Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടുവരാന്തയിൽ നായകളുടെ കടിയേറ്റ തൊണ്ണൂറുകാരനു ദാരുണാന്ത്യം; മുഖവും ശരീരഭാഗങ്ങളും നായക്കൂട്ടം കടിച്ചു കീറി; മൂക്കു കടിച്ചെടുത്തു; രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച വർക്കല സ്വദേശി നായ ആക്രമണത്തിൽ തിരുവനന്തപുരത്തെ രണ്ടാമത്തെ രക്തസാക്ഷി; കോഴിക്കോട്ടു രണ്ടു വയസുകാരിക്കും കടിയേറ്റു

വീട്ടുവരാന്തയിൽ നായകളുടെ കടിയേറ്റ തൊണ്ണൂറുകാരനു ദാരുണാന്ത്യം; മുഖവും ശരീരഭാഗങ്ങളും നായക്കൂട്ടം കടിച്ചു കീറി; മൂക്കു കടിച്ചെടുത്തു; രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച വർക്കല സ്വദേശി നായ ആക്രമണത്തിൽ തിരുവനന്തപുരത്തെ രണ്ടാമത്തെ രക്തസാക്ഷി; കോഴിക്കോട്ടു രണ്ടു വയസുകാരിക്കും കടിയേറ്റു

തിരുവനന്തപുരം: വർക്കലയിൽ തെരുവുനായയുടെ കടിയേറ്റു ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. വർക്കല മുണ്ടയിൽ അംഗൻവാടിക്കു സമീപം ചരുവിള പുത്തൻവീട്ടിൽ രാഘവനാ(90)ണു മരിച്ചത്.

വീട്ടു വരാന്തയിൽ ഉറങ്ങിക്കിടന്ന രാഘവനെ തെരുവുനായകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. മുഖവും ശരീര ഭാഗങ്ങളുമെല്ലാം കടിച്ചു കീറിയ നായക്കൂട്ടം വയോധികനെഉപേക്ഷിക്കുമ്പോൾ മൃതപ്രായനായിരുന്നു.

മുഖത്തും തലയിലും കഴുത്തിലും കൈകാലുകളിലും ആഴത്തിൽ മുറിവേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുഖത്തായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ പരിക്കേറ്റത്. ആഴത്തിലുള്ള മുറിവിൽ മുഖത്തെ എല്ലുകൾ പുറത്തേക്ക് തള്ളി. മൂക്ക് പൂർണ്ണമായും നായ്ക്കൾ കടിച്ചെടുത്തു. തടയാനുള്ള ശ്രമത്തിനിടയിൽ തുടയിലും കഴുത്തിലും കൈകൾക്കും അഴത്തിലുള്ള കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പുലർച്ചെ ആറരയോടെയാണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണമുണ്ടായത്. വഴിയിലൂടെ കൂട്ടത്തോടെ പോകുകയായിരുന്ന തെരുവുനായ്ക്കൾ പൊടുന്നനേ ആക്രമിക്കുകയായിരുന്നു. കസേരയിൽ നിന്ന് താഴെ വീണ രാഘവനെ തറയിലിട്ട് നായ്ക്കൾ കടിച്ച് കീറി. വാർദ്ധക്യത്തിന്റെ അവശതകളുണ്ടായിരുന്നതുകൊണ്ട് തറയിൽ നിന്ന് എഴുന്നേൽക്കാൻ രാഘവനായില്ല. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടംചേർന്ന് രാഘവന്റെ ശരീരമാസകലം കടിച്ചു പറിച്ചു. രാഘവന്റെ നിലവിളികേട്ട് അയൽവാസികളും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും നായ്ക്കൾ ഓടിപ്പോയി.

വർക്കല പരിസരത്തെ തെരുവുനായ് ശല്യത്തെക്കുറിച്ച് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ഇത്തരത്തിലൊരാക്രമണം. വർക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കൾ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണവും ഏറെയാണ്. ഇന്നു രാവിലെ വർക്കലയിൽ വിദേശ ടൂറിസ്റ്റിനും കടിയേറ്റിരുന്നു.

നായകളുടെ കടിയേറ്റു തിരുവനന്തപുരത്തു മരിക്കുന്ന രണ്ടാമത്തെയാളാണു രാഘവൻ. ഓഗസ്റ്റിൽ പുല്ലുവിളയിൽ 65കാരി നായയുടെ കടിയേറ്റു മരിച്ചിരുന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമൻതുറയിൽ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണു. രാത്രിയോടെ പുല്ലുവിള കടൽത്തീരത്തു വച്ചായിരുന്നു നായകളുടെ ആക്രമണം. മാരകമായി പരുക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയെയാണ് മരിച്ചത്. മാതാവിനെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച ഇവരുടെ മകൻ സെൽവരാജിനെയും നായ്ക്കൾ കൂട്ടമായി ആക്രമിച്ചിരുന്നു. അമ്പതിലധികം നായ്ക്കളാണ് അന്ന് ആക്രമണം നടത്തിയത്.

അതിനിടെ, കോഴിക്കോട്ടു രണ്ടു വയസുകാരിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു. പൂളക്കടവു സ്വദേശി റംഷാദിന്റെ മകൾ ഫാത്തിമയ്ക്കാണു കടിയേറ്റത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക പരിശോധന നടത്തി വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP