Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ബോംബ് ശേഖരം കണ്ടെത്തി; ബോംബ് കാണപ്പെട്ടത്‌ ചാക്കിൽകെട്ടിയ ഉപേക്ഷിച്ച നിലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫീസിന് സമീപത്തു നിന്നും; ശ്രീപാദ കുളത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള ഒരു കവാടവും കണ്ടെത്തി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ബോംബ് ശേഖരം കണ്ടെത്തി; ബോംബ് കാണപ്പെട്ടത്‌ ചാക്കിൽകെട്ടിയ ഉപേക്ഷിച്ച നിലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫീസിന് സമീപത്തു നിന്നും; ശ്രീപാദ കുളത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള ഒരു കവാടവും കണ്ടെത്തി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീപാദക്കുളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബ് കണ്ടെത്തിയത്. അഞ്ച് പൈപ്പ് ബോംബുകളാണ് കണ്ടെത്തിയത്. ബോബുകൾ പഴക്കമുള്ളതാണ്. ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന്റെ ഓഫീസിന് സമീപത്തു നിന്നാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്.

വടക്കേ നടയിൽ സ്ഥിതി ചെയ്യുന്ന ശ്രീപാദക്കുളം കുളം വൃത്തിയാക്കുന്നതിനിടെ ഉച്ചയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കുളം വൃത്തിയാക്കിയ അന്യസംസ്ഥാന തൊഴിലാളികളാണ് ചാക്കിൽ കെട്ടിയ നിലയിൽ ബോംബ് ആദ്യം കണ്ടത്. ഇവർ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബോംബുകൾ തുരുമ്പെടുത്തു തുടങ്ങിയ നിലയിലാണ് കാണപ്പെട്ടത്. കുളത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള ഒരു കവാടവും കണ്ടെത്തിയിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കുളം വൃത്തിയാക്കി വന്നത്.

ക്ഷേത്രത്തിന് സമീപത്തു നിന്നും ബോംബ് ശേഖരം കണ്ടെത്തിയത് വൻസുരക്ഷാവീഴ്‌ച്ചയായാണ് വിലയിരുത്തുന്നത്. അതേസമയം കർശന നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയ ശേഷം ആരെങ്കിലും കൊണ്ടിട്ടതാണോ ഈ ബോംബുകൾ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് വിശദമായി തന്നെ അന്വേഷണം നടത്തേണ്ടി വരും. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. തിരുവല്ലത്തുകൊണ്ടു പോയാണ് ബോംബുകൾ നിർവീര്യമാക്കിയത്. സ്‌ഫോടന ശേഷിയുള്ള ബോംബുകളായിരുന്നു ലഭിച്ചത്. ബോംബിലെ രാസവസ്തുക്കൾ ഫൊറൻസിക് ലാബിന് പരിശോധനയ്ക്കായി കൈമാറും. രണ്ടുവർഷത്തിലധികം പഴക്കമുള്ളവയാണ് ഇതെന്നു കമ്മീഷണർ എച്ച്. വെങ്കടേഷ് അറിയിച്ചു. ഇതിൽ ഒരു ബോംബ് പൊട്ടിയ അവസ്ഥയിലുമാണ്.

കണ്ടെത്തിയ ബോംബുകൾ വളരെ പഴക്കമുള്ളവയാണെന്നും, ക്ഷേത്രക്കുളം വൃത്തിയാക്കുന്നത് ആർക്കിയോളജിക്കൽ സർവേയുടെ പ്രത്യേക മേൽനോട്ടത്തിലാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റർ സതീഷ് പറഞ്ഞു. പത്മതീർത്ഥ കുളത്തിൽ നിന്നല്ല ബോംബ് കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ശ്രീപാദ കുളത്തിൽ നിന്നാണ്. ക്ഷേത്രത്തിന് അടുത്തുള്ള ഈ കുളം നവീകരിക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കോടാനുകോടികളുടെ സ്വർണ്ണശേഖരമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചുമതല സംസ്ഥാന പൊലീസിന്റെ കമാൻഡോ വിങ്ങിനാണ്. കൂടാതെ തണ്ടർബോൾട്ട് സംഘവും പ്രത്യേക ബോംബ് സ്‌ക്വാർഡും പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രത്തിന് സമീപം ചില രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളുടെയും സംഘടനകളുടെയും ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ ബോംബ് ഇവിടെ എത്തി എന്നതിനെ കുറിച്ചുള്ള അന്വേഷണം ഇവരെ ചുറ്റിപ്പറ്റിയാകും.

നേരത്തെ ക്ഷേത്രസമീപത്തെ കൊട്ടാരങ്ങൾ പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. കൊട്ടാരത്തിൽനിന്നു ഭൂഗർഭപാതകളുണ്ടാകാമെന്നായിരുന്നു സംഘത്തിലുള്ള ചരിത്രകാരൻ പ്രഫ. ശശിഭൂഷന്റെ അനുമാനം. ഒരു കൊട്ടാരത്തിൽ ഭൂഗർഭ അറ കണ്ടെത്തിയെങ്കിലും ഗ്രിൽ ഉപയോഗിച്ച് അടച്ചിരുന്നു. ഇതനുസരിച്ചുള്ള പരിശോധനകളാണ് ആർക്കിയോളജിക്കൽ സർവേ നടത്തുന്നത്. ശ്രീപാദ കുളത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള കവാടവും കണ്ടെത്തിയതോടെ കൂടുതൽ സൂക്ഷ്മമായ പരിശോധന ഇവിടെ വേണ്ടിവരും.

ക്ഷേത്രത്തിലെ വിദഗ്ധസമിതി ഓഫീസിൽ ശിവസേന ഉപയോഗിക്കുന്ന ഭാഗം ഒഴിപ്പിക്കണമെന്ന് നേരത്തെ അമിക്കസ് ക്യൂറി നിർദ്ദേശിച്ചിരുന്നു. ശിവസേനക്കാരുടെ സാമീപ്യം ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നുവെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഉത്രാടം തിരുനാളായിരുന്നു ശിവസേനക്കാർക്ക് ക്ഷേത്രത്തിന് സമീപം സ്ഥലം അനുവദിച്ചത്. നേരത്തെ ക്ഷേത്രത്തിൽ നിന്നും വൻതോതിൽ സ്വർണം കടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ സ്വർണ ഉരുപ്പടികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന് പലരുടെ ഭാഗത്തു നിന്നും ഒത്താശ ഉണ്ടായെന്നുമായിരുന്നു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP