Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി പ്രശാന്ത് ഭൂഷൺ മുന്നോട്ട്; കേന്ദ്ര നിർദ്ദേശം അനുസരിക്കില്ലെന്ന് കേരളവും; തെരുവ് നായക്കളെ കൊന്നൊടുക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെ

കേരളത്തിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി പ്രശാന്ത് ഭൂഷൺ മുന്നോട്ട്; കേന്ദ്ര നിർദ്ദേശം അനുസരിക്കില്ലെന്ന് കേരളവും; തെരുവ് നായക്കളെ കൊന്നൊടുക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെ

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ പോലും കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ തീരുമാനം. അതിനിടെ തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിലവിലെ നിയമങ്ങൾക്കു വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നടപ്പാക്കിയാൽ താൻ ഉടനെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ മുന്നറിയിപ്പു നൽകി. അതിനുള്ള നിയമനടപടികൾ പ്രശാന്ത് ഭൂഷൺ തുടങ്ങി കഴിഞ്ഞു. ഇതോടെ തെരുവ് നായ പ്രശ്‌നത്തിന് പുതിയ തലം വരികയാണ്.

സുപ്രീം കോടതി വിധിയിൽ മനുഷ്യന്റെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരെ നടപടി ആകാമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാൽ മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.. ഇത്തരം തെരുവുനായ്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകും. വളർത്തുനായ്ക്കൾക്കു റജിസ്‌ട്രേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും ആക്രമണകാരികളായവയെ കൊന്നൊടുക്കാനുമുള്ള മന്ത്രിയുടെ ഉത്തരവ് പ്രാവർത്തികമാകാൻ സാധ്യത കുറവെന്ന് വിദഗ്ദ്ധരും വിലയിരുത്തുന്നു. 2001ലെ മൃഗങ്ങളുടെ ജനനനിയന്ത്രണ നിയമത്തിന്റെ ഒൻപതാം വകുപ്പ് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കാൻ പാടില്ലാത്ത രോഗമോ മാരകമായ മുറിവോ ഉള്ള നായകളെ അംഗീകരിക്കപ്പെട്ട ഒരു വെറ്ററിനറി സർജ്ജൻ സാക്ഷ്യപ്പെടുത്തിയതിന് ശേഷം മാത്രം ദയാവധത്തിന് വിധേയമാക്കാവുന്നതാണ്. പേ പിടിച്ച നായകൾ ആണെങ്കിൽ മൃഗഡോക്ട്ടർമാരുടെ ഒരു പാനൽ സാക്ഷ്യപ്പെടുത്തിയതിനു ശേഷം അവയെ വേദനാരഹിതമായി മരിക്കാൻ അനുവദിക്കുകയോ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറുകയോ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ക്രിമിനൽകുറ്റംവരെയാകാം. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

ഇത്തരം നായകളെ കണ്ടെത്തിയാൽ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറണം എന്നതിനപ്പുറം മറ്റൊന്നും ചെയ്യാൻ നിയമം സർക്കാരിനെ അനുവദിക്കുന്നില്ലെന്നു വ്യക്തമാണ്. കൊല്ലുന്ന രീതിയെക്കുറിച്ചും നിയമത്തിൽ പരാമർശങ്ങൾ ഉണ്ട്. പേ പിടിച്ച നായകളെ സോഡിയം പെനതോൾ കുത്തി വച്ച് വേദന കുറഞ്ഞ മരണം അനുവദിക്കുകയാണ് ചെയ്യുന്നത്. അതല്ലാത്ത അക്രമകാരികളായ നായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞ്ത്. വന്ധ്യംകരണം നിയമവിരുദ്ധമാണെന്ന 2012ലെ കോടതിവിധിയ്‌ക്കെതിരെ സർക്കാർ അപ്പീൽ പോയതും ആവശ്യമില്ലാത്ത കാര്യമാണെന്ന് നിയമവകുപ്പ് ഉപദേശം നൽകിയിരുന്നു. മാത്രമല്ല തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാനുള്ള അധികാരം കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകുന്ന മുനിസിപ്പാലിറ്റി ആക്റ്റ് നിലവിലുള്ളപ്പോൾ മറ്റൊരു ഒരു നിയമനിർമ്മാണം ആവശ്യമില്ലെന്നും അന്ന് പറഞ്ഞിരുന്നു. വന്ധ്യംകരണം നടത്തിയതിനു ശേഷം വേണ്ട വിധം നിരീക്ഷിച്ചില്ലെങ്കിൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാനും സാധ്യതയുണ്ടെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇതും വെല്ലുവിളിയാണ്.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ സംസ്ഥാനത്തെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം എടുത്തത്. കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പറയുന്നത് പോലെയല്ലെന്നും സുപ്രീം കോടതി വിധി മറിച്ചാണെന്നുമാണു സർക്കാർ നിലപാട്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. ഇതോടെയാണ് പ്രശാന്ത് ഭൂഷൺ കാര്യങ്ങൾ വിശദീകരിച്ച് കത്ത് അയച്ചത്. തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന മന്ത്രിമാരായ കെ.ടി.ജലീലിന്റെയും കെ.രാജുവിന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണു കത്ത്. നായ്ക്കളെ കൊന്നൊടുക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെയും (1960) ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ലംഘനമാണെന്ന് പ്രശാന്ത് ഭൂഷൺ വിശദീകരിക്കുന്നു.

നായ്ക്കളെ കൊന്നൊടുക്കാൻ പാടില്ലെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ വർഷം നവംബറിൽ വ്യക്തമാക്കിയതാണ്. മൃഗ ജനന നിയന്ത്രണ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും നായ്ക്കളെ കൊന്നൊടുക്കുന്നതു പ്രശ്‌നപരിഹാരമല്ലെന്നും കോടതി കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. നായ്ക്കളെ കൊന്നൊടുക്കുന്നതു ഫലപ്രദമല്ലെന്നു ലോകാരോഗ്യ സംഘടനയുടെയും മറ്റും പഠനങ്ങൾ തെളിയിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. കൊന്നൊടുക്കൽ കാലങ്ങളായി ഇന്ത്യയിൽ പ്രയോഗിക്കുന്നതാണ് . എന്നാൽ നായ്ക്കളുടെ സംഖ്യ കുറയ്ക്കാൻ അതിലൂടെ സാധിച്ചിട്ടില്ല. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു മെച്ചമില്ലെന്നു ബോധ്യപ്പെട്ട ബോംബെ മുനിസിപ്പൽ കോർപറേഷൻ 1994ൽ വന്ധ്യംകരണ പരിപാടി തുടങ്ങി.

പ്രശ്‌നത്തിനു നാലു പരിഹാരങ്ങൾ സാധ്യമാണ്: അതിൽ പ്രധാനം വന്ധ്യംകരണമാണ്. നായ്ക്കളെ ഭാഗികമായി ദത്തെടുക്കലാണ് മറ്റൊന്ന്. നായ്ക്കൾക്കു ദിവസവും ഭക്ഷണം നൽകിയാൽ അവ മനുഷ്യരെ ഭീഷണിയായി കരുതില്ല, അലഞ്ഞുതിരിയില്ല, ഭക്ഷണത്തിനായി കടിപിടികൂടില്ല. ഇതിനൊപ്പം ഓമനമൃഗങ്ങളുടെ കച്ചവടം നിരോധിക്കണം. ഓമന മൃഗങ്ങളെ വിലയ്ക്കു വാങ്ങുന്ന രീതിക്കു പകരം ജനങ്ങൾ തെരുവു നായ്ക്കളെ ദത്തെടുത്താൽ അവ തെരുവിൽ അലയുന്ന സ്ഥിതിയുണ്ടാവില്ല. മാലിന്യ നിർമ്മാർജനവും പ്രധാനമാണ്. അറവുശാലകളിൽനിന്നും മറ്റുമുള്ള മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കാൻ സംവിധാനമുണ്ടാക്കണമെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.

തിരുവനന്തപുരം പുല്ലുവിളയിൽ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നുവെന്ന വാർത്ത നൽകിയ ഏജൻസിയുടെ റിപ്പോർട്ടറോടു താൻ അന്വേഷിച്ചപ്പോൾ മരുമകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണു റിപ്പോർട്ടെന്നു വ്യക്തമായി. കൊല്ലപ്പെട്ടയാളുടെ മകനാണു സാക്ഷി. എന്നാൽ, അദ്ദേഹത്തോടു മാദ്ധ്യമപ്രതിനിധികൾ സംസാരിക്കുകയോ മെഡിക്കൽ റിപ്പോർട്ടുകളോ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് തരംതാണ മാദ്ധ്യമപ്രവർത്തനമാണ്. ദിവസവും കേരളത്തിൽനിന്നു തെരുവുനായ ആക്രമണം സംബന്ധിച്ചു വാർത്തകൾ വരുന്നു. കേരളത്തിലെ ടൂറിസം സീസണിൽ ചില തൽപരകക്ഷികൾ തെരുവുനായ്ക്കൾക്കെതിരെ വിഭ്രാന്തി സൃഷ്ടിക്കാൻ പണം നൽകി വാർത്തയുണ്ടാക്കുന്നുവെന്നു വ്യക്തമാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിക്കുന്നു.

വനം, കായൽ, നദി, വന്യജീവി തുടങ്ങിയവയുൾപ്പെടുന്ന പ്രകൃതിയെ മെച്ചപ്പെടുത്തുക, ജീവികളോട് അനുകമ്പയുണ്ടായിരിക്കുക - ഇതു ഭരണഘടയനയുടെ 51എ(ജി) വകുപ്പ് വ്യക്തമാക്കുന്ന മൗലികമായ ഉത്തരവാദിത്തമാണ്. അതാണു നടപ്പാക്കേണ്ടതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകളുടെ പകർപ്പുസഹിതമുള്ള കത്ത് ഗവർണർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാരായ കെ.ടി.ജലീൽ, കെ.രാജു എന്നിവർക്കും സംസ്ഥാനത്തെ ആറു കോർപറേഷനുകൾ, ഇന്ത്യൻ മൃഗക്ഷേമ ബോർഡ് എന്നിവയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP