Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി പറഞ്ഞാൽ പിന്നെ കാത്തു നിൽക്കാൻ ഉദ്യോഗസ്ഥർക്കും പേടി; ജോലി വാഗ്ദാനം നൽകി രണ്ടാഴ്‌ച്ച തികയും മുമ്പ് ജോലിയിൽ പ്രവേശിച്ചു പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ; ലിനിയുടെ ഭർത്താവിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തന്നെ രംഗത്ത്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാകുന്ന കാലം ഇനി നടക്കില്ല

പിണറായി പറഞ്ഞാൽ പിന്നെ കാത്തു നിൽക്കാൻ ഉദ്യോഗസ്ഥർക്കും പേടി; ജോലി വാഗ്ദാനം നൽകി രണ്ടാഴ്‌ച്ച തികയും മുമ്പ് ജോലിയിൽ പ്രവേശിച്ചു പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ; ലിനിയുടെ ഭർത്താവിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തന്നെ രംഗത്ത്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാകുന്ന കാലം ഇനി നടക്കില്ല

വരാപ്പുഴ: അതിവേഗം ബഹുദൂരം എന്നത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ മുദ്രാവാക്യമായിരുന്നു. എന്നാൽ, സേവന രംഗത്ത് ഈ വാക്കു ശരിവെക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് പിണറായി സർക്കാറാണ്. കാരണം മുഖ്യമന്ത്രി ഒരു തീരുമാനം എടുത്താൽ അത് വേഗം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. ഈ നടപടിയെ നാട്ടുകാരും കൈയടികളോടെയാണ് സ്വീകരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഇന്നലെ ജോലിയിൽ പ്രവേശിച്ചത് സർക്കാറിന്റെ വേഗതയ്ക്കുള്ള തെളിവായി മാറി. പറവൂർ താലൂക്ക് ഓഫീസിൽ വില്ലേജ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. നിപ ബാധയാൽ മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥരും രംഗത്തെത്തുമെന്നാണ് അറിയുന്നത്. ഇന്നലെയാണ് സർക്കാർ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മുമ്പേ തന്നെ ഭർത്തൃസഹോദരൻ രഞ്ജിത്തിനും അനുജൻ അഭിനവിനുമൊപ്പമാണ് അഖിലയെത്തിയത്. തുടർന്ന് ജോലിയിൽ പ്രവേശിക്കുന്നതിനായുള്ള രേഖകൾ പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ ഒരുക്കിയിട്ടുള്ള ഇരിപ്പിടത്തിലേക്ക് അഖിലയെ ജീവനക്കാർ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫിന്റെ മുമ്പാകെയെത്തി ഹാജർ പുസ്തകത്തിൽ ഒപ്പുവച്ചു. സർട്ടിഫിക്കറ്റ് വിഭാഗത്തിലാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. കാര്യങ്ങൾ പഠിക്കുന്ന മുറയ്ക്ക് മറ്റ് ജോലികൾ ഏൽപ്പിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.

ശ്രീജിത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയായിരിക്കും തന്റെ ഇനിയുള്ള ജീവിതമെന്ന് അഖില പറഞ്ഞു. സ്വന്തമായിട്ടൊരു വീട് വയ്ക്കണമെന്ന ആഗ്രഹം ശ്രീജിത്ത് എപ്പോഴും പറയുമായിരുന്നു. തന്നാലാകുംവിധം അത് സാധ്യമാക്കും. ശ്രീജിത്തിന്റെ മരണത്തോടെ ജീവിതം താറുമാറായി. ഒന്നും ശ്രീജിത്തിന് പകരമാകില്ലെങ്കിലും സർക്കാർ ജോലി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും സുരക്ഷിതത്വം തോന്നുന്നതായും അഖില പറഞ്ഞു.

അതേസമയം ഇന്ന് ത്രിപുര മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. ഇക്കാര്യം മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇന്നലെ തന്നെ സർക്കാർ അഖിലയ്ക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരം തന്നത്. രണ്ടാം തീയതിയാണ് അഖിലയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്റെ കുടുംബത്തിന് കൈമാറി.

എറണാകുളം ജില്ലയിൽ റവന്യൂ വകുപ്പിൽ ഒഴിവുള്ളതായി കളക്ടർ സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതെ തുടർന്നാണ് വീടിനടുത്തുള്ള വടക്കൻ പറവൂർ താലൂക്കോഫീസിൽ ക്ലാസ് 3 തസ്തികയിൽ നിയമനം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. നിരപരാധിയായ ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ഈ ജോലിയെന്നും മകളുടെ ഭാവി ഭദ്രമാക്കാനാണ് ഇനിയുള്ള ജീവിതമെന്നും അഖില പ്രതികരിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിലെത്തിക്കും വരെ പോരാട്ടം തുടരും. സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്നും അഖില പറയുന്നു.

വരാപ്പുഴ ദേവസ്വംപാടത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വീട് കയറി ആക്രമിച്ച സംഭവത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. അതേസമയം, കേസിൽ അറസ്റ്റിലായ വരാപ്പുഴ എസ്ഐ. ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഡയറിയും രഹസ്യമൊഴിയും ഹാജരാക്കാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP