Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏറ്റവും വലിയ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നത് മലപ്പുറത്തോ? വ്യാജ പാസ്‌പോർട്ട് എടുത്ത് ഇന്ത്യ വിട്ട് ഐസിസിൽ ചേർന്ന 107 മലയാളികൾ ഭീകരർക്കൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്; ഗൾഫിൽ കാണാതായ മലയാളികളെ കുറിച്ച് വിവരം ശേഖരിക്കാൻ അംബാസിഡർമാർക്ക് കേന്ദ്ര നിർദ്ദേശം

ഏറ്റവും വലിയ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നത് മലപ്പുറത്തോ? വ്യാജ പാസ്‌പോർട്ട് എടുത്ത് ഇന്ത്യ വിട്ട് ഐസിസിൽ ചേർന്ന 107 മലയാളികൾ ഭീകരർക്കൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്; ഗൾഫിൽ കാണാതായ മലയാളികളെ കുറിച്ച് വിവരം ശേഖരിക്കാൻ അംബാസിഡർമാർക്ക് കേന്ദ്ര നിർദ്ദേശം

തിരുവനന്തപുരം: മലപ്പുറം റീജണൽ പാസ്‌പോർട്ട് ഓഫീസ് വഴി വ്യാജ പാസ്‌പോർട്ടുകൾ സംഘടിപ്പിച്ച് ഗൾഫിലേക്ക് ചേക്കേറിയ മലയാളികളിൽ 107 പേർ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻലെവാന്റേയിൽ ചേർന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് തെളിവു ലഭിച്ചു. സിപിഐയുടെ മുഖപത്രമായ ജനയുഗമാണ് ഈ വാർത്ത പുറത്തുവിട്ടത്. ചില ദേശീയ മാദ്ധ്യമങ്ങളും ഇന്ത്യയിൽ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി ഇന്റലിജൻസ് ഏജൻസികളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും കേരളത്തിൽ നിന്ന് എണ്ണം നൂറു കടന്നതായി ദേശീയ മാദ്ധ്യമങ്ങളിൽ സൂചനകളില്ല.

കൂടുതൽ മലയാളികൾ ഐ എസിനുവേണ്ടി സിറിയയിലും ഇറാഖിലും മുന്നണിപ്പോരാളികളായി ഉണ്ടാവുമെന്ന സൂചനയുമുണ്ടെന്ന് ഇന്ത്യയുടെ സൂപ്പർ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) ന്യൂഡൽഹിയിലെ ഉന്നത വൃത്തങ്ങളിൽ നിന്ന് അറിവായി എന്നാൽ ജനയുഗം വാർത്ത. ഇതേത്തുടർന്ന് യുഎഇയിലെ മലയാളിയായ ഇന്ത്യൻ സ്ഥാനപതി ടി പി സീതാരാമനോടും സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരോടും ഈ രാജ്യങ്ങളിലെത്തിയശേഷം മുങ്ങിയ മലയാളികളെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായ അജിത് ദോവലും അടിയന്തര സന്ദേശങ്ങളിലുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈക്കൂലിക്കേസിൽ ഇക്കഴിഞ്ഞ ജൂലൈ 21ന് മലപ്പുറം റീജണൽ പാസ്‌പോർട്ട് ഓഫീസർ പി രാമകൃഷ്ണനേയും കൂട്ടാളിയായ ട്രാവൽ ഏജൻസി ഉടമ അബ്ദുൽ അമീറിനേയും സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസിലേക്ക് വൻതോതിൽ മലയാളി യുവാക്കൾ ചേക്കേറുന്നുവെന്ന ആദ്യ സൂചനകൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ രാമകൃഷ്ണൻ റീജണൽ പാസ്‌പോർട്ട് ഓഫീസറായി ചുമതലയേറ്റശേഷം അറസ്റ്റിലാകുന്നതുവരെയുള്ള ഒന്നര വർഷത്തിനുള്ളിൽ 2,54,689 പാസ്‌പോർട്ടുകൾ മലപ്പുറം ഓഫീസിൽ നിന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് സിബിഐയും എൻഐഎയും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. താണ കാറ്റഗറിയിലുള്ള ഒരു റീജണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് ഇത്രയധികം പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നത് ഒരു സർവകാല റിക്കാർഡാണെന്നും അന്വേഷണവൃത്തങ്ങൾ ചൂണ്ടിക്കാട്ടിയെന്നും ജനയുഗം പറയുന്നു.

വെറും തപാൽ സൂപ്രണ്ടായിരുന്ന രാമകൃഷ്ണനെ ഡപ്യൂട്ടേഷനിൽ മലപ്പുറം റീജണൽ പാസ്‌പോർട്ട് ഓഫീസറുടെ കണ്ണായ തസ്തികയിലേക്ക് പറിച്ചുനടാൻ ചുക്കാൻ പിടിച്ചത് കേന്ദ്ര സഹമന്ത്രിയായിരുന്ന ഇ അഹമ്മദായിരുന്നുവെന്ന ആരോപണവുമുണ്ട്. ഈ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള ജില്ലകൾക്കുപുറമേ കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രതെലങ്കാന സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും വ്യാജമേൽവിലാസങ്ങളിൽ രാമകൃഷ്ണൻ പാസ്‌പോർട്ടുകൾ അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വ്യാജ പാസ്‌പോർട്ടുകൾക്കൊപ്പം എമിഗ്രേഷൻ നടപടികൾ സുഗമമാക്കാൻ പത്താം തരം പോലും പാസാകാത്തവർ സമർപ്പിച്ച വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളിലും ഇയാൾ മേലൊപ്പു ചാർത്തിക്കൊടുത്തിരുന്നുവെന്നും കണ്ടെത്തി.

ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകരസംഘടനയാണ് മലപ്പുറം പാസ്‌പോർട്ട് ഓഫീസ് വഴി ഐസിസിലേയ്ക്ക് റിക്രൂട്ടിങ് നടത്തിയതെന്നും സൂചനകളുണ്ട്. മലയാളികളും ഇന്ത്യൻ മുജാഹിദീൻ നേതാക്കളുമായ ഷുഹൈബും അയൂബുമാണ് മലപ്പുറം റിക്രൂട്ടിങ് റാലിയുടെ സൂത്രധാരകർ. ഒളിവിൽപ്പോയ ഇവർ ഇപ്പോൾ സിറിയയിലോ ഇറാഖിലോ ഐ എസ് ഭീകരനിരയിലുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ കരുതുന്നു.

ബഡാസജ്ജിദ് എന്നും അബുതുറാബ് അൽഹിന്ദിയെന്നും മറുപേരുകളുള്ള യു പി സ്വദേശിയായ ഇന്ത്യൻ മുജാഹിദിൻ നേതാവ് മുഹമ്മദ് സജ്ജിദും മലപ്പുറം വഴി ഐ എസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റിനു നേതൃത്വം വഹിക്കാൻ ഒരു വർഷം മുമ്പ് കേരളത്തിലെത്തിയിരുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാൾ ഏതാനും മാസം മുമ്പ് ഐ എസ് ഭീകരരും സിറിയൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ഡൽഹി ബോംബുസ്‌ഫോടനങ്ങൾക്കാവശ്യമായ ടൈമറുകൾ കേരളത്തിൽവച്ചായിരുന്നു സജ്ജിദ് നിർമ്മിച്ചത്. പാലക്കാട് പുതുശേരി ലക്ഷം വീടുകോളനിയിലെ അബുതാഹിർ എന്ന 24 കാരനെ ദുബായിലെ ഒരു മലയാള പത്രം ഓഫീസിൽ ഡിടിപി ഓപ്പറേറ്ററായിരിക്കെ മലപ്പുറത്ത് നിന്നും സംഘടിപ്പിച്ച വ്യാജ പാസ്‌പോർട്ടിൽ സിറിയയിലെ ഐസിഎസ് യുദ്ധമുന്നണിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതും സജ്ജിദ് ആയിരുന്നുവത്രെ. സൗദിയിൽ ജോലി ചെയ്യുന്ന പിതാവിനെ കാണാനെന്നപേരിൽ ദുബായിൽ നിന്നു മുങ്ങിയ താഹിർ റിയാദ് വിമാനത്താവളത്തിൽ കാത്തുനിന്ന പിതാവിനെ കാണാതെ ഐസിസ് ചാവേറാകാൻ സിറിയയിലേയ്ക്ക് പോകുകയായിരുന്നുവെന്നും അന്വേഷണവൃത്തങ്ങൾ വെളിപ്പെടുത്തി.

സൗദിയിലെ മുസ്ലിം പള്ളികൾക്കും ജനവാസ കേന്ദ്രങ്ങൾക്കുമെതിരെ നടന്ന ഐ എസ് ഭീകരാക്രമണങ്ങളെയും ഷരുറാഹ് പ്രവിശ്യയിലെ സൗദി സൈനികത്താവളത്തിനുനേരെയുള്ള ആക്രമണ ഗൂഢാലോചനയേയും തുടർന്ന് സൗദി സൈന്യത്തിന്റെ പിടിയിലായവരിൽ നിന്നും ഐഎസിലെ മലയാളി സാന്നിധ്യത്തെക്കുറിച്ചു സൂചനകൾ ലഭിച്ചതായി 'റോ' വൃത്തങ്ങളിൽ നിന്ന് അറിവായി. മലപ്പുറം വഴി ഐഎസിലേയ്ക്കുള്ള മലയാളി ഭീകരപ്രവാഹത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും നൽകണമെന്ന് കേന്ദ്ര വിദേശമന്ത്രാലയം ബന്ധപ്പെട്ട വിദേശരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ജനയുഗം റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP