടിക്കുന്നിലും ആളുകളും എത്തിയത്. വന്ന പാടെ തല്ലുകയായിരുന്നു. ഇത് കണ്ടവരുണ്ട്. അവരെല്ലാം പൊലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിഖിൽ ആത്മഹത്യക്കു ശ്രമിച്ചത്.

അതിനിടെ, നിർധനകുടുംബത്തെ വീടുകയറി ആക്രമിച്ച കോൺഗ്രസ് എംപിയായ കൊടിക്കുന്നിൽ സുരേഷിന്റെ നടപടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഭിപ്രായം പറയണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. അധികാരത്തിന്റെ ഗർവിൽ ഗുണ്ടകളെയുംകൂട്ടി കനകനഗറിലെ തന്റെ ബന്ധുവിന് വിദ്വേഷമുള്ള വീട്ടിൽ കയറി നിഷ്ഠുര ആക്രമണം നടത്തിയ എംപിയുടെ നടപടി അപലപനീയവും നിയമലംഘനവുമാണ്. പൊലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കെയാണ് തർക്കം പരിഹരിക്കാനെന്നപേരിൽ എംപിയുടെ ആക്രമണം. യുഡിഎഫ് സർക്കാരിന്റെ തണലിലാണ് ഈ കാടത്തം. എംപിയെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കുന്നതിനുപകരം ആക്രമണത്തിനു വിധേയരായ പാവങ്ങളെ അറസ്റ്റുചെയ്യാനും കള്ളക്കേസ് ചുമത്താനും ഭീകരമർദനം നടത്താനും പൊലീസ് തയ്യാറായത് സംസ്ഥാനത്തെ നീതിനിർവഹണത്തിന്റെ അവസ്ഥ വിളിച്ചറിയിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP