Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`എന്റെ മോനെക്കൊണ്ട് ചെയ്യിച്ചതാ...കൂടെയുള്ളോർക്കുവേണ്ടിയാ ഓൻ അത് ചെയ്തത്` ; ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത ജഗദീശന്റെ മരണം ഉൾ്‌ക്കൊള്ളാതെ മാതാവ്; വയസ്സുകാലത്ത് ഒറ്റയ്ക്കായ മാതാവ് നാടിന്റെ നൊമ്പരമാകുന്നു

`എന്റെ മോനെക്കൊണ്ട് ചെയ്യിച്ചതാ...കൂടെയുള്ളോർക്കുവേണ്ടിയാ ഓൻ അത് ചെയ്തത്` ; ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത ജഗദീശന്റെ മരണം ഉൾ്‌ക്കൊള്ളാതെ മാതാവ്; വയസ്സുകാലത്ത് ഒറ്റയ്ക്കായ മാതാവ് നാടിന്റെ നൊമ്പരമാകുന്നു

കാസർകോട്: തൃക്കരിപ്പൂർ പേക്കടത്തെ ജഗദീശന്റെ ആത്മഹത്യ താങ്ങാനാകാതെ വയോധികമാതാവ് കുഞ്ഞിപ്പാറു കരയുകയാണിപ്പോഴും.

ഈ അമ്മയും സഹോദരി വാസന്തിയും ഇപ്പോൾ നാട്ടുകാരുടെ നൊമ്പരമാണ്. വയസുകാലത്ത് തുണയാകേണ്ട മകന്റെ വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത അമ്മയുടെ വാക്കുകൾ ആരോഗ്യവകുപ്പിന് മേൽ ശാപം പോലെ പതിക്കുകയാണ്.ഇന്നലെ വീട്ടിലെത്തിയ തൃക്കരിപ്പൂർ എംഎ‍ൽഎ എം. രാജഗോപാലനെ കണ്ടപ്പോഴും മകനെക്കുറിച്ച് പറഞ്ഞ് വിലപിക്കുകയായിരുന്നു അമ്മ.

ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ ഒരു ലോഡ്ജിലാണ് ആരോഗ്യവകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ജഗദീശൻ ജീവനൊടുക്കിയത്. എന്റെ മരണം കൂടെയുള്ളവർക്ക് ഗുണം ചെയ്യുമെങ്കിൽ ഞാനതാഗ്രഹിക്കുന്നു' എന്ന ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

വർഷങ്ങളായി താൽക്കാലിക ജീവനക്കാരനായിരുന്ന ജഗദീശന് പതിനൊന്നു മാസമായി ശമ്പളം കിട്ടുന്നില്ലായിരുന്നു. ആരോഗ്യ വകുപ്പിലെ അറുനൂറോളം പേർക്കാണ് ഇങ്ങനെ ശമ്പളം കുടിശികയായി കിടക്കുന്നത്. എല്ലാവരുടെയും പ്രശ്‌നമായതിനാൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ മുന്നിൽ നിന്നതായിരുന്നു ജഗദീശൻ. ജോലി സ്ഥിരമാക്കാനും ശമ്പളക്കുടിശിക കിട്ടാനുമായി മുട്ടാത്ത വാതിലുകളില്ല. അവസാനം ശമ്പളക്കുടിശികയെങ്കിലും ലഭിച്ചാൽ മതിയെന്നായിരുന്നു. എന്നാൽ അധികൃതരുടെ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിൽ ജഗദീശൻ നിരാശനായിരുന്നു.

2012ലാണ് പകർച്ചവ്യാധി രാഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ജഗദീശൻ ഉൾപ്പെടെയുള്ളവരെ ഡി. എം. ഒ താൽക്കാലികമായി നിയമിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ഡോക്ടർമാർ, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷൻ, ക്‌ളീനിങ് സ്റ്റാഫ് തുടങ്ങിയവർ ഈ പട്ടികയിൽ ഉൾപ്പെടും. തുടക്കത്തിൽ സംസ്ഥാനത്താകെ ഈ വിഭാഗത്തിൽ 1902 പേരുണ്ടായിരുന്നുവെങ്കിലും പലരും കൊഴിഞ്ഞുപോയത് മൂലം ഇവരുടെ എണ്ണം അറുനൂറിൽ താഴെയായി. 2016 സെപ്റ്റംബറിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. തുടർനിയമനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. വകുപ്പിനെ സമീപിച്ചപ്പോൾ രണ്ടു മാസത്തിനകം ശമ്പള കുടിശിക നൽകുമെന്നായിരുന്നു വാഗ്ദാനം.

അതേസമയം, ജോലി സ്ഥിരപ്പെടുത്താൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണകക്ഷി യൂണിയനിൽ പെട്ട ചിലർ ഇവരിൽ നിന്ന് വലിയതുക വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരൻ കേരള കൗമുദിയോട് പറഞ്ഞു. ചില ഉന്നതർക്ക് ഇടനിലക്കാരനായി നിന്നതുവഴിയുണ്ടായ ബാദ്ധ്യതയാണ് ജഗദീശന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് ഇപ്പോഴത്തെ ഭരണകക്ഷി യൂണിയനിൽ പെട്ടവരും ആരോപിച്ചിരുന്നു.

കുടിശികയുടെ കാര്യത്തിൽ ആരോഗ്യവകുപ്പ് വാക്കുപാലിക്കാതായപ്പോൾ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് 2016 ഡിസംബർ രണ്ടിന് അനുകൂലമായ വിധി ലഭിച്ചിട്ടും ആരോഗ്യവകുപ്പ് പ്രതികാര മനോഭാവത്തോടെ പെരുമാറുകയായിരുന്നുവെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP