Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവവിളിയുള്ള പയ്യൻ മാവോയിസ്റ്റായി! വീട്ടുകാർ ആഗ്രഹിച്ചത് സുവിശേഷക്കാരനാക്കാൻ; എത്തിയത് എസ്എഫ്‌ഐ വഴി തീവ്ര ആശയങ്ങളിലും; പിന്നെ ജോലി തേടി ഗൾഫിലേക്ക്; മാവോ നേതാവ് രൂപേഷിനൊപ്പം അറസ്റ്റിലായത് വടശേരിക്കരക്കാരൻ അനൂപ്

ദൈവവിളിയുള്ള പയ്യൻ മാവോയിസ്റ്റായി! വീട്ടുകാർ ആഗ്രഹിച്ചത് സുവിശേഷക്കാരനാക്കാൻ; എത്തിയത് എസ്എഫ്‌ഐ വഴി തീവ്ര ആശയങ്ങളിലും; പിന്നെ ജോലി തേടി ഗൾഫിലേക്ക്; മാവോ നേതാവ് രൂപേഷിനൊപ്പം അറസ്റ്റിലായത് വടശേരിക്കരക്കാരൻ അനൂപ്

റാന്നി: ദൈവവിളിയുള്ള പയ്യനെങ്ങനെ മാവോയിസ്റ്റായെന്ന് ചിന്തയിലാണ് വടശേരിക്കര കുമ്പളാംപൊയ്ക സ്വദേശികൾ. ഇടതുപക്ഷത്തോടാണ് മനസ്സെങ്കിലും നാട്ടുകാർ അനൂപിനെ അങ്ങനെയാണ് കണ്ടത്. ഈ അനൂപാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനൊപ്പം കോയമ്പത്തൂരിൽ പിടിയിലായതെന്ന് അറിഞ്ഞപ്പോൾ ഈ നാട്ടിൻപുറം ഞെട്ടി. വടശേരിക്കര കുമ്പളാംപൊയ്ക കുഴിപറമ്പിൽ ജോർജ് എന്ന അനൂപ് മാത്യു(31) 2006 മുതൽ എസ്.എഫ്.ഐ. റാന്നി ഏരിയാ പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

വച്ചൂച്ചിറ പോളിടെക്‌നിക്കിൽ പഠിച്ചിരുന്ന കാലത്ത് എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകൻ എന്ന നിലയിൽ മികവ് തെളിയിച്ചിരുന്നു. അന്ന് ഇന്റർ പോളി യൂണിയന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു. പിന്നീട് എസ്.എഫ്.ഐ. ആശയവുമായി പിരിഞ്ഞ അനൂപ് ആർ.എംപി.യുമായി അടുത്തു. പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുമായി അടുപ്പമുണ്ടാക്കി. 2011ൽ ജോലിക്കുവേണ്ടി റാസൽഖൈമയിലേക്ക് പോയെങ്കിലും മാസങ്ങൾക്കകം മടങ്ങി. ആദിവാസികൾക്കുവേണ്ടി പ്രവർത്തിക്കാൻ എന്നറിയിച്ച് ഇടക്കിടെ തിരുവനന്തപുരത്തും എറണാകുളത്തും പോയിരുന്നതായി വീട്ടുകാർ പറയുന്നു. 2012ൽ കോഴിക്കോട്ടേക്ക് എന്നു പറഞ്ഞ് വീട്ടിൽനിന്ന് പോയതിനുശേഷം മടങ്ങിവന്നില്ല.

അനൂപിന് മാവോ ബന്ധമുള്ള വിവരം വീട്ടുകാർക്ക് അറിയില്ല. സുവിശേഷ പ്രവർത്തകനാക്കണം എന്നായിരുന്നു ആഗ്രഹം. എസ്എഫ്‌ഐയിലെത്തിയതോടെ തന്നെ അത് തെറ്റി. കുമ്പളാംപൊയ്ക ചെങ്ങറ മുക്കിൽ നിന്നും കരിങ്കുറ്റിക്കലേക്കുള്ള റോഡിന്റെ അരികിൽ കുഴിപ്പറമ്പിൽ പരേതനായ സർവേയർ ഐപ്പ് ജോർജിന്റേയും കുമ്പളാംപൊയ്ക സി.എം.എസ്.എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക ഏലിയാമ്മയുടെയും മൂന്നു മക്കളിൽ ഇളയവനാണ് അനൂപ്. പഠനത്തിൽ സമർത്ഥൻ. വിദ്യാർത്ഥിയായിരിക്കുമ്പോഴേ ഉറച്ച ദൈവ വിശ്വാസി, സൺഡേ സ്‌കൂൾ അദ്ധ്യാപകൻ. കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്‌കൂളിലായിരുന്നു പഠനം. 1999 ൽ എസ്.എസ്.എൽ.സിക്ക് സ്‌കൂളിൽ ഒന്നാമൻ.

സ്‌കൂൾ പഠന കാലത്തും വച്ചൂച്ചിറ പോളി ടെക്‌നിക്കിൽ ബയോ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോഴും എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നപ്പോഴും മാർത്തോമ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സജീവമായിരുന്നു. വച്ചൂച്ചിറ പോളിയിൽ പഠിക്കുമ്പോഴാണ് അനൂപ് രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നത്. പോളി യൂണിയനിൽ എസ്.എഫ്.ഐ കൗൺസിലറും സംസ്ഥാന പോളി യൂണിയൻ ജന.സെക്രട്ടറിയുമായി. എസ്.എഫ്.ഐയിലൂടെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായുമായി അനൂപ്. രണ്ടുവർഷത്തെ വിസ കിട്ടിയതിനെ തുടർന്ന് 2011ൽ ഗൾഫിലേക്ക് പോയ അനൂപ് 2012 ഫെബ്രുവരിയിൽ തിരികെ കോഴിക്കോട് എത്തി. മൂന്നുമാസം കഴിഞ്ഞാണ് വീട്ടുകാർ ഈ വിവരം അറിയുന്നത്. ആദിവാസികൾക്കിടയിൽ സന്നദ്ധ പ്രവർത്തനം നടത്തുകയാണെന്നാണ് അനൂപ് വീട്ടുകാരോട് പറഞ്ഞത്. അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചുവെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി.

തീവ്രആശയങ്ങൾ പ്രചരിപ്പിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് പോളി പഠന കാലം മുതൽ അനൂപിന് താൽപ്പര്യമായിരുന്നുയ. പോളിയിൽ നിരന്തരം ഉണ്ടായിരുന്ന എ.ബി.വി.പി-എസ്.എഫ്.ഐ സംഘർഷത്തിൽ എന്തിനും തയാറായി നിന്നത് അനൂപായിരുന്നു. വച്ചൂച്ചിറ പൊലീസ് പോളി സംഘർഷത്തെ തുടർന്ന് അന്ന് എടുത്ത കേസുകളിൽ ഭൂരിഭാഗത്തിലും അനൂപ് ഉൾപ്പെട്ടിരുന്നു. 2012ൽ പോളി കേസുമായി ബന്ധപ്പെട്ട് അനൂപിനെ അന്വേഷിച്ച് വച്ചൂച്ചിറ പൊലീസ് കുമ്പളാംപൊയ്കയിലെ വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

അനൂപിന്റെ മൂത്ത സഹോദരൻ പത്തനംതിട്ട കലക്ടറേറ്റ് ജീവനക്കാരനാണ്. റാന്നി മുണ്ടപ്പുഴയിലാണ് ഇളയ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. റാന്നി ബി.ആർ.സി ജീവനക്കാരനാണ് സഹോദരീ ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP