Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശസ്ത്രക്രിയക്ക് ഉപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞു വീഴുകയായിരുന്നു; തുന്നിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചത് മികച്ച സൗകര്യം ലഭ്യമാക്കാൻ; നെടുമങ്ങാട് ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന വാർത്ത തെറ്റെന്ന് വിശദീകരിച്ച് അധികൃതർ

ശസ്ത്രക്രിയക്ക് ഉപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞു വീഴുകയായിരുന്നു; തുന്നിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചത് മികച്ച സൗകര്യം ലഭ്യമാക്കാൻ; നെടുമങ്ങാട് ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന വാർത്ത തെറ്റെന്ന് വിശദീകരിച്ച് അധികൃതർ

തിരുവനന്തപുരം: നെടുമങ്ങാട് ഗവൺമെന്റ് ആശുപത്രിയിൽ ഗർഭാശയമുഴം നീക്കം ചെയ്ത ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന വാർത്ത ഇന്നലെ ചാനലുകളിലെ ബ്രേക്കിങ് ന്യൂസായിരുന്നു. എന്നാൽ, അങ്ങനെ ശസ്ത്രക്രിയയിൽ പിഴവുണ്ടായില്ലെന്നാണ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാരും ജീവനക്കാരും വിശദീകരണ കുറിപ്പും പുറത്തുവിട്ടു. ശസ്ത്രക്രിയക്കിടെ ഉപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞു വീഴുകയായിരുന്നു എന്നാണ് ഗവ. മെഡിക്കൽ ഓഫസേഴ്‌സ് അസോസിയേഷൻ. മെഡിക്കൽ അസോസിയേഷൻ വിശദീരണ കുറിപ്പിൽ വ്യക്തമാക്കിയത്. വിശദീകരണം ഇങ്ങനെ:

ഏകദേശം 1- 1.5 കിലോഗ്രാം വരെ വലിപ്പമുള്ള ഗർഭാശയമുഴയാണ് നീക്കം ചെയ്തത്. ഈ മുഴ നീക്കം ചെയ്യാനുപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഈ ക്ലിപ്പിന്റെ ഭാഗത്തിന്റെ വലിപ്പം 2-3 സെന്റീമീറ്റർ മാത്രമാണ്. ശസ്ത്രക്രിയ നടക്കുമ്പോൾ തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു.

ശസ്ത്രക്രിയ നടക്കുമ്പോൾ ഗർഭപാത്രം പിടിക്കുവാൻ സർക്കാർ ആശുപത്രിയിൽ ഈ ഉപകരണം മാത്രമാണുള്ളത്. ഒടിഞ്ഞ കഷണം നീക്കം ചെയ്ത ഗർഭപാത്രത്തിനുള്ളിൽ ആയിരിക്കുമെന്ന പ്രതീക്ഷയിൽ വയർ അടക്കാതെ നീക്കിയ ഗർഭപാത്രം ആശുപത്രി അറ്റന്റർ വശം കൊടുത്തുവിട്ട് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. തുടർന്ന് വയർ കൂടുതൽ വിശദമായി പരിശോധിക്കുവാനായി സ്‌പൈനൽ അനസ്‌തേഷ്യയെ ജനറൽ അനസ്‌തേഷ്യയാക്കി മാറ്റി ഗൈനക് ഡോക്ടറും അവിടത്തെ സർജനും കൂടി വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

ശസ്ത്രക്രിയ മുറി മുഴുവൻ അവരെല്ലാം ആ ഭാഗത്തിനായി തിരഞ്ഞു. ഈ സ്ഥിതി അനിശ്ചിതകാലം തുടരാനാകാത്തതിനാൽ വയർ തുന്നിക്കെട്ടി. രോഗി അനസ്‌തേഷ്യയിൽ നിന്നും പുറത്ത് വന്നതിനുശേഷം പുറത്തുള്ള ലാബിൽ വിട്ട് ഡിജിറ്റൽ എക്‌സ്‌റേ പരിശോധന നടത്തി. ഒടിഞ്ഞ ഭാഗം വയറ്റിനുള്ളിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. സി ആം ( C Arm) എന്ന ഓപ്പറേഷൻ തിയറ്ററിലെ തത്സമയ എക്‌സ്‌റേ ഉപകരണമില്ലാതെ ഇത് വീണ്ടും വീണ്ടും വയറ്റിനുള്ളിൽ തിരയാൻ സാദ്ധ്യമല്ലാത്തതിനാൽ അതിനായി ആംബുലൻസ് വരുത്തി നഴ്‌സിനെയും തിയേറ്റർ ടെക്‌നീഷ്യനെയും കൂട്ടി മെഡിക്കൽ കോളജിലെ ഡോക്ടർമാരെ വിളിച്ചു പറഞ്ഞതിനു ശേഷം അങ്ങോട്ടേക്കു വിട്ടു.

അവിടെ സി ആം എന്ന ഉപകരണമുള്ള ഓപ്പറേഷൻ തിയേറ്റർ രാത്രി 8.30 തിനാണ് ഫ്രീയായത്. വിശാലമായ മുറിവുണ്ടാക്കിയാണ് വയറിന്റെ ഏറ്റവും ഉള്ളിലെ മുക്കോസൽ മടക്കുകളിൽ ഒളിഞ്ഞിരുന്ന ആ ഭാഗം ഏറെ പണിപ്പെട്ട് കണ്ടെടുത്തത്.

പരിമിതമായ സാഹചര്യത്തിൽ സ്തുത്യർഹമായ സേവനം നൽകുകയും പ്രസ്തുത വിഷയത്തിൽ ഡോക്ടർമാരുടെയോ മറ്റ് ജീവനക്കാരുടെയോ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, രോഗിക്ക് വേണ്ട രീതിയിലുള്ള എല്ലാ പരിചരണങ്ങളും നൽകിയ നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നതായും കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP